09:46pm 12 November 2026
NEWS
ഭക്ഷ്യവിപണിയുടെ സുസ്ഥിരതയ്ക്ക് മുൻഗണന: ഖത്തർ നഗരസഭ മന്ത്രി
11/04/2026  04:22 PM IST
nila
ഭക്ഷ്യവിപണിയുടെ സുസ്ഥിരതയ്ക്ക് മുൻഗണന: ഖത്തർ നഗരസഭ മന്ത്രി

ദോഹ: മേഖലയിലെ പുതിയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെ ഭക്ഷ്യവിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതെന്ന് നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്തിയ. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെയും പ്രാദേശിക ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെയും ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കന്നുകാലി ഉൽപ്പാദന കേന്ദ്രമായ അൽ അനാം ഫാക്ടറി മന്ത്രി സന്ദർശിച്ചു. കന്നുകാലികളെ വളർത്തുന്ന രീതികൾ, അറവുശാലയിലെ ഉൽപ്പാദന ലൈനുകൾ, സ്റ്റോക്ക് വിവരങ്ങൾ എന്നിവ അദ്ദേഹം വിലയിരുത്തി. പ്രാദേശിക വിപണിയിൽ ഇറച്ചി ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്രമാണിത്.ഉംസലാൽ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറികളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത അദ്ദേഹം നേരിട്ട് പരിശോധിച്ചു. മൊത്തവ്യാപാരത്തിനും ചില്ലറ വിൽപനയ്ക്കും ഒരുപോലെ ആശ്രയിക്കുന്ന രാജ്യത്തെ പ്രധാന ഭക്ഷ്യവിതരണ കേന്ദ്രമാണിത്.ഉൽപ്പാദന-വിതരണ മേഖലകളിൽ നേരിട്ടുള്ള നിരീക്ഷണം ശക്തമാക്കി വിപണിയിൽ വിലക്കയറ്റം തടയുന്നതിനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.
​ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്ന സമിതിയുടെ ചെയർമാൻ കൂടിയാണ് അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ. വിപണിയിൽ യാതൊരുവിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാകാതിരിക്കാൻ മന്ത്രാലയം ജാഗ്രത തുടരുമെന്നും അദ്ദേഹം അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img