
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും വിദ്യാർത്ഥികളുടെ പ്രവേശനവും രജിസ്ട്രേഷനും നിയന്ത്രിക്കുന്നതിനുള്ള സമഗ്ര മാർഗ്ഗനിർദ്ദേശത്തിന്റെ (Admission Guide) രണ്ടാം പതിപ്പ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പ്രവേശന നടപടികൾ ഏകീകരിക്കാനും എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.
വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി, സ്വകാര്യ വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും എംബസി സ്കൂളുകൾക്കും ബാധകമായ ഏകീകൃത രജിസ്ട്രേഷൻ, ട്രാൻസ്ഫർ നിയമങ്ങൾ ഗൈഡിൽ വിശദീകരിക്കുന്നു.ഓരോ വിദ്യാഭ്യാസ ഘട്ടത്തിലും പ്രവേശനത്തിന് ആവശ്യമായ പ്രായപരിധി, സമർപ്പിക്കേണ്ട രേഖകൾ എന്നിവ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്.നിർബന്ധിത വിദ്യാഭ്യാസ നിയമം (Law No. 25 of 2001) കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ ഡിജിറ്റൽ എൻറോൾമെന്റ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇത് രക്ഷിതാക്കൾക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കും.വിവിധ കരിക്കുലങ്ങൾ പിന്തുടരുന്ന സ്കൂളുകൾക്കിടയിലെ വിദ്യാർത്ഥി മാറ്റം സുഗമമാക്കാൻ ഗ്രേഡ് ഇക്വിവാലൻസി പട്ടികകളും ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ വിദ്യാഭ്യാസ മേഖല രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഡോ. അൽ നുഐമി പറഞ്ഞു. കൃത്യമായ വിവരശേഖരണത്തിലൂടെ സ്കൂളുകളുടെ ശേഷി നിർണ്ണയിക്കാനും വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകാനും പുതിയ സംവിധാനം സഹായിക്കും. എംബസി സ്കൂളുകളുടെ തനതായ സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ മന്ത്രാലയത്തിന്റെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.











