03:45am 16 August 2026
NEWS
സിവിൽ പോലീസ് ഓഫീസറുടെ ജീവൻ കാക്കാൻ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര
15/08/2026  07:36 PM IST
nila
 സിവിൽ പോലീസ് ഓഫീസറുടെ ജീവൻ കാക്കാൻ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര

ചെങ്ങന്നൂർ: വേനൽച്ചൂടിലും റോഡിലെ തിരക്കിലും എപ്പോഴും കാണുന്നൊരു ചിരിയുണ്ടായിരുന്നു പ്രജിത്തിന്. പക്ഷേ, ആ പുഞ്ചിരിക്ക് പെട്ടെന്നാണ് കരിനിഴൽ വീണത്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രജിത്തിന്റെ കരളിനെയും വൃക്കകളെയും രോഗം കവർന്നെടുത്തപ്പോൾ, വിധി ആ കുടുംബത്തിന് മുന്നിൽ നീട്ടിയത് 50 ലക്ഷം രൂപയുടെ ചികിത്സാച്ചെലവാണ്. സാധാരണക്കാരായ ഒരു കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തുക.

​പക്ഷേ, പ്രജിത്ത് തനിച്ചല്ലെന്ന് ഈ നാട് തെളിയിച്ചു. പോലീസ് യൂണിഫോമിനോടും പ്രജിത്തിനോടുമുള്ള സ്നേഹം വരികൾക്കിടയിലല്ല, പ്രവർത്തിയിലൂടെയാണ് ചെങ്ങന്നൂരുകാർ വരച്ചിട്ടത്.

​ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ ഓടുന്ന അശ്വതി ട്രാവൽസ് എന്ന സ്വകാര്യ ബസ് ഓടിയത് സാധാരണ സർവീസായിരുന്നില്ല; പ്രജിത്തിന്റെ ജീവൻ നിലനിർത്താനുള്ള കാരുണ്യയാത്രയായിരുന്നു. രാവിലെ ചെങ്ങന്നൂർ സിഐ ആർ . രഗീഷ് കുമാർ.  ഫ്ലാഗ് ഓഫ് ചെയ്തതോടെ ആ ബസിലെ ഓരോ ടിക്കറ്റും പ്രജിത്തിനായുള്ള പ്രാർഥനയായി മാറി.

​ബസ് ഉടമ അരുണും പ്രോഗ്രാം കോർഡിനേറ്റർ ബാലു ശ്രീകുമാറും മുന്നിൽ നിന്ന് നയിച്ച ആ ദൗത്യം നാട് നെഞ്ചിലേറ്റി. ഒറ്റദിവസം അശ്വതി ട്രാവൽസ് നടത്തിയത് 16 ട്രിപ്പുകളാണ്. ബസിൽ കയറിയ യാത്രക്കാർ ടിക്കറ്റ് തുകയ്ക്ക് പുറമേ കൈയിലുള്ളതും നൽകി. വഴിയിലുടനീളം നാട്ടുകാരും ,  അഞ്ച് ബസ് ജീവനക്കാർ ഒരു ദിവസത്ത് വേതനം നല്കി ഈ നന്മയ്ക്കൊപ്പം കൈകോർത്തു.
​ദിവസം അവസാനിച്ചപ്പോൾ ആ കളക്ഷൻ ബോക്സിൽ സമാഹരിക്കപ്പെട്ടത് അര ലക്ഷത്തിലധികം രൂപയാണ്.  ഈ തുക സമാഹരണത്തിലൂടെ ഒരു നാട് മുഴുവൻ തനിക്കൊപ്പമുണ്ടെന്ന വലിയ ഉറപ്പാണ് ഈ കാരുണ്യയാത്ര പ്രജിത്തിന് നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img