05:17pm 06 November 2026
NEWS
ബ്രെക്സ്റ്റിന്റെ ശാപം പേറുന്ന പ്രധാനമന്ത്രിമാർ; ലേബർപാർട്ടിയുടെ ഭാവി എന്താകും ?
29/07/2026  02:47 PM IST
കല്ലമ്പലം അൻസാരി
ബ്രെക്സ്റ്റിന്റെ ശാപം പേറുന്ന പ്രധാനമന്ത്രിമാർ; ലേബർപാർട്ടിയുടെ ഭാവി എന്താകും ?

യു.കെയുടെ(യുണൈറ്റഡ് കിംഗ്ഡം) പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിലിരുന്ന ലേബർ കക്ഷി നേതാവായ കിർസ്റ്റാമറെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടാണ് ബേൺഹാമിന്റെ വരവ്. മുൻപ് രണ്ടുതവണ ലേബർ പാർട്ടി നേതൃത്വസ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട ബേൺഹാമിനെ മൂന്നാമത് തവണയാണ് ഭാഗ്യം കടാക്ഷിച്ചത്. നിലവിലുള്ള 403 ലേബർ പാർലമെന്റ് മെമ്പർമാരിൽ 322 പേർ വ്യക്തമായി അനുകൂലിച്ചത് ബേൺഹാമിനെ ആയിരുന്നു. അദ്ദേഹത്തിന് മറ്റൊരു എതിർസ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ ഏകകണ്ഠമായാണ് യു.കെയുടെ ചരിത്രത്തിലെ രാഷ്ട്രീയ അസ്ഥിരതകൾക്ക് നടുവിൽ ബേൺഹാം പുതിയ ചുമതലയേൽക്കുന്നത്.

2024 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നതും കിർസ്റ്റാമർ പ്രധാനമന്ത്രിയാകുന്നതും. ഹൗസ് ഓഫ് കോമൺസിലെ (അധോലോക സഭ) 650 മെമ്പർമാരിൽ 411 സീറ്റുകൾ പിടിച്ചടക്കിയായിരുന്നു സ്റ്റാമറുടെ വരവ്. ലേബർ പാർട്ടി ചരിത്രത്തിൽ നേടിയ ഭൂരിപക്ഷങ്ങളുടെ കണക്കിൽ ഇത് മൂന്നാം സ്ഥാനത്ത് വരും. എന്നാലും വോട്ട് ശതമാനത്തിന്റെ കാര്യത്തിൽ ഒട്ടും ആശ്വാസകരമായിരുന്നില്ല സ്ഥിതി. വെറും 34 ശതമാനം വോട്ടുകൾ മാത്രമാണ് ലേബർ പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിന് മേലുള്ള യു.കെ. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇത്രയും കുറഞ്ഞ വോട്ടിന്, ഇത്രയും സീറ്റുകൾ നേടി മറ്റൊരു പാർട്ടി അധികാരത്തിൽ വന്നു സംഭവിച്ചില്ല.

14 വർഷങ്ങൾ നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് 2024 ൽ ലേബർ കക്ഷി കിർസ്റ്റാമറുടെ നേതൃത്വത്തിൽ അധികാരത്തിലെത്തുന്നത്. 2010 ൽ അധികാരമേറ്റ ഡേവിഡ് കാമറൂൺ തുടങ്ങിവച്ച കൺസർവേറ്റീവ് ഭരണം 2024 ലാണ് ലേബർ പൊളിച്ചടുക്കിയത്. 2015 ൽ കാമറൂൺ രണ്ടാം തവണ അധികാരമേറ്റതോടെ ടോറികളുടെ കഷ്ടകാലത്തിനും യു.കെയുടെ രാഷ്ട്രീയ അസ്ഥിരതയ്ക്കും തുടക്കമായി. തെരഞ്ഞെടുപ്പിൽവിജയം കൊയ്യാനായി യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഒരു റഫറണ്ടം നടത്തുമെന്ന് കാമറൂൺ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ച തന്ത്രം പിന്നീട് കടുത്ത ധ്രുവീകരണത്തിലാണ് ചെന്നവസാനിച്ചത്. 'ബ്രെക്‌സിറ്റ്' എന്ന് പേരിട്ട് വിളിച്ച ഈ ജനഹിത പരിശോധന 2016 ജൂൺ 23 ന് നടന്നു. 51.89 ശതമാനം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ ബ്രെക്‌സിറ്റിന് അനുകൂലമായ വിധിയെഴുത്തുണ്ടായി. പിന്നീട് യുണൈറ്റഡ് കിംഗ്ഡം കണ്ടത് അധികാര വടംവലിയുടെയും പ്രധാനമന്ത്രിമാരുടെ വരവിന്റെയും പോക്കിന്റെയും ഒരു നീണ്ട ചരിത്രമാണ്.

