01:38am 25 August 2026
NEWS
യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മർദവുമെന്ന് ആരോപണം

14/02/2025  10:07 AM IST
nila
യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മർദവുമെന്ന് ആരോപണം

കൊടുങ്ങല്ലൂർ: എറിയാട് യു ബസാറിനു സമീപം യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മർദവുമെന്ന് ആരോപണം. യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശേരി ഷിനി(35)യുടെ മരണത്തിലാണ്  സ്വകാര്യ പണമിടപാടുകാർക്കെതിരെ ആരോപണം ഉയരുന്നത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന്‌ ഷിനി വായ്പകളെടുത്തിരുന്നു.  വായ്പയുടെ തിരിച്ചടവിനായി കളക്ഷൻ ഏജന്റുമാർ ഷിനി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മർദം ചെലുത്തിയെന്നുമാണ് ആരോപണം.

വ്യാഴാഴ്ച ഉച്ചയോടെ ഏജന്റുമാർ രണ്ട് ബൈക്കുകളിലായി ഷിനിയുടെ വീട്ടിലെത്തി വരാന്തയിലിരുന്നതായി അയൽവാസികൾ പറയുന്നു. ഇതോടെ വീടിനകത്ത് കയറി ഷിനി വാതിലടച്ചു. അപകടം മണത്ത ഏജന്റുമാർ സ്ഥലംവിട്ടുവെന്നും നാട്ടുകാർ പറയുന്നു.

സംശയം തോന്നിയ അയൽവാസികൾ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ടൈൽസ് പണിക്കാരനായ ഭർത്താവ് രതീഷിനെ അറിയിച്ചു. ജോലിസ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിവരം അറിയിച്ചതിനെത്തുടർന്ന് അച്ഛൻ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നാട്ടുകാർ ബലംപ്രയോഗിച്ച് വാതിൽ തുറന്നു. ഉടൻ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ മരിച്ചു.

മക്കൾ: രാഹുൽ, രുദ്ര (ഇരുവരും എറിയാട് കെ.വി.എച്ച്.എസ്. സ്‌കൂൾ വിദ്യാർഥികൾ). ഷിനിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img