11:23am 30 April 2026
NEWS
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയ നായർ; ഓഹരികളിൽ വൻ കുതിപ്പ്
11/07/2025  04:02 PM IST
nila
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയ നായർ; ഓഹരികളിൽ വൻ കുതിപ്പ്

ഉപഭോക്തൃ ഉൽപന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്‍യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചു. പാലക്കാട് സ്വദേശിനിയയായ പ്രിയ നായർ ഓഗസ്റ്റ് ഒന്നിനാണ് ചുമതലയേൽക്കുന്നത്. എച്ച്‍യുഎല്ലിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായാണ് പ്രിയ കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്.  നിലവിൽ യൂണിലിവർ ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റാണ് പ്രിയ. വൈകാതെ എച്ച്‍യുഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അംഗമാകും. 

പ്രിയയുടെ നിയമനം സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ വൻ മുന്നേറ്റമെന്നാണ് റിപ്പോർട്ട്. ബിഎസ്ഇയിൽ 4.78ശതമാനം ഉയർന്ന ഓഹരി സൂചികയിലെ നേട്ടത്തിൽ ഒന്നാമതുമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 2,524 രൂപയിലാണ്. കമ്പനിയുടെ ഓഹരിവില ഒരുഘട്ടത്തിൽ 2,529.85 രൂപവരെ ഉയരുകയും ചെയ്തിരുന്നു. കമ്പനിയുടെ ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചതിനു പിന്നാലെയാണ് കമ്പനിയുടെ ഓഹരികൾ കുതിച്ചുയരുന്നത്. 

പ്രിയ ഹോം കെയർ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കേയാണ് കമ്പനിയുടെ ലാഭമാർജിൻ (എബിറ്റ് മാർജിൻ) 2013-14ലെ 13.1 ശതമാനത്തിൽ നിന്ന് 2019-20ൽ 18.8 ശതമാനമായി കുതിച്ചുയർന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ 23ന് കുറിച്ച 3,035 രൂപയാണ് എച്ച്‍യുഎൽ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഈ വർഷം മാർച്ച് 4ലെ 2,136 രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദത്തിൽ എച്ച്‍യുഎൽ നാലു ശതമാനം വളർച്ചയോടെ 2,493 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിസിനസ് മാനേജ്മെന്റിൽ നിന്നാണ് പ്രിയ നായർ മാർക്കറ്റിങ്ങിൽ എംബിഎ നേടിയത്. 1995ലാണ് പ്രിയ നായർ യൂണിലിവറിൽ ജോലിയിൽ പ്രവേശിച്ചത്. കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജരായി കരിയർ ആരംഭിച്ച പ്രിയ 11 തസ്തികകളിൽ ജോലി ചെയ്തശേഷമാണ് സിഇഒ ആകുന്നത്. നിലവിലെ സിഇഒ രോഹിത് ജാവയുടെ പിൻഗാമിയായാണ് പ്രിയ എച്ച്‍യുഎല്ലിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img