ബ്രെക്‌സിറ്റിന് ചുക്കാൻ പിടിച്ച ഡേവിഡ് കാമറൂൺ അധികാരമേറ്റ് ഒരു വർഷം കഷ്ടിച്ച് തികച്ചപ്പോൾ അധികാരത്തിൽ നിന്ന് നിലംപൊത്തി. പിന്നീടുള്ള പത്തുവർഷക്കാലം കൺസർവേറ്റീവ് കക്ഷിയുടെ കാമറൂൺ ഉൾപ്പെടെയുളള അഞ്ച് ടോറി പ്രധാനമന്ത്രിമാരാണ് അധികാരത്തിൽ വന്നതും, അധികാരം ഒഴിഞ്ഞതും. 2016 ൽ കാമറൂണിന് പിന്നാലെ തെരേസ മെയ് അധികാരത്തിലെത്തി. ബ്രെക്‌സിറ്റിൽ നിന്ന് വേർപിരിയുന്നതിനുള്ള കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയതോടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ തെരേസ മെയ് 2019 ൽ ജൂലൈയിൽ രാജിവച്ചു. ബോറിസ് ജോൺസണാണ് പിന്നീട് പ്രധാനമന്ത്രിയായത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ജോൺസൺ വിജയം കാണുകയും, ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിയുന്നതിനുള്ള കരാർ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ നിരവധി വിവാദങ്ങളിൽ പെട്ട് 2022 സെപ്റ്റംബറിൽ ജോൺസൺ രാജിവച്ചു. പിന്നീട് വന്നതു ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി ഇരുന്ന ലിസ്ട്രസ് ആയിരുന്നു. വെറും 45 ദിവസങ്ങൾ മാത്രമേ അവർ 10 ഡൗണ്ടിംഗ് സ്ട്രീറ്റിൽ താമസിച്ചുള്ളൂ. 

ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വരവായിരുന്നു അടുത്തത്. 2022 ഒക്‌ടോബറിൽ പ്രധാനമന്ത്രി പദവിയിലെത്തിയ സുനക്ക് 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട് അധികാരത്തിൽ നിന്ന് പുറത്തായി. 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. നിരവധി മന്ത്രിമാരും, മുൻപ്രധാനമന്ത്രി ലിസ്ട്രസ് ഉൾപ്പെടെ വമ്പന്മാരും തോറ്റടിഞ്ഞ ഈ തെരഞ്ഞെടുപ്പിൽ ടോറികൾക്ക് ലഭിച്ചത് വെറും 121 സീറ്റാണ്. 2019 ൽ 365 സീറ്റുകൾ നേടി അധികാരത്തിൽ വന്ന കൺസർവേറ്റീവ് പാർട്ടിക്ക് 240 ലധികം സീറ്റുകൾ നഷ്ടമായി.

2024 ൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കിർസ്റ്റാമർക്കും മുൻഗാമികളായ പ്രധാനമന്ത്രിമാരുടെ ഗതികേട് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഏതാണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ ലേബർ പാർട്ടിക്ക് തങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ കാലാവധി തികപ്പിക്കാൻ പോലും കഴിഞ്ഞില്ല. ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രം തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന ഒരു കാലയളവാണ് ഇത്. വലിയ പ്രതീക്ഷകളോടെ അധികാരത്തിലെത്തിയ കിർസ്റ്റാമറുടെ സർക്കാരിനെതിരെ വലിയ ജനരോഷമാണ് പിന്നീട് പ്രകടമായത്. പല ഉപതെരഞ്ഞെടുപ്പുകളിലും ലേബർ പാർട്ടിയുടെ കുത്തക സീറ്റുകൾ തന്നെ കൈവിട്ടുപോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പതിറ്റാണ്ടുകളോളം ഭരണം നടത്തിയിരുന്ന തദ്ദേശസ്ഥാപനങ്ങൾ മറ്റുള്ളവർ പിടിച്ചെടുത്തു. 

