
കൊൽക്കത്ത: ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച വീഡിയോ വിവാദമായതിന് പിന്നാലെ വനിതാ പ്രൊഫസർ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ജോലിയിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതായി സർവകലാശാല രജിസ്ട്രാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ അധ്യാപികയാണ് വിവാദത്തിൽപെട്ടത്.
നാദിയിലെ മൗലാന അബുൾ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുൻ മേധാവി പായൽ ബാനർജിയാണ് ജോലി ഉപേക്ഷിക്കുന്നത്. പായലും ഒരു വിദ്യാർഥിയുമായി ക്ലാസ് മുറിയിൽ വിവാഹം കഴിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. കഴിഞ്ഞ ജനുവരി 16-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ജനുവരി 28-നാണ് പുറത്തുവന്നത്. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ സംഭവം അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറിൽനിന്ന് വിശദീകരണം തേടുകയും ചെയ്തു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമാണെന്നും യഥാർത്ഥമല്ലെന്നും പ്രൊഫസർ സർവകലാശാല അധികൃതരോട് വിശദീകരിച്ചു. കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിനെ മോശമാക്കി കാണിക്കാൻ മനഃപൂർവ്വം പുറത്തുവിട്ടതാണെന്നും അവർ ആരോപിച്ചു.
സംഭവത്തിൽ, കോളേജ് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും പായലിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന്, ഫെബ്രുവരി ഒന്നിനാണ് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് ഇവർ മെയിൽ അയച്ചത്. ഇക്കാര്യം പരിഗണനയിലാണെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു.











