
തിരുവനന്തപുരം കോർപ്പറേഷൻ മേയർ പദവി വാഗ്ദാനം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തി മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. മത്സരിക്കാൻ താത്പര്യമില്ലാതിരുന്ന തന്നെ മേയറാക്കാം എന്നു പറഞ്ഞാണ് നിർബന്ധിച്ചതെന്നും അവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ആർ ശ്രീലേഖ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി ആർ ശ്രീലേഖ പരസ്യമാക്കിയത്.
‘‘മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാനായിരിക്കും കോർപറേഷൻ തിരഞ്ഞെടുപ്പിൻറെ മുഖമെന്നാണ് കരുതിയത്. സ്ഥാനാർഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയാണ് ഞാൻ. പത്തു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അംഗീകരിച്ചു. ഞാനാണ് കോർപറേഷൻ തിരഞ്ഞെടുപ്പിൻറെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും. ചർച്ചകൾക്കും ഞാനാണ് പോയിരുന്നത്. എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങൾ മാറി.
രാജേഷിനു കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവർത്തിക്കാൻ പറ്റുമെന്നും ആശാനാഥിനു ഡപ്യൂട്ടി മേയറായി കുറച്ചുകൂടി നന്നായി പ്രവർത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് എൻറെ കണക്കുകൂട്ടൽ. നേതൃത്വത്തിൻറെ തീരുമാനത്തോട് തർക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിർത്ത് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്. കൗൺസിലറായി അഞ്ചുവർഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചത്’’ – ശ്രീലേഖ പറഞ്ഞു.









