10:44pm 06 November 2026
NEWS
അധികാരം നേടാൻ പ്രൊപ്പഗണ്ടായുദ്ധം; പരസ്യത്തിനായി ശതകോടികൾ ഒഴുക്കുന്നു
29/03/2026  07:52 PM IST
ചെറുകര സണ്ണീലൂക്കോസ്
അധികാരം നേടാൻ  പ്രൊപ്പഗണ്ടായുദ്ധം; പരസ്യത്തിനായി ശതകോടികൾ ഒഴുക്കുന്നു

ജോർജ്ജ് ഓർവെൽന്റെ വിഖ്യാത ആക്ഷേപ ഹാസ്യനോവലാണ് 'അനിമൽ ഫാം.'കേരളത്തിലെ സമീപകാല രാഷ്ട്രീയ അന്തരീക്ഷം ഈ നോവലിനെ ഓർമ്മിപ്പിക്കുന്നതാണ്. ആധുനികകാലത്ത് സൈനികയുദ്ധങ്ങൾക്കെന്ന പോലെ തിരഞ്ഞെടുപ്പു യുദ്ധത്തിലും ശത്രുക്കളെ ദുർബലപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ശക്തമായ ആയുധമാണ് പൊതുജന സമ്പർക്കവും പ്രചാരണവും. പൊതുജനങ്ങളുടെ മനോഭാവത്തെയും വിശ്വാസങ്ങളെയും സ്വാധീനിക്കാനും, ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ അജണ്ടയോ വിജയിപ്പിക്കാനും വേണ്ടി ആസൂത്രിതമായി തെറ്റായതോ, പക്ഷപാത പരമായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്ന രീതിയാണ് പ്രൊപ്പഗണ്ട സ്ട്രാറ്റജി.
ജനങ്ങളുടെ യുക്തിസഹമായ ചിന്താശേഷിയെ തടസ്സപ്പെടുത്തി പ്രചാരകരുടെ ആവശ്യാനുസരണം തീരുമാനങ്ങൾ എടുപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 'അനിൽഫാം' നോവലിലൂടെ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിന്റെ പ്രൊപ്പഗണ്ട ശൈലിയെയാണ് ഇവിടെ ബ്രിട്ടീഷ് പത്രപ്രവർത്തകനും സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായിരുന്ന ജോർജ്ജ് ഓർവെൽ പരിഹസിച്ചത്.

അനിൽഫാമിലെ പന്നികൾ(പ്രത്യേകിച്ച് നെപ്പോളിയനും സ്‌ക്വീലറും) മറ്റ് മൃഗങ്ങളെ നിയന്ത്രിക്കാനും ഭരണം നിലനിർത്താനും പ്രചാരണം(പ്രൊപ്പഗണ്ട) ഒരു ആയുധമായി ഉപയോഗിക്കുന്നു. പന്നികളുടെ എല്ലാ പ്രവർത്തികളെയും ന്യായീകരിക്കാൻ സ്‌ക്വീലർ എന്ന വക്താവ് നുണകൾ പ്രചരിപ്പിക്കുന്നു. 'കറുപ്പിനെ വെളുപ്പിക്കാൻ' അവന് കഴിയുമെന്ന് പുസ്തകം സൂചിപ്പിക്കുന്നു. നെപ്പോളിയനെ എല്ലാ നേട്ടങ്ങളുടെയും കാരണക്കാരനായി ചിത്രീകരിച്ച് സമാനതകളില്ലാത്ത ഒരു നേതാവ് എന്ന നിലയിൽ പ്രതിഷ്ഠിക്കുന്നു. ഫാമിലെ എല്ലാ  പരാജയങ്ങൾക്കും കാരണം ഭരണക്കാരോടുള്ള എതിർപ്പിനെ നയിച്ച 'സ്‌നോബാൾ' ആണെന്നുവരുത്തി ത്തീർക്കുന്നു. ഫാമിന്റെ ഉടമയായിരുന്ന ജോൺസ് തിരിച്ചുവന്ന് ഭരണം പിടിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാമിലെ മറ്റ് മൃഗങ്ങളെയെല്ലാം നിയന്ത്രിച്ച് പന്നികൾ സമഗ്രാധിപത്യം ഉറപ്പിക്കുന്നു.

ഇന്ന് രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കും വേണ്ടി പ്രൊഫഷണലായി പ്രചാരണം ഏറ്റെടുത്തിട്ടുള്ളവർ ഈ ഒരു പി.ആർ യുദ്ധത്തിന്റെ ചരിത്രം, ശാസ്ത്രം, മനഃശാസ്ത്രം, അത്യാധുനിക സാങ്കേതികത എല്ലാം വശമാക്കിയിട്ടുള്ളവരാണ്.
'കുതിച്ചുകേരളം' എന്ന തലക്കെട്ടിൽ 'കിഫ്ബി' സമീപകാലത്ത് മാധ്യമങ്ങളിൽ കൊടുത്ത കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളിൽ ഒരു റോബോട്ടിന്റെ (സ്വയം പ്രവർത്തിതയന്ത്രം) ആകർഷകമായ ചിത്രം കാണാൻ സാധിക്കും. യുക്തിസഹമായ മനുഷ്യപ്രക്രിയകളാണ് സമ്പന്നമായ സിസ്റ്റങ്ങളുടെ വികസനപദ്ധതിയെ സൂചിപ്പിക്കുക എന്ന ഉദ്ദേശമായിരിക്കാം കിഫ്ബിക്ക് ഇതിലൂടെ ഉള്ളത്.

