
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന നിലപാടിലാണ് ഉടമകൾ. സമര പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം. മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിലെ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകൾക്ക് നഷ്ടമുണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതാണ് പ്രധാനമായും സ്വകാര്യ മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതെന്നാണ് സമിതിയുടെ കണ്ടെത്തൽ.
സ്വകാര്യ ബസ് മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനായി കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, റൂട്ടുകളും സമയക്രമവും പുതുക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
എന്നാൽ, സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ വിമർശനം. റിപ്പോർട്ടിലെ ശുപാർശകൾ തങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ളതല്ലെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം ശക്തമായത്.










