
സ്വകാര്യ ബസ് ഉടമകൾക്ക് പ്രതീക്ഷിച്ച ആശ്വാസം നൽകുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്ന വിമർശനവുമായി ബസ് ഉടമകൾ രംഗത്ത്. ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചെങ്കിലും, അതുവഴി പ്രതിദിന ചെലവിൽ 106.50 മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഇത് വലിയ പ്രഖ്യാപനമായി അവതരിപ്പിച്ചെങ്കിലും സ്വകാര്യ ബസ് മേഖലയ്ക്ക് കാര്യമായ ഗുണമില്ലെന്നാണ് അവരുടെ വിലയിരുത്തൽ.
കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ കാരണം ഒരു ബസിന് പ്രതിദിനം 1,000 മുതൽ 6,000 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്നും ബസ് ഉടമകൾ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ നിരവധി ബസുകൾ ജൂൺ 30ന് ശേഷം സർവീസ് നിർത്തേണ്ടിവരുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.
സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാൻ തങ്ങൾ തയ്യാറാണെങ്കിലും, കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ ധനസഹായം നൽകണമെന്നാണ് അവരുടെ ആവശ്യം. നിരവധി തവണ മുഖ്യമന്ത്രിയെ നേരിൽകണ്ട് മേഖലയിലെ പ്രതിസന്ധികൾ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു.
കെഎസ്ആർടിസി സർവീസ് ഇല്ലാത്ത റൂട്ടുകളിലാണ് ഇപ്പോൾ സ്വകാര്യ ബസുകൾക്ക് നിലനിൽക്കാൻ കഴിയുന്നതെന്ന് ബസ് ഉടമകൾ പറയുന്നു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാത്തതും, വിദ്യാർത്ഥി കൺസെഷൻ തുടരുന്നതും, ഡീസൽ സബ്സിഡി പ്രഖ്യാപിക്കാത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നാണ് അവരുടെ നിലപാട്.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും, ഈ നില തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി. അതേസമയം, നിലവിൽ സമരപരിപാടികൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.