എന്നാൽ ഈ റോബോട്ടിന് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്രകാൽപ്പനിക ആക്ഷൻ സിനിമയായ 'ദി ടെർമിനേറ്ററി'ലെ ടെർമിനേറ്റിന്റെ രൂപവും ഭാവവും ഉണ്ടായത് യാദൃച്ഛികമാകാൻ വഴിയില്ല. സിനിമയിൽ ടെർമിനേറ്ററുടെ റോളിതാണ്, 2029 ൽ നിർമ്മിത ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന മനുഷ്യരെ തുടച്ചുനീക്കാൻ ഒരുങ്ങുന്നു. ഈ കാലത്തിൽ നിന്നും രണ്ട് ആളുകൾ ടൈം ട്രാവലിങ് എന്ന സാങ്കേതിക വിദ്യയിലൂടെ വർഷം 1984 ലേക്ക് വരുന്നു. ഇതിലൊരാൾ കൃത്രിമബുദ്ധിശക്തിയുള്ള യന്ത്രങ്ങളുടെ പ്രതിനിധിയായ ടെർമിനേറ്റർ ആണ്. സുദീർഘമായ ബാക്കി കഥയ്ക്ക് ഇവിടെ പ്രസക്തിയില്ല.
ഇന്ത്യയിൽ രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കും വേണ്ടി പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചുതുടങ്ങുന്നത് പ്രശാന്ത് കിഷോർ ആണ്. എട്ടുവർഷക്കാലം ഐക്യരാഷ്ട്രസഭയുടെ പൊതുജനാരോഗ്യ പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ബീഹാറുകാരനായ പ്രശാന്ത് 2011 ലാണ് ഒരു രാഷ്ട്രീയതന്ത്രജ്ഞനായി നരേന്ദ്രമോദിയുടെ ടീമിൽ ചേർന്നത്. 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദിയുടെയും ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആസൂത്രണം ചെയ്ത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആയിരുന്നു.

2013 ൽ പ്രശാന്ത് റോബിൻശർമ്മയും മറ്റുള്ളവരുമായി ചേർന്ന് 2014 ലെ ലോക്‌സഭ ഇലക്ഷനിൽ പ്രചാരണ പ്രവർത്തനങ്ങൾക്കായി സിറ്റിസൺ ഫോർ അക്കൗണ്ടബിൾ ഗവേണൻസ് (സി.എ.ജി) എന്ന മീഡിയ പബ്ലിസിറ്റി കമ്പനി സ്ഥാപിച്ചു. ഇവർ മോദിക്കായി നൂതന മാർക്കറ്റിംഗ്, പരസ്യ കാമ്പെയ്ൻ ആവിഷ്‌ക്കരിച്ചു. ചായ്‌പേ ചർച്ച, 3 ഡി റാലികൾ, റൺ ഫോർ യൂണിറ്റി, മന്ഥൻ, നിരവധി സോഷ്യൽ മീഡിയ പ്രോഗ്രാമുകൾ എല്ലാം ഹിറ്റായി. പ്രശാന്ത് കിഷോറിന്റെ ടീം പിന്നീട് വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികൾക്ക് വേണ്ടി തിരെഞ്ഞടുപ്പു തന്ത്രജ്ഞരായി പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് ആധുനിക പ്രൊഫഷണൽ പി.ആർ.ഒ പ്രവർത്തനം ഫലപ്രദമായി ആവിഷ്‌ക്കരിച്ചത് 2016 ൽ എൽ.ഡി.എഫ് ആണ്. ഒരു മികച്ച ടീമിനെ ഇതിനായി ചുമതലയേൽപ്പിച്ച് അതിന്റെ മേൽനോട്ടം വഹിച്ചത് ജോൺബ്രിട്ടാസായിരുന്നു. കോവിഡ് കാലത്തും 2021 ലെ തിരഞ്ഞടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിലും മികച്ച ഒരു പ്രൊഫഷണൽ പി.ആർ ടീമിന്റെ സഹായം മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാരിനുമുണ്ടായിരുന്നു. 2016 ലും 2021 ലും പ്രൊഫഷണൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിൽ യു.ഡി.എഫ് എൽ.ഡി.എഫിനേക്കാൾ ബഹുദൂരം പിന്നിലായിരുന്നു. ഈ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ പ്രതിച്ഛായ മോശമാക്കുന്നതിലും എൽ.ഡി.എഫിന്റെയും മുന്നണിത്തലവന്റെയും ജനപ്രിയത വർദ്ധിപ്പിക്കുന്നതിൽ പാർട്ടിയുടെ സംഘടനാ മെഷിനറിയേക്കാൾ മുന്നണിക്കുവേണ്ടി പ്രവർത്തിച്ച പ്രൊഫഷണൽ പബ്ലിക് റിലേഷൻ ടീമിന്റെ പ്രവർത്തനം നിർണ്ണായക പങ്കുവഹിച്ചു.

യു.ഡി.എഫ് ധരിച്ചത് അഞ്ചുവർഷം കൂടുമ്പോൾ പതിവായി ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഭരണവിരുദ്ധ വികാരം തങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്നാണ്. കോവിഡ് കാലത്തെ ധീരമായി നേരിട്ട മുഖ്യമന്ത്രി എന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ വീരപരിവേഷം ചാർത്താൻ എൽ.ഡി.എഫ് പി.ആർ ടീമിന് സാധിച്ചപ്പോൾ യു.ഡി.എഫിനാകെയുണ്ടായിരുന്ന കനഗോലുവിന് കേരള  രാഷ്ട്രീയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു എന്നതാണ്.