ലേബർ സർക്കാരിനെതിരെയുള്ള ജനരോഷത്തിന്റെ പ്രധാനകാരണം കുടിയേറ്റ വിഷയം തന്നെയാണ്. അധികൃതവും, അനധികൃതവുമായ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ബ്രിട്ടീഷ് ജനത വലിയ അസ്വസ്ഥരാണ്. ഈ അസംതൃപ്തി വെള്ളക്കാരിൽ മാത്രമല്ല, പതിറ്റാണ്ടുകളായി യു.കെയിൽ കുടിയേറി ജീവിതം കെട്ടിപ്പടുത്ത പഴയ കുടിയേറ്റക്കാരിലും പ്രകടമാണ്. കാലാകാലങ്ങളായി ലേബർ പാർട്ടിക്ക് വോട്ട് ചെയ്തിരുന്ന ഈ കുടിയേറ്റക്കാർ ഇന്ന് വെള്ളക്കാരെക്കാൾ കൂടുതൽ അമർഷത്തോടെയാണ് ലേബറിനെതിരെ വോട്ട് കുത്തുന്നത്.

ലേബർ പാർട്ടി നേരിടുന്ന പ്രതിസന്ധിയെക്കാൾ ആഴത്തിലുള്ളതാണ് പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥിതി. 2024 ലെ തെരഞ്ഞെടുപ്പിലേറ്റ കനത്തതിരിച്ചടിയിൽ നിന്നും വീണ്ടും താഴേക്ക് പതിക്കുന്ന സ്ഥിതിയിലാണ് അവരിന്ന്. 2024 ലെ തോൽവിയോടെ അധികാരമൊഴിഞ്ഞ ഋഷി സുനക്കിന് പകരം അവർ പാർട്ടി നേതൃത്വം ഏൽപ്പിച്ചത് കെമി ബാഡെനോക്ക് എന്ന യുവനേതാവിനെയാണ്. കൺസർവേറ്റീവ് പാർട്ടിയെ നയിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയാണ് ബാഡെനോക്ക്. എന്നാൽ ബാഡെനോക്കിന്റെ കീഴിൽ ടോറികൾ ശോഷിച്ച് വരികയാണ്. അവരുടെ നേതാക്കന്മാരും, അണികളും കൂട്ടത്തോടെ റിഫോം യു.കെ എന്ന പുതിയ രാഷ്ട്രീയപ്പാർട്ടിയിലേക്ക് ചേക്കേറുകയാണ്.

കഴിഞ്ഞ രണ്ടുകൊല്ലത്തെ ബ്രിട്ടീഷ് രാഷ്ട്രീയചരിത്രത്തിലെ വിസ്മയമാണ് റിഫോം യുകെ പാർട്ടി. 2018 ൽ രൂപീകരണത്തിന് ശേഷം വലിയ പച്ചപിടിക്കാതെ നിന്ന ബ്രെക്‌സിറ്റ് പാർട്ടിയാണ് റിഫോം യു.കെ എന്ന പേരിൽ ഇപ്പോൾ ബ്രിട്ടനിലെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ലേബർ, കൺസർവേറ്റീവ് ലിബറൽ പാർട്ടികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത്. യു.കെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണം എന്ന ലക്ഷ്യത്തോടെയാണ് ബ്രെക്‌സിറ്റ് പാർട്ടി രൂപം കൊള്ളുന്നത്. ബ്രെക്‌സിറ്റ് നടപ്പിലായ ലക്ഷ്യം പൂർത്തീകരിച്ച ബ്രിട്ടനിലെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിഫോം യു.കെ എന്ന് പാർട്ടിയെ പുനർനാമകരണം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ പോരാടിയതോടെ പാർട്ടിയുടെ നില മെച്ചപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പിന് 15 ശതമാനത്തോളം വോട്ടും 5 സീറ്റുകളും നേടാൻ പാർട്ടിക്ക് കഴിഞ്ഞു. പരമ്പരാഗത കൺസർവേറ്റീവ് അണികളുടെ അടിവേരിളക്കിക്കൊണ്ടാണ് റിഫോം യു.കെ തെരഞ്ഞെടുപ്പിലെ കറുത്ത കുതിരയായത്. ടോറികളുടെ കനത്ത പരാജയത്തിന്റെ ഒരു കാരണം റിഫോം യു.കെ പിടിച്ച വോട്ടുകളാണ്.
2024 ലെ തെരഞ്ഞെടുപ്പിനുശേഷം റിഫോം യു.കെ മാസ്മരികമായ വളർച്ചയാണ് പ്രകടമാക്കിയത്. പാർട്ടി നേതാവ് നൈജൽ ഫരാഷ്ട് ജനപ്രിയ നേതാവായി മാറി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ മലർത്തിയടിച്ച് അവർ വിജയം കൊയ്തു. കൺസർവേറ്റീവ് പാർട്ടിയുടെ അണികളെ മാത്രമല്ല ലേബർ, ലിബറൽ പാർട്ടികളുടെ വോട്ടർമാരെയും ചോർക്കാൻ റിഫോം യു.കെയ്ക്ക് കഴിയുമെന്നായി. അങ്ങനെ ഒരു വലതുപക്ഷ സോഷ്യലിസ്റ്റ് ശക്തിയായി വളരുന്ന റിഫോം യു.കെയുടെ വെല്ലുവിളിക്ക് മുന്നിൽ കൂടിയാണ് കിർസ്റ്റാമർ രാജിവച്ച് ഒഴിയേണ്ടിവന്നത്.

