03:56am 06 September 2026
NEWS
ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ പ്രൊഫസര്‍ ഓഫ് പ്രാക്ടീസിന് തുടക്കം പ്രൊഫസര്‍ ഓഫ് പ്രാക്ടീസാകാനുള്ള ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി
05/09/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ പ്രൊഫസര്‍ ഓഫ് പ്രാക്ടീസിന് തുടക്കം പ്രൊഫസര്‍ ഓഫ് പ്രാക്ടീസാകാനുള്ള ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി
HIGHLIGHTS

ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസിൻ്റെ പ്രൊഫസർ ഓഫ് പ്രാക്ടീസിലേക്കുള്ള ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. സതീശന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫ് കൈമാറുന്നു.

കൊച്ചി: വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസിന്റെ 'പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്' പദ്ധതിക്ക് തുടക്കമിട്ടു. പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് ആകാനുള്ള യൂണിവേഴ്‌സിറ്റിയുടെ ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. സതീശന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ് കൈമാറി. 'രാഷ്ട്രീയ സംരംഭകത്വവും ഭാവി ലക്ഷ്യമാക്കിയുള്ള ഭരണനിര്‍വഹണവും' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസം ക്ലാസ് മുറികള്‍ക്കപ്പുറത്തേക്ക് വളരേണ്ടതാണെന്നും നേതൃപാടവവും പ്രായോഗിക അനുഭവങ്ങളും വിദ്യാര്‍ത്ഥികളിലേക്ക്എത്തിക്കേണ്ടതുണ്ടെന്നും ടോം ജോസഫ് വ്യക്തമാക്കി. പ്രശസ്തരായ നേതാക്കളുടെയും വിദഗ്ധരുടെയും അനുഭവസമ്പത്ത് യുവതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുപ്രവര്‍ത്തനത്തിലെയും ഭരണനിര്‍വഹണത്തിലെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണം എന്നത് കേവലം ഭരണപരമായ നടപടിക്രമങ്ങള്‍ മാത്രമല്ല, സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാണെന്ന് തിരിച്ചറിയാന്‍ ഈ സംവാദം വിദ്യാര്‍ത്ഥികളെ സഹായിക്കും. മുഖ്യമന്ത്രി ഈ ക്ഷണം സ്വീകരിക്കുമെന്നും തന്റെ വിലയേറിയ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളുമായും അക്കാദമിക സമൂഹവുമായും പങ്കുവെക്കുമെന്നുമാണ് പ്രതീക്ഷയെന്നും ടോം ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോണിനും ക്ഷണക്കത്ത് കൈമാറി.

30-ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ 100 റാങ്കിങ്ങിലുമുള്ള ജെയിന്‍  യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ മാനേജ്‌മെന്റ്, കൊമേഴ്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസ്, ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് നല്‍കിവരുന്നത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img