09:14pm 13 August 2026
NEWS
പൊലീസ് ഉദ്യോ​ഗസ്ഥന്റെ ജീവൻ കാക്കാൻ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര
13/08/2026  08:13 PM IST
nila
പൊലീസ് ഉദ്യോ​ഗസ്ഥന്റെ ജീവൻ കാക്കാൻ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര


​ചെങ്ങന്നൂർ: നാടിന്റെ കാവലാളായി ജനമനസുകളിൽ ഇടംനേടിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് ജീവനും ജീവിതത്തിനുമിടയിലെ നേർത്ത വരയിൽ പോരാടുകയാണ്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രജിത്തിനാണ് ഈ ദുരിതയോഗം. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രജിത്തിന്റെ ജീവൻ നിലനിർത്താൻ അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണം. എന്നാൽ അതിനായി വേണ്ടിവരുന്നത് ഏകദേശം 50 ലക്ഷം രൂപയെന്ന വൻ തുകയാണ്.
സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. പ്രജിത്തിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഇപ്പോൾ നാടൊന്നാകെ കൈകോർക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ദിവസത്തെ മുഴുവൻ വരുമാനവും ചികിത്സാനിധിയിലേക്ക് നൽകിക്കൊണ്ട് മാന്നാർ റൂട്ടിൽ ഒരു കാരുണ്യ യാത്രയ്ക്ക് തുടക്കമിടുകയാണ് സ്വകാര്യ ബസ് ഉടമയും നാട്ടുകാരും.
​ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ ഓടുന്ന അശ്വതി ട്രാവൽസ്  എന്ന ബസിലാണ്  വെള്ളിയാഴ്ച
 ഈ കാരുണ്യ സർവീസ് നടക്കുക. യാത്രക്കാർ നൽകുന്ന ടിക്കറ്റ് തുകയും, ഉദാരമനസ്കരായ മനുഷ്യർ നൽകുന്ന സഹായങ്ങളും പൂർണമായും പ്രജിത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കൈമാറും.
​നമ്മുടെ സഹോദരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് ബുധനൂർ അശ്വതി ടൂറിസ്റ്റ് ആൻ്റ് ട്രാവൽസ് ഉടമകളായ അരുണും തരുണും പ്രോഗ്രാം കോ-ഓർഡിനേറ്റർ ബാലു ശ്രീകുമാറും പറഞ്ഞു.
​ചെറിയൊരു സഹായം ഒരു കുടുംബത്തിന് നൽകുന്നത് വലിയ പ്രതീക്ഷയാണ്. 
 ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും ഈ കാരുണ്യ യാത്രയുമായി പരമാവധി സഹകരിച്ച് പ്രജിത്തിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ പങ്കാളികളാകണമെന്നാണ് സംഘാടകരുടെയും സഹപ്രവർത്തകരുടെയും അഭ്യർഥന

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.