01:59pm 14 July 2026
NEWS
പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകൾക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ നഷ്ടമെന്ന് ഉടമകൾ
14/07/2026  09:37 AM IST
nila
പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകൾക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ നഷ്ടമെന്ന് ഉടമകൾ

പാലക്കാട്: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടായതായി ബസ് ഉടമകൾ. പദ്ധതി നിലവിൽ വന്ന ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടം നേരിട്ടതായാണ് അവരുടെ കണക്ക്. പ്രതിസന്ധി രൂക്ഷമായതോടെ 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും, നിലവിൽ ഓടുന്ന ബസുകളിൽ പലതും മുഴുവൻ ട്രിപ്പുകൾ നടത്താൻ കഴിയുന്നില്ലെന്നും അവർ അറിയിച്ചു.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ബസ് ഉടമകളുടെ വിശദീകരണം.

ചർച്ചയിൽ, സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് അതിന്റെ ചെലവ് സർക്കാർ വഹിക്കണം എന്ന ആവശ്യമാണ് ഉടമകൾ പ്രധാനമായും മുന്നോട്ടുവച്ചത്. ഇതോടൊപ്പം ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പുനഃപരിശോധിച്ച് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സൂചനാ പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

അതേസമയം, സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി ശാസ്ത്രീയമായി പഠിക്കാൻ സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മിഷണർ കെ. പദ്മകുമാർ അധ്യക്ഷനായ സമിതി ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. നാറ്റ്പാക്ക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി, ട്രാൻസ്‌പോർട്ട് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നാറ്റ്പാക്ക് ശാസ്ത്രജ്ഞൻ ഡോ. സജ്ജയ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

സ്വകാര്യ ബസ് മേഖല നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനായാണ് സമിതിയെ നിയോഗിച്ചതെന്ന് സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img