
സംവിധായകൻപ്രിയദർശനും നടി ലിസിയും വീണ്ടും ഒരുമിച്ചെന്ന് റിപ്പോർട്ടുകൾ. 1990ൽ വിവാഹിതരായ ഇവർ പിന്നീട് 2016ൽ വേർപിരിഞ്ഞത് സിനിമാലോകത്തെ വലിയ അമ്പരപ്പിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ, ഔദ്യോഗികമായി വിവാഹബന്ധത്തിലല്ലെങ്കിലും തങ്ങൾ ഒരുമിച്ചാണ് എന്നാണ് പ്രിയദർശൻ വെളിപ്പെടുത്തുന്നത്. ‘ഒരു വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നത്,’ പ്രിയദർശൻ പറയുന്നു. മിഡ് ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹം എന്നത് ഒരു ഔപചാരിക രേഖ മാത്രമാണെന്നും, സൗഹൃദവും പരസ്‌പര സ്‌നേഹവുമാണ് ഇപ്പോൾ തങ്ങൾക്കിടയിൽ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കിയതായി പറയുന്നു. ഈ വർഷം തുടക്കത്തിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. കൈകോർത്ത് വേദിയിലേക്ക് എത്തിയതും, പിന്നീട് മമ്മൂട്ടിയോടൊപ്പം നിന്ന ചിത്രം പുറത്തുവന്നതും ചർച്ചകൾക്ക് കൂടുതൽ ചൂടേകി.
മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർത്ഥും മാതാപിതാക്കളെ വീണ്ടും ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നാണ് വിവരം. ആറുമാസം മുമ്പ് തന്നെ ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, ഇരുവരുടെയും പഴയ അഭിപ്രായവ്യത്യാസങ്ങൾ മാറിയതായും ഇപ്പോൾ നല്ല സൗഹൃദത്തോടെയും ബഹുമാനത്തോടെയും മുന്നോട്ട് പോകുകയാണെന്നും സംവിധായകൻ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.
മലയാള സിനിമയിലെ താര ദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു.











