
ആലുവ: കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയിലൂടെ സ്ത്രീകൾ ലാഭിക്കുന്ന തുക സമ്പാദ്യമായി മാറ്റാൻ കെഎസ്എഫ്ഇ മുഖേന 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗജന്യ ബസ് യാത്രയിലൂടെ ലാഭിക്കുന്ന തുക പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ വനിതകൾക്ക് ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷയും സ്ഥിരമായ സമ്പാദ്യവും കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതിമൂലം സർക്കാരിന് പ്രതിവർഷം ഏകദേശം ആയിരം കോടി രൂപയുടെ ചെലവ് ഉണ്ടാകുമെങ്കിലും അതിനെ വെറും സാമ്പത്തിക ബാധ്യതയായി കാണാനാകില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ പദ്ധതി കേരളത്തിൽ വലിയ സാമൂഹിക-സാമ്പത്തിക മാറ്റത്തിന് വഴിവെക്കുമെന്നും, അതിന്റെ മൂല്യം സാമ്പത്തിക കണക്കുകൾക്കപ്പുറമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗജന്യ യാത്രയിലൂടെ ലാഭിക്കുന്ന തുക ക്രമമായി പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ചാൽ സ്ത്രീകൾക്ക് ഭാവിയിൽ നല്ലൊരു സമ്പാദ്യം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉയർന്ന വരുമാനമുള്ളവർക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം 'പ്രിയദർശിനി' പദ്ധതിയുടെ ഭാഗമായി ലഭ്യമാകുമെന്നും വി.ഡി. സതീശൻ അറിയിച്ചു.