എന്നാൽ 2021 നുശേഷം സ്ഥിതി വ്യത്യസ്തമായി. അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച യു.ഡി.എഫ് ഭരിക്കുന്നവർ ഏതെങ്കിലും പ്രവർത്തത്തിന്റെ പേരിൽ സ്‌കോർ ചെയ്യാതിരിക്കാനും വീഴ്ചകളെ അപ്പപ്പോൾ തുറന്നുകാണിക്കാനും നിതാന്ത ജാഗ്രത പാലിച്ചു. 
സി.പി.എം പി.ആർ പാളിയതിന്റെ ഉദാഹരണങ്ങൾ പലതുണ്ട്. 2024 ലെ ലോക്‌സഭാ ഇലക്ഷനിൽ സി.പി.എമ്മും,  എൽ.ഡി.എഫും തിരഞ്ഞെടുപ്പുപ്രചാരണ കാലത്ത് പരമാവധി ശ്രമം നടത്തിയിരുന്നു. അതിന്റെ ഫലം ഉണ്ടായതുമില്ല. സി.പി.എംന് പരമ്പരാഗതമായി ലഭിച്ചിരുന്ന ഹിന്ദുവോട്ടുകൾ പോലും സി.പി.എംൽ നിന്ന് ചോർന്നതായും പാർട്ടി നിരീക്ഷിച്ചു. ഇതേത്തുടർന്ന് മുസ്ലീം പ്രീണനം തങ്ങൾക്കില്ലെന്ന് ഭൂരിപക്ഷ വിഭാഗത്തെ ബോധ്യപ്പെടുത്തി നഷ്ടപ്പെട്ട ഹിന്ദുവോട്ടുകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ വിവാദമായി.

2024 സെപ്റ്റംബർ അവസാനം ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരഭിമുഖം അടിച്ചുവന്നു. അതിലെ വിവാദപരാമർശനം ഇങ്ങനെയായിരുന്നു: 'കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് എത്തുന്നത് . ഇത്തരക്കാർക്കെതിരായ സർക്കാർ നടപടിക്കെതിരെയുള്ള പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്.' മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതായിട്ടാണ് ഹിന്ദു, അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്.
ഇതിനെതിരെ അതിരൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രി അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നില്ലെന്നും തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന്റെ എഡിറ്റർക്ക് കത്തയച്ചു. അപ്പോൾ ഹിന്ദുപത്രം തിരുത്ത് നൽകി, അതിന് താഴെ അവരുടെ വിശദീകരണവും പ്രസിദ്ധീകരിച്ചു. അതിങ്ങനെ: 'കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു അഭിമുഖം നൽകാമെന്ന് ചൂണ്ടിക്കാട്ടി 'കൈസൺ' എന്ന പി.ആർ ഏജൻസിയാണ് ഞങ്ങളെ സമീപിച്ചത്. പിന്നാലെ സെപ്റ്റംബർ 29 ന് രാവിലെ 9 ന് കേരള ഹൗസിൽ വെച്ച് അഭിമുഖം എടുത്തു. പി.ആർ. ഏജൻസിയുടെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അഭിമുഖം 30 മിനിറ്റ് നീണ്ടു.
അഭിമുഖം കഴിഞ്ഞ് അധികമണിക്കൂറുകൾ കഴിയും മുമ്പേ പി.ആർ ഏജൻസിയുടെ ഒരു പ്രതിനിധി ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ സ്വർണ്ണക്കടത്തിനെക്കുറിച്ചും, ഹവാല ഇടപാടിനെക്കുറിച്ചുമുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. ഈ വാചകങ്ങൾ മുഖ്യമന്ത്രി അന്നുപറഞ്ഞ വാചകങ്ങളാണെന്ന തരത്തിൽ ഉൾപ്പെടുത്തിയത് വീഴ്ചയാണ്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. തെറ്റുപറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.' ഇതായിരുന്നു ഹിന്ദുപത്രത്തിന്റെ വിശദീകരണം.

കയർഫെഡ് ചെയർമാനും മുൻ എം.എൽ.എയുമായ സി.പി.എം നേതാവ് ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ് ദി ഹിന്ദുപത്രത്തിൽ അഭിമുഖം കൊടുക്കുന്നതിന് തന്നെ സമീപിച്ചതെന്ന് മുഖ്യമന്ത്രി പിന്നീട് തുറന്നുപറഞ്ഞിരുന്നു. ആ സമയത്ത് റിലയൻസിൽ വർക്ക് ചെയ്തിരുന്ന ടി.ഡി. സുബ്രഹ്മണ്യൻ നേരത്തെ പ്രശാന്ത്കിഷോറിന്റെ 'ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി'(ഐപാക്) എന്ന ഏജൻസിയിൽ പ്രവർത്തിച്ചിരുന്നയാളാണ്.

ഹിന്ദുലേഖിക മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തുമ്പോൾ ടി.ഡി. സുബ്രഹ്മണ്യനും പി.ആർ ഏജൻസി 'കൈസൺ' സി.ഇ.ഒ വിനീത് ഹാണ്ഡെയും കൂടെ സന്നിഹിതരായിരുന്നു എന്ന കാര്യവും പുറത്തുവരികയുണ്ടായി. ഇന്ത്യമുഴുവൻ പ്രവർത്തനങ്ങളുള്ള ഒരു സംയോജിത ഡിജിറ്റൽ മാർക്കറ്റിംഗ്, പി.ആർ. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഏജൻസിയാണ് കൈസൻ. ന്യൂഡെൽഹി ഘിറ്റോർണിയിലാണ് ഇവരുടെ ഹെഡ് ഓഫീസ്. കേരള മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടി ഇതേപോലെ വിവിധ പ്രൊഫഷണൽ പി.ആർ. ഏജൻസികൾ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങളും ആശയങ്ങളും അജണ്ടകളുമാണ് സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥർ പോലും പ്രാവർത്തികമാക്കുന്നത്. ഇതിനെയെല്ലാം കോ-ഓർഡിനേറ്റ് ചെയ്യാൻ എം.വി. നികേഷ്‌കുമാറിനെപ്പോലെ മാധ്യമ പ്രവർത്തകരും ഡിജിറ്റൽ സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന ടീം തന്നെയുണ്ട്.

