
തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണപ്പട്ടികയിൽ അടിമുടി മാറ്റത്തിന് ജയിൽ വകുപ്പ്. മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്തണമെന്നാണ് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്തിന്റെ ശുപാർശ. ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും പുതിയ ക്രമീകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ തടവുകാർക്ക് ആഴ്ചയിൽ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും നൽകുന്നുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനൊപ്പം 140 ഗ്രാം വീതം മീൻകറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നൽകുന്നത്.
മട്ടനായി മാത്രം വർഷം ഏകദേശം 5.72 കോടി രൂപയാണ് ജയിൽ വകുപ്പിന് ചെലവാകുന്നത്. മത്സ്യത്തിനായി 4.8 കോടി രൂപയും ചെലവഴിക്കുന്നുണ്ട്. മട്ടന് പകരം കോഴിക്കറി ഉൾപ്പെടുത്തിയാൽ ചെലവ് 1.26 കോടി രൂപയായി കുറയ്ക്കാനാകുമെന്നാണ് കണക്ക്. മീനിന് പകരം സോയാ ചങ്ക്സും മുട്ടയും നൽകാൻ ഏകദേശം 3.4 കോടി രൂപ മതിയാകുമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.
ഇരുവിഭാഗങ്ങളിലെയും ചെലവ് കുറച്ചാൽ വർഷം ഏകദേശം 10 കോടി രൂപയുടെ ലാഭം ഉണ്ടാക്കാനാകുമെന്നാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ. ഭക്ഷണക്രമത്തിലെ മാറ്റം തടവുകാരുടെ ആരോഗ്യത്തിന് ഗുണകരമാകുമെന്നും ശുപാർശയിൽ പറയുന്നു. പ്രത്യേകിച്ച് മട്ടൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന ആരോഗ്യപരമായ ആശങ്കയും ഇതിന് പിന്നിലുണ്ട്.
പുതിയ ഭക്ഷണക്രമം നടപ്പാക്കുന്നതോടെ ചെലവ് നിയന്ത്രിക്കുന്നതിനൊപ്പം തടവുകാർക്ക് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാനും കഴിയുമെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്.