ആർഡി ബേൺഹാമിനെ പ്രധാനമന്ത്രിയാക്കി റിഫോം യു.കെയും നൈജൽ ഫരാഷ്ട്രും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കഴിയുമോ എന്ന പരീക്ഷണമാണ് ലേബർ പാർട്ടി നടത്തുന്നത്. കഴിഞ്ഞ കുറെക്കാലമായി അഭിപ്രായ സർവ്വേകളിലെല്ലാം ലേബർ, കൺസർവേറ്റീവ് പാർട്ടികളെ കടത്തിവെട്ടി ഒന്നാം സ്ഥാനം നിലനിർത്തുന്നത് റിഫോം യു.കെയാണ്. പാർട്ടിയുടെ സാമ്പത്തികശ്രോതസ്സുകളെക്കുറിച്ച് നൈജൽ ഫരാഷ്ടിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ അദ്ദേഹം എം.പി സ്ഥാനം രാജിവയ്ക്കുകയും ആഗസ്റ്റിൽ നടക്കുന്ന മറ്റൊരു ജനവിധിക്ക് ഒരുങ്ങുകയുമാണ്. എന്നാൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ പ്രധാന രാഷ്ട്രീയപ്പാർട്ടികളൊന്നും തയ്യാറായിട്ടില്ല. പാർട്ടി ഫണ്ട് സമാഹരണത്തെക്കുറിച്ച് കടുത്ത ആരോപണങ്ങൾ നേരിടുന്നുണ്ടെങ്കിലും റിഫോം യു.കെ യുടെ ജനപ്രീതിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. 

റിഫോം യു.കെയുടെ ഈ വെല്ലുവിളി നേരിടാനാണ് ആൻഡി ബേൺഹാമിനെ ഇറക്കി ലേബർ പാർട്ടി പുതിയൊരു ശ്രമം നടത്തുന്നത്. മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ബേൺഹാം രണ്ടുതവണ ലേബർ പാർട്ടി നേതാവാകാൻ മത്സരത്തിനിറങ്ങിയതാണ്. രണ്ടുതവണയും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ട് പിൻമാറി. രണ്ടുതവണ മന്ത്രിസ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പാർലമെന്റ് സ്ഥാനാർത്ഥിത്വവും പാർട്ടി നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ മാഞ്ചസ്റ്ററിലെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ബേൺഹാം പാർലമെന്റിൽ എത്തിയത്. ബ്രിട്ടനിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ അദ്ദേഹം ഏത് ഭാഗത്തു നിൽക്കുമെന്ന് കണ്ടറിയണം. 

ലണ്ടനിലെ വരേണ്യ വിഭാഗത്തിൽ അധികാരം ഒതുങ്ങാതെ ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിലെ സാമാന്യജനങ്ങളെക്കൂടെ ഭരണത്തിലേക്ക് ആകർഷിക്കണമെന്ന നിലപാടാണ് ബേൺഹാമിന്. കിംഗ് ഓഫ് ദ നോർത്ത് എന്ന വിളിപ്പേര് അങ്ങനെ അദ്ദേഹത്തിന് ചാർത്തിക്കിട്ടിയതാണ്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, ജീവിതച്ചെലവ് കുറയ്ക്കുക, പൊതുസേവനങ്ങളെ ശക്തിപ്പെടുത്തുക, പ്രാദേശിക വികേന്ദ്രീകരണം നടപ്പാക്കും തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ബേൺഹാം ശക്തമായ ഇടപെടലുകൾ നടത്തി നഷ്ടപ്പെട്ടു പോയ ലേബർപാർട്ടിയുടെ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഇതിനുമപ്പുറം കുടിയേറ്റം എന്ന വിഷയം അന്തരീക്ഷത്തിലുണ്ട്. ബ്രെക്‌സിറ്റിന് കാരണമായത് യൂറോപ്യൻ കുടിയേറ്റമായിരുന്നു. മൊത്തം ജനസംഖ്യയുടെ 8 ശതമാനത്തോളം കുടിയേറ്റക്കാർ ആണെന്നാണ് കണക്ക്. റിഫോം യു.കെയ്ക്ക് അനുകൂലമായ ശക്തമായ വികാരം കുടിയേറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇക്കാര്യത്തിൽ ബേൺഹാമിന്റെ നിലപാടുകൾ കