02:46am 07 November 2026
NEWS
സിഎജി ഓഡിറ്റിൽ സ്വകാര്യവൽക്കരണം: അഴിമതിക്ക് കളമൊരുങ്ങുമോ
08/06/2025  09:56 AM IST
സുരേഷ് വണ്ടന്നൂർ
സിഎജി ഓഡിറ്റിൽ സ്വകാര്യവൽക്കരണം: അഴിമതിക്ക് കളമൊരുങ്ങുമോ

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റ് പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം വിവാദത്തിൽ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ അക്കൗണ്ടന്റ് ജനറൽ (എജി) ഓഫീസുകളിലെ ജീവനക്കാരെ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് സിഎജി ഓഡിറ്റിന് പുറംകരാർ നൽകാനുള്ള തീരുമാനം. സ്വയംഭരണ സ്ഥാപനങ്ങളിലും പൊതു, തദ്ദേശ മേഖലകളിലും നടത്തേണ്ട ഓഡിറ്റ് ചുമതലകൾ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ (സിഎ) ഏൽപ്പിക്കാൻ താൽപ്പര്യപത്രം ക്ഷണിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2025 ജൂലൈ മുതൽ 2027 മാർച്ച് വരെ രണ്ട് വർഷത്തേക്കാണ് കരാർ. കേരളത്തിൽ കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 40 കേന്ദ്രങ്ങളിൽ പുറംകരാർ ഓഡിറ്റ് നടത്തുമെന്നാണ് താൽപ്പര്യപത്രം വ്യക്തമാക്കുന്നത്. സിവിൽ സർവീസ് റാങ്ക് പട്ടികയിൽ നിന്ന് നിയമിക്കപ്പെടുന്ന ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് (ഐഎഎഡി) വിഭാഗത്തിലെ ഉദ്യോഗസ്ഥർ ചെയ്തിരുന്ന ജോലികളിലേക്കാണ് സിഎക്കാരെ നിയോഗിക്കുന്നത്.

"അഴിമതിക്ക് വഴിതെളിയും, വിശ്വാസ്യത മങ്ങും"

പുതിയ ഓഡിറ്റ് രീതി അഴിമതിക്ക് ഇടയാക്കുമെന്നാണ് വിമർശനം. സിഎ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നതിലൂടെ ഓഡിറ്റിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കിയിരിക്കുകയാണ് സിഎജി എന്നും ഇത് സിഎജി റിപ്പോർട്ടുകളുടെ കാര്യക്ഷമതയെയും വിശ്വാസ്യതയെയും ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വയംഭരണ സ്ഥാപനങ്ങൾക്കും മറ്റും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സഹായധനവും വായ്പയും ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ ധനവിനിയോഗ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ പലപ്പോഴും സിഎക്കാർ തന്നെയാണ് ഓഡിറ്റ് ചെയ്യാറ്. ഇതേ കണക്കുകൾ സിഎജിക്കുവേണ്ടിയും സിഎക്കാർതന്നെ ഓഡിറ്റ് ചെയ്യുന്നതിലാണ് വൈരുധ്യം. ഓഡിറ്റിന് സിഎജി പിന്തുടരുന്ന മാനദണ്ഡങ്ങളോ കാർക്കശ്യമോ സിഎക്കാരുടെ കണക്കെടുപ്പിൽ പ്രതിഫലിക്കാനിടയില്ലെന്നും വിമർശകർ പറയുന്നു.

ജീവനക്കാർക്ക് ജോലിഭാരം;ആത്മഹത്യാപരമെന്ന് അസോസിയേഷൻ

ഓഡിറ്റിങ്ങിന് സിഎക്കാരിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ച സിഎജി നടപടി ആത്മഹത്യാപരവും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണെന്നും ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഓഫീസേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. പുറംകരാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സിഎജിക്കു കത്തയച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഓഡിറ്റിനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് സിഎജി ചെയ്യേണ്ടതെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിനോദ് കുമാർ ഉപാധ്യയയും സെക്രട്ടറി ജനറൽ ഒ.എസ്. സുധാകരനും പറഞ്ഞു.

തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ (എജി) ഓഫീസിലെ ജീവനക്കാർ കേന്ദ്രസർക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനം മൂലം വർധിച്ച ജോലിഭാരം കാരണം സ്വയംവിരമിക്കലിന് തയ്യാറെടുക്കുകയാണ്. എട്ടാം ശമ്പളക്കമ്മിഷൻ ശുപാർശയനുസരിച്ചുള്ള വേതനപരിഷ്കാരം അടുത്ത വർഷം നടപ്പാക്കിയ ശേഷം ഒട്ടേറെ ജീവനക്കാർ സ്വയംവിരമിക്കുമെന്നാണ് വിവരം. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് കാര്യങ്ങൾക്ക് ഒരാൾ എന്ന നിലയിലായിരുന്ന എജി ഓഫീസിലെ അനുപാതം ജീവനക്കാരെ കേന്ദ്രം വെട്ടിക്കുറച്ചതോടെ ആയിരം പേർക്ക് ഒരു ഉദ്യോഗസ്ഥൻ എന്നായി ചുരുങ്ങിയതോടെ ജോലിഭാരം വർധിച്ചു.

എജി ഓഫീസുകൾ പൂട്ടരുത്: എ.എ. റഹീം എംപി:

കേരളത്തിലെ എജി മേഖലാ ഓഫീസുകൾ പൂട്ടരുതെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി സിഎജിക്ക് കത്തയച്ചു. ജീവനക്കാരുടെ എണ്ണം കുറഞ്ഞത് ഓഡിറ്റിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും നിലവിലുള്ള തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സിഎജിക്ക് മറ്റ് മാർഗ്ഗങ്ങളുണ്ടോ അതോ ഇത് മാത്രമാണോ ഫലപ്രദമായ പരിഹാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img