
വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം ജനവാസമേഖലയിൽ തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽനിന്ന് ബഹമാസിലേക്ക് യാത്ര തിരിച്ച ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലായിരുന്നു സംഭവം.
അപകടത്തിന് തൊട്ടുമുൻപ് പൈലറ്റ് നടത്തിയ ആശയവിനിമയത്തിലെ അവസാന സന്ദേശം പുറത്തുവന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിമാനം തകർന്നുവീഴാൻ പോവുകയാണെന്നും ഇനി സമയമില്ലെന്നുമായിരുന്നു പൈലറ്റിന്റെ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണോ അപകടമുണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ശക്തമായ ടർബുലൻസ്, വിമാനത്തിൽ ഐസ് രൂപപ്പെട്ട സാഹചര്യം, പ്രതികൂല കാലാവസ്ഥ എന്നിവ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇവയിലേതെങ്കിലും അപകടത്തിന് നേരിട്ട് കാരണമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ വിമാനാപകടമാണിത്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.










