03:09am 27 July 2026
NEWS
വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ​ഗാന്ധി
18/04/2026  01:58 PM IST
nila
വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ​ഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. വനിതാ സംവരണത്തിന്റെ പേരിൽ അംഗസംഖ്യ വർധിപ്പിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് തടഞ്ഞതെന്നും പ്രിയങ്ക ​ഗാന്ധി അവകാശപ്പെട്ടു. എൻഡിഎയ്ക്ക് ആദ്യമായി വ്യക്തമായ തിരിച്ചടിയേറ്റുവെന്നും അതിൽ ഭരണപക്ഷം അമ്പരന്നുവെന്നും അവർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇതിലൂടെ പ്രകടമായതെന്നും പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു. 

വനിതകളെ മുന്നിൽനിർത്തി അധികാരത്തിൽ തുടരുമെന്ന ലക്ഷ്യത്തോടെ ബിജെപി പ്രവർത്തിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളുടെ രക്ഷകനെന്ന ഇമേജ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വിമർശിച്ചു. വോട്ടെടുപ്പ് പരാജയപ്പെട്ട ദിവസത്തെ ബിജെപി “കരിദിനം” എന്നു വിശേഷിപ്പിച്ചതിനെ കുറിച്ചും പ്രതികരിച്ച പ്രിയങ്ക, അവരുടെ അജണ്ട പരാജയപ്പെട്ടതിനാലാണ് അങ്ങനെ പറയുന്നതെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടായതായി ചൂണ്ടിക്കാട്ടിയ അവർ, ഇനി പിആർ രാഷ്ട്രീയത്തിന് ഇന്ത്യയിൽ വലിയ സ്വാധീനമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു. 2023ൽ പാസാക്കിയ വനിതാ സംവരണം നിലവിലെ സീറ്റ് ഘടനയിൽ മാറ്റം വരുത്താതെ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സ്ഥിരമായ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അടിയന്തരമായി പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തതെന്നും, അധികാരത്തിൽ തുടരാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും പ്രിയങ്ക ആരോപിച്ചു. ബിൽ പാസായാലും ഇല്ലെങ്കിലും അത് വിജയമെന്ന നിലയിൽ അവതരിപ്പിക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ കണക്കുകൂട്ടൽ, എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ലെന്ന് അവർ പറഞ്ഞു.
വനിതാ സംവരണത്തിന് തങ്ങൾ എതിരല്ലെന്ന് ആവർത്തിച്ച പ്രിയങ്ക, നിലവിലെ ബില്ലിന്റെ ഉദ്ദേശ്യമാണ് സംശയാസ്പദമെന്നും ചൂണ്ടിക്കാട്ടി. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് യഥാർത്ഥ വനിതാ സംവരണ ബില്ലല്ലെന്ന് പൊതുജനങ്ങൾക്കും വ്യക്തമായിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img