
വഖഫ് നിയമഭേദഗതി ബില്ല് ലോക്സഭയിൽ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്ത ഒരു ഘട്ടത്തിലും പ്രിയങ്ക സഭയിലെത്തിയില്ല. ബില്ലിന്മേലുള്ള വോട്ടെടുപ്പിനും കോൺഗ്രസ് നേതാവ് എത്തിയിരുന്നില്ല.
വഖഫ് നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കുമ്പോൾ സഭയിലുണ്ടാകണമെന്ന് എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രിയങ്ക ഗാന്ധി ചർച്ചയുടെ ഒരു ഘട്ടത്തിലും സഭയിലെത്തിയില്ല. വിപ്പ് നൽകിയിട്ടും പ്രിയങ്കയുടെ അസാന്നിധ്യത്തിൻ്റെ കാരണം പ്രിയങ്കയും പാർട്ടിയും വ്യക്തമാക്കിയില്ല.
അതേ സമയം വഖഫ് നിയമ ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് സോണിയ ആരോപിക്കുന്നത്. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.