എൽ.ഡി.എഫ് കഴിഞ്ഞാൽ പ്രൊഫഷണൽ പി.ആർ ടീമിന്റെ സേവനം കാര്യമായി പ്രയോജനപ്പെടുത്തുന്നത് ബി.ജെ.പിയാണ്. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആസൂത്രണം ചെയ്യുന്ന 'വരാഹി അനലിറ്റിക്‌സ്'എന്ന ഒരു ഏജൻസിയുടെ കാര്യം 2024 ലെ തൃശൂർ പൂരം നടന്ന ദിവസം അർദ്ധരാത്രിയിൽ സംഘർഷം ഉണ്ടായ സ്ഥലത്തേക്ക് സുരേഷ്‌ഗോപി ആംബുലൻസിൽ കടന്നുചെന്നപ്പോൾ ചർച്ചയായിരുന്നു. കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്താണെങ്കിലും ഒരു ദശാബ്ദത്തിലേറെയായി ഭരണത്തിലിരിക്കുന്നവർക്ക് വലിയ സാമ്പത്തിക ചെലവുള്ള പി.ആർ ഏജൻസികളെ പോറ്റാൻ ധനസ്രോതസ്സുകളുണ്ടാവും.

അതില്ലെന്ന പരാധീനത കോൺഗ്രസിനേയും യു.ഡി.എഫിനേയും അലട്ടുന്നുണ്ടത്രേ. എന്നാൽ 2016 നേയും 2021 നേയും അപേക്ഷിച്ച് മികച്ച ഒരു പ്രൊഷണൽ ടീമിന്റെ സേവനം അവരും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ അത് എൽ.ഡി.എഫ് പി.ആർ ടീം പ്രചരിപ്പിക്കുന്നതുപോലെ കനഗോലു ടീമല്ല. കനഗോലുവിന്റെ റോൾ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ സാധ്യതകളും ജനാഭിപ്രായം പഠിക്കുന്നതിലും മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. അതാവട്ടെ കനഗോലുവിന്റെ ഭാഷാപരിമിതിയും മറ്റും കൊണ്ട് ഒരു പരാജയമായിരുന്നു എന്ന അഭിപ്രായമാണ് കെ.പി.സി.സിക്കുള്ളത്.

കനഗോലു ഇപ്പോൾ എ.ഐ.സി.സിയുടെ ഭാഗമായിട്ടുള്ളതിനാൽ അയാളുടെ സർവ്വേ ഫലങ്ങൾ തങ്ങൾ കാര്യമായി എടുത്തില്ലെങ്കിലും എ.ഐ.സി.സി ഗൗരവത്തിലെടുക്കുമെന്നത് കെ.പി.സി.സിയെ അലട്ടുന്നുണ്ട്. കനഗോലു കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗവും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്യാബിനറ്റ് റാങ്കുള്ള ഉപദേഷ്ടാവുമാണ്. ബെല്ലാരി സ്വദേശിയായ ഇദ്ദേഹം മുമ്പ് പ്രശാന്ത് കിഷോറിന്റെ ടീമംഗമായിരുന്നു. എന്നാൽ കനഗോലു കേരളകാര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡിന് നൽകുന്ന ഇൻപുട്‌സ്‌നെക്കുറിച്ച് പ്രതിപക്ഷ നേതാവടക്കമുള്ളവർക്ക് യോജിപ്പില്ലെന്നാണറിയുന്നത്. കേരളത്തിലെ കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ നയപരമായ തീരുമാനങ്ങളിലോ പ്രചാരണതന്ത്രങ്ങളിലോ കനഗോലുവിന് ഉപദേശറോളുപോലുമില്ലെന്നതാണ് വാസ്തവം.

2016 ലും 2021 ലും ഫലം കണ്ട മികച്ച പി.ആർ സംവിധാനം ഉണ്ടായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായത് എൽ.ഡി.എഫിനെ ഞെട്ടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ പരമ്പരാഗതമായി ഉണ്ടായിരുന്ന മേധാവിത്തം തകർന്നു. സ്വജന പക്ഷപാതം, അഹന്ത, ധിക്കാരം, അമിത ആത്മവിശ്വാസം, അഴിമതി തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ജനങ്ങൾ സർക്കാരിനെതിരെ ചിന്തിക്കുന്നതിന് കാരണമായി. കൂടാതെ സാമ്പത്തികപ്രതിസന്ധിയും ചില വകുപ്പുകളിലെ ഭരണപരമായ കെടുകാര്യസ്ഥതയും മൂലം സ്‌ക്കൂളുകളിൽ ഉച്ചകഴിഞ്ഞ് മുടങ്ങുന്നത്, ആശുപത്രിയിൽ കാരുണ്യചികിത്സാസഹായം മുടങ്ങിയത്, സപ്ലൈകോയിൽ അവശ്യനിത്യോപയോഗ സാധനങ്ങൾ ഇല്ലാത്തത്, നെല്ല് സംഭരണം മുടങ്ങുന്നതും, ക്ഷേമപെൻഷനുകൾ മുടങ്ങുന്നത്, ആശമാരുടെ ദയനീയാവസ്ഥ തുടങ്ങി സമൂഹത്തിലെ ഏറ്റവും ദുർബല ജനവിഭാഗങ്ങളുടെ നിത്യജീവിതത്തെ നേരിട്ടുബാധിക്കുന്ന ഒട്ടനേകം പ്രശ്‌നങ്ങളിൽ സർക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നതിൽ പ്രതിപക്ഷം വിജയിച്ചപ്പോഴും സർക്കാർ പി.ആർ സംവിധാനങ്ങൾ ഒരുക്കുന്ന നവകേരള പ്രചാരണ കോലാഹലങ്ങളിലും ഇവന്റ് മാനേജ്‌മെന്റുകളിലും അമിത ആത്മവിശ്വാസത്തിലായിരുന്നു.

സാധാരണ ജനം അവന്റെ അന്നത്തെ അവശ്യങ്ങൾക്കുപോലും പ്രയാസപ്പെടുമ്പോൾ മറുവശത്ത് സർക്കാർ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ സൂപ്പർസ്റ്റാറുകളെയും മറ്റും ഇറക്കി കോടികൾ ചെലവഴിച്ചുള്ള മെഗാമേളകളും ആഘോഷങ്ങളും നടത്തുന്നത് വിപരീത ഫലമേ ഉണ്ടാക്കിയുള്ളൂ. ആഗോള അയ്യപ്പസംഗമം മുതൽ അതിദാരിദ്ര്യമുക്തി പ്രഖ്യാപനം പോലെ എത്രയോ ഉദാഹരണങ്ങൾ. യഥാർത്ഥ പ്രശ്‌നങ്ങൾക്ക് ഇവന്റ് മാനേജ്‌മെന്റ് മെഗാമേളകൾ ഒരു പരിഹാരമല്ലെന്ന് പി.ആർ ഏജൻസികൾക്ക് മനസ്സിലാവില്ലെങ്കിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.എം മനസ്സിലാക്കണമായിരുന്നു.

തദ്ദേശ ഇലക്ഷനിലെ തിരിച്ചടിക്കുശേഷം പ്രത്യയശാസ്ത്രശാഠ്യങ്ങളും നൈതികതയും എല്ലാം മാറ്റിവെച്ച് ഭരണത്തുടർച്ചയ്ക്കായി പതിനെട്ടടവും പയറ്റുന്ന കാഴ്ചയാണിപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇലക്ഷൻ പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാവാം. അതിനുമുമ്പേ മതസാമുദായിക വോട്ടുബാങ്കുകൾ, വ്യത്യസ്ത സംഘടനാ വിഭാഗങ്ങൾ ഇവരുടെ വോട്ടു സമാഹരിക്കാനായി പ്രത്യേക മന്ത്രിസഭാ യോഗങ്ങൾ തുടർച്ചയായി ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നു. തുടർച്ചയായി സർക്കാർ ഉത്തരവുകൾ ഇറങ്ങുന്നു. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ പണി പൂർത്തിയാക്കാറായതോ, പാതിയായതോ, തുടങ്ങാൻ ഉദ്ദേശിക്കുന്നതോ ആയ പദ്ധതികളും ഉദ്ഘാടനമോ നിർമ്മാണോദ്ഘാടനമോ നടന്നുകൊണ്ടിരിക്കുകയാണ്.

അതെല്ലാം വമ്പൻ പരസ്യങ്ങളിലൂടെ സർക്കാർ പബ്ലിക് റിലേഷൻ വിഭാഗവും, കിഫ്ബിയും, അതത് സ്ഥാപനങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാർ ചെയ്ത കാര്യങ്ങൾ സർക്കാരിന്റെ പൊതുജന സമ്പർക്കവകുപ്പായ പി.ആർ.ഡി പ്രചരിപ്പിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അത് ഉമ്മൻചാണ്ടി സർക്കാരും വി.എസ് സർക്കാരും, കരുണാകരൻ സർക്കാരും, നായനാർ സർക്കാരുമെല്ലാം ചെയ്തിട്ടുള്ള കാര്യമാണ്. എന്നാൽ അതൊന്നും ഇപ്പോഴത്തേതുപോലെ കോടാനുകോടികൾ ഖജനാവിൽ നിന്നു ധൂർത്തടിച്ചുള്ള പരസ്യമായിരുന്നില്ല.
സമീപദിവസങ്ങളിൽ കേരള സർക്കാരിന്റെയോ കിഫ്ബിയുടെയോ തെലങ്കാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ പരസ്യപ്പേജുകൾ മറിച്ചിട്ടല്ലാതെ ഒരു മലയാളിക്ക് പത്രം വായിക്കാൻ കഴിയാറില്ല. കേരളത്തിൽ ഒരു പ്രധാന പത്രത്തിന്റെ ഒന്നാം പേജ് പരസ്യത്തിന് 65 ലക്ഷം രൂപയാണ്, സർക്കാരാണെങ്കിൽ പത്രത്തിന് നൽകേണ്ടത്. അത് കിഫ്ബിയാണ് നൽകുന്നതെങ്കിൽ 1.25 കോടി രൂപയുടെ വാണിജ്യനിരക്കായി മാറും. സർക്കാരിന്റെ മീഡിയാ ലിസ്റ്റിലുള്ള എല്ലാ പത്രമാധ്യമങ്ങൾക്കും ഇതുപോലെ പരസ്യം ലഭിക്കുന്നുണ്ടെന്നോർക്കണം.

ഇത്രയധികം പണം ചെലവഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ചോദിക്കാം. തീർച്ചയായും ഉണ്ട് പ്രചാരണക്കാർക്ക് പിശാചുക്കളെ മാലാഖമാരാക്കാനും പിശാചുക്കളെപ്പോലെയാക്കി കാണിക്കാനും പറ്റും എന്നാണ് പ്രചാരണ രംഗത്തെ തിയറി. ഒരു പ്രത്യേക ആഖ്യാനമോ, ആശയമോ അടിച്ചേൽപ്പിക്കാനുള്ള കൃത്രിമമായ വിവരങ്ങൾ അർദ്ധസത്യങ്ങൾ അല്ലെങ്കിൽ വൈകാരികമായ അപ്പീലുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്ന ആസൂത്രിതമായ ആശയവിനിമയ ഉപാധിയാണ് പി.ആർ. രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന വസ്തുതാപരമായ വിമർശനങ്ങൾ പരസ്യപ്രചാരണം വഴി സാധ്യമാക്കുന്ന നൂറുകണക്കിന് നുണകളുടെ ആരവത്തിൽ മുങ്ങിപ്പോയാൽ പരസ്യം നൽകുന്നവർ ലക്ഷ്യം നേടുമെന്നാണതിന്റെ തിയതി.

ഇതിനിടെ തെലങ്കാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് അവരുടെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ് മലയാളപത്രങ്ങളിൽ മുഴുപേജ് പരസ്യങ്ങൾ നൽകിയതെന്തിനെന്ന് ചിലർക്കെങ്കിലും തോന്നിക്കണം. എൽ.ഡി.എഫ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പരസ്യങ്ങൾ മാധ്യമമാനേജ്‌മെന്റുകൾക്ക് ഒരു കാലത്തും ഇല്ലാത്തതുപോലെ വരുമാനം ലഭ്യമാക്കിയപ്പോൾ മാധ്യമങ്ങളുടെ കൂറ് അങ്ങോട്ടേക്ക് ചായുമോ എന്ന ഭയവും സമ്മർദ്ദവും മൂലം ആന്ധ്ര സർക്കാരിന്റെ പരസ്യങ്ങൾ എ.ഐ.സി.സി ഇടപെട്ട് ലഭ്യമാക്കുകയായിരുന്നത്രേ.
അതിനിടെ സർക്കാരിന്റെ പൊതുജന സമ്പർക്ക വകുപ്പ്(പി.ആർ.ഡി) എല്ലാപരിധിയും കടന്ന് ഭരണകക്ഷിക്കുവേണ്ടി സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് പരസ്യം നൽകിയത് പരക്കെ അമ്പരപ്പ് ഉളവാക്കി. കക്ഷിരാഷ്ട്രീയവിമർശനങ്ങളിൽ കക്ഷി ചേർന്നുള്ള ഒരു ഔദ്യോഗിക കൃത്യനിർവ്വഹണം കേരളചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. 2011-2026 ലെ ഉമ്മൻചാണ്ടി ഭരണകാലത്ത് സി.പി.എം മുഖപത്രമായ ദേശാഭിമാനി ആ സർക്കാരിനെ വിമർശിച്ചുനൽകിയ ഏതാനും തിരഞ്ഞെടുത്ത വാർത്തകൾ നിറച്ചുള്ള ഒന്നാം പേജും ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്ത് സർക്കാരിനെ പ്രശംസിക്കുന്ന ദേശാഭിമാനി വാർത്തകൾ നിരത്തി ഒന്നാം പേജ് തുറന്നാൽ കാണുന്ന അടുത്തപേജും സൃഷ്ടിച്ച് ഹിന്ദുവും മാധ്യമവും അടക്കമുള്ള പത്രങ്ങളിൽ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയത് അധികാരം പിടിക്കാനുള്ള യുദ്ധത്തിൽ ധാർമ്മികതയ്ക്ക് യാതൊരു സ്ഥാനവും ഇല്ലെന്ന് തെളിയിക്കുന്നതായി.

2025 ഒക്‌ടോബർ 8 ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ പരിപാടിയാണ് 'നവകേരളം സിറ്റിസൺ പ്രോഗ്രാം.' ഇതിന്റെ യഥാർത്ഥ ലക്ഷ്യം സർക്കാർ ചെലവിൽ പാർട്ടി കേഡർമാർ ഭവനസന്ദർശനം നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിപാദിക്കുന്ന 8 പേജ് ലഘുലേഖ വീടുകളിലെത്തിക്കുകയായിരുന്നു പ്രധാന ഉദ്ദേശം. അതിനായി ലഘുലേഖയുടെ 80 ലക്ഷം കോപ്പിയാണ് പി.ആർ.ഡി അച്ചടിച്ച് പാർട്ടി ഓഫീസുകളിൽ എത്തിച്ചത്. 6.70 കോടി രൂപയാണ് ഇതിനുമാത്രം ചെലവായത്. 85000 വാളണ്ടിയർമാരെ ഉപയോഗിച്ച് 85 ലക്ഷം വീടുകളിൽ ഇത് എത്തിക്കുകയായിരുന്നു ലക്ഷ്യം.

സെപ്റ്റംബർ 23 ന് പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങുന്ന കത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റികൾക്ക് അയച്ചതും ഒക്‌ടോബർ 22 ന് സർവ്വേയിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കായി നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി തുടർഭരണം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെന്ന് ആളുകളോട് വിശദീകരിക്കണം എന്നുപറഞ്ഞതും വാർത്തയായതോടെ ഇതൊരു സർവ്വേയല്ല പ്രചാരണമാണെന്ന് എല്ലാവർക്കും ബോദ്ധ്യമായി. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും ചട്ടങ്ങൾക്കും ബജറ്റ് മാന്വലിനും വിരുദ്ധമാണെന്നുപറഞ്ഞു ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രോഗ്രാം റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയായി. തുടർന്ന് സുപ്രീംകോടതി, സർവ്വേയിൽ എന്താണ് തെറ്റ് എന്ന് ചോദിച്ചു ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തെങ്കിലും സർക്കാരിന്റെ ഈ സ്‌പെഷ്യൽ പി.ആർ ന്റെ ലക്ഷ്യം ഫലം കാണാതെ പോയി.

ഇതിനുപിന്നാലെ 5.42 ലക്ഷം സർക്കാർ ജീവനക്കാരുടെയും 62 ലക്ഷം ക്ഷേമപെൻഷൻകാരുടെയും 10 ലക്ഷം സ്ത്രീസുരക്ഷാ പെൻഷൻകാരുടെയും മൊബൈൽ ഫോണിലേയ്ക്ക് 'ചീഫ് മിനിസ്റ്റേഴ്‌സ് ഓഫ് കേരള' എന്ന വിലാസത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം സഹിതം അവകാശങ്ങൾ സംരക്ഷിക്കും, ഈ കരുതൽ തുടരും ഉറപ്പാണ്, വാക്ക് എന്നിങ്ങനെ സന്ദേശം എത്തിക്കാനുള്ള ശ്രമവും വിവാദമായി. അതും ഹൈക്കോടതി തടഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവർക്ക് നന്ദിയറിയിക്കാനെങ്കിലും അനുവദിക്കുമെന്നായി സർക്കാർ. എന്നാൽ കുറേക്കൂടി ഗൗരവമുള്ള വിഷയം സർക്കാർ ഔദ്യോഗിക ആവശ്യത്തിനു ശേഖരിച്ച വ്യക്തിവിവരങ്ങൾ 77.42 ലക്ഷം പേരുടെ ഔദ്യോഗിക ഡേറ്റാ 'ഡിജിറ്റൽ വ്യക്തിസുരക്ഷാ മാനദണ്ഡങ്ങൾ' എല്ലാം മറികടന്ന് രാഷ്ട്രീയ പ്രചരണത്തിനായി ദുരുപയോഗം ചെയ്തു എന്നാണ്. ഈ വർഷം ആദ്യം മാത്രം മുഖ്യമന്ത്രിയുടെ വലിയ ചിത്രമുള്ള 627 ഹോർഡിംഗുകൾ കേരളമൊട്ടാകെ ഉയർത്തിയിരിക്കുന്നു. അതിന്റെ പ്രതിമാസ വാടക 3.6 കോടി രൂപയാണ്. കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യവാടക 1.70 കോടി രൂപയും.

സർക്കാരിന്റെ പരസ്യപ്രചരണം പത്രം, ടെലിവിഷൻ, റേഡിയോ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സമൂഹമാധ്യമങ്ങൾ, കെ.എസ്.ആർ.ടി.സി പോലെയുള്ള പൊതു ഇടങ്ങൾ, ബോർഡുകൾ, ഹോർഡിംഗുകൾ എന്ന പരമ്പരാഗത രീതികളിൽ മാത്രം ഒതുങ്ങുന്നില്ല.
മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രമുഖ ചാനലിന് മാത്രം നൽകിയത് 75 ലക്ഷം രൂപ. ഇരുപത് ചാനലുകളിലാണിത് സംപ്രേഷണം ചെയ്തത്. അഭിമുഖം ചിത്രീകരിക്കാൻ പി.ആർ.ഡി വക ചെലവ് 11,35,750 രൂപ. ഇരുപത് മന്ത്രിമാരുടെ അഭിമുഖം എടുത്ത് സംപ്രേഷണം ചെയ്യുന്നതിന് പ്രമുഖചാനൽ വാങ്ങിയത് 2 കോടി. ഏറിയും കുറഞ്ഞും ബാക്കി ചാനലുകളിലുമുണ്ടായിരുന്നു ഈ പരിപാടി. കിഫ്ബിയാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി കടം എടുക്കുന്ന പണം.

ജെൻസികളെ ആകർഷിക്കാനായി 'അറിവുള്ള കരം അധികാരം പേനയെടുക്കട്ടെ' എന്ന വേടൻ പാടിയ പ്രചാരണ ഗാനചിത്രീകരണത്തിനാകെ ചെലവ് 41.5 ലക്ഷം രൂപ. സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിക്ക് 39 ലക്ഷം രൂപാ. വനിതാദിനത്തിൽ നടി ഭാവനയെവച്ചുള്ള തുടരും എന്ന പരസ്യചിത്രത്തിന് ഖജനാവിൽ നിന്ന് ചെലവഴിച്ചത് 34.81 ലക്ഷം രൂപ. അത് ചാനലുകളിലും തീയേറ്ററുകളിലും പ്രദർശിപ്പിക്കാൻ കോടികൾ. സംസ്ഥാനത്തെ ഭരണാധികാരം പിടിക്കുക എന്നത് എത്രമാത്രം ചെലവുള്ള കാര്യമാണെന്ന് ഇതിൽ നിന്നെല്ലാം നിങ്ങൾക്ക് ഊഹിക്കാം.
സർക്കാരിന്റെ വ്യത്യസ്തമായ ഒരു പ്രചാരണരീതി ഇത്തവണത്തെ പുതുമയാണ്. ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും സർക്കാർ സ്‌ക്കൂളുകളുടെ ഗുണമേന്മ  ഉയർത്തിയതും സാമൂഹിക ക്ഷേമപെൻഷനും സർക്കാർ ആശുപത്രികളുടെ മികവും മറ്റുക്ഷേമ പദ്ധതികളുമൊക്കെ ഈയിടെയായി പരസ്യമല്ലാതെ കഥയുടെ ഭാഗമായി അടിക്കടി കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി പെൻഷൻ തുക വരാത്തതിൽ വിഷമിക്കുന്ന അമ്മയെ 65 ലക്ഷം പേർ പെൻഷൻ വാങ്ങുന്നതും 18 നും 35 നും ഇടയിലെ അഞ്ചുലക്ഷത്തിലേറെ യുവാക്കൾക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് വർക്ക്‌സ്' സ്‌കോളർഷിപ്പുമൊക്കെ വിവരിച്ച് മക്കൾ ആശ്വസിപ്പിക്കുന്നതുപോലെ അസ്വാഭാവികത തോന്നാത്തവിധമാണ് തിരക്കഥാ നിർമ്മിതി. പബ്ലിക് റിലേഷൻ വിഭാഗവും പുറത്തുനിന്നുള്ള കഥാകൃത്തുക്കളും ചേർന്നാണ് തിരക്കഥ ചിട്ടപ്പെടുത്തിക്കൊടുക്കുന്നത്. ചാനൽ റേറ്റിംഗും പരിപാടിയുടെ സ്ലോട്ടുമനുസരിച്ചാണ് പ്രതിഫലം. അതു ഊഹിക്കാവുന്നതേയുള്ളൂ.

ഇതിനോട് പിടിച്ചുനിൽക്കാൻ യു.ഡി.എഫിന്റെ കയ്യിൽ വിഭവശേഷിയില്ലെങ്കിലും അവരാൽ കഴിയുന്നതുപോലെ സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്ന സ്‌കിറ്റുകൾ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ അവരും പോർമുഖത്തുണ്ട്.
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങളുടെ വ്യാപനം അനായാസം സാധ്യമാകുമെന്നതിനാൽ അനേകായിരം യൂ ട്യൂബർമാരും രാഷ്ട്രീയ പ്രചാരകരും വ്യാജവാർത്തകൾ സൃഷ്ടിച്ചും ഏകോപിത ഓൺലൈൻ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചും പക്ഷപാതപരമായോ തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി വിവരങ്ങൾ തന്ത്രപരമായി കൈകാര്യം ചെയ്യുന്ന വെർച്വൽ പ്രചാരണത്തിലും എൽ.ഡി.എഫ് സോഷ്യൽമീഡിയ ഹാന്റിലുകളാണ് മുന്നിൽ. ഈ ഡിജിറ്റൽ യുഗത്തിൽ സമൂഹമാധ്യമങ്ങൾ തെറ്റായ വിവരങ്ങളുടെ മാത്രമല്ല എല്ലാവിധ തോന്ന്യാസങ്ങളുടെയും വിളനിലമായി മാറിയിരിക്കുന്നു.

ഇനി ആദ്യം പറഞ്ഞ ജോർജ്ജ് ഓർവെൽന്റെ 'ആനിമൽ ഫാം' ലേക്ക് വരാം. നോവലിൽ ജോൺസ് എന്ന കഥാപാത്രം തിരിച്ചുവന്ന് ഭരണം പിടിക്കുമെന്ന് പന്നികൾ മറ്റു മൃഗങ്ങളെ ഭീഷണിപ്പെടുത്തുന്നതുപോലെ 2011-2016 ലെ ഉമ്മൻചാണ്ടിയുടെ ഇരുണ്ട യു.ഡി.എഫ് ഭരണകാലം തിരിച്ചുവരണോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. മറ്റൊന്ന് ഫാമിലെ 'സ്‌നോബോൾ'നെ കോർണർ ചെയ്തതുപോലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ടാർജറ്റ് ചെയ്യുന്ന ഒരു പ്രചാരണ രീതിയും ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്.

എൻ.എസ്.എസ്- എസ്.എൻ.ഡി.പി നേതൃത്വത്തിലുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചശേഷം പുറത്തുവന്ന എൻ.ഡി ടി.വി സർവ്വേയിൽ മികച്ച മുഖ്യമന്ത്രിയാരായിരിക്കും എന്ന സർവ്വേയിൽ പിണറായി വിജയനേക്കാൾ ജനപിന്തുണ വി.ഡി. സതീശനാണെന്ന റിപ്പോർട്ട് പുറത്തുവന്നതും, രാഷ്ട്രീയേതരവിഷയങ്ങളിൽ സതീശനുള്ള അറിവും പ്രഭാഷണമികവും കക്ഷിരാഷ്ട്രീയമില്ലാത്തവരെ ആകർഷിക്കുന്നുണ്ടെന്ന വിലയിരുത്തലുമാണ് സി.പി.എംന്റെ എല്ലാ പ്രചാരണസംവിധാനങ്ങളുടെയും കുന്തമുന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തിരിയാൻ കാരണമായത്. ഒരു സ്വിച്ച് ഇട്ടാലെന്നപോലെ ഒരു സുപ്രഭാതം മുതൽ സി.പി.എംന്റെ മുഴുവൻ നേതാക്കളും സോഷ്യൽമീഡിയാ ഹാൻഡിലുകളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണയനാണ് പറയുന്നതെല്ലാം നുണയാണ് എന്ന ഒരു സംഘടിത പ്രചാരണം ആരംഭിക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളിയുടെ പ്രതിഛായ ഇടിക്കാനുള്ള ഏറ്റവും മികച്ച തന്ത്രങ്ങളിലൊന്നാണ് അയാളിൽ ഒരേ ന്യൂനത പരമാവധി കേന്ദ്രങ്ങളിൽനിന്ന് ഒരേപോലെ ആരോപിക്കുക എന്നതാണ്.

അങ്ങനെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ഒരു പ്രൊപ്പഗണ്ടാ യുദ്ധം ആയി മാറിയിരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img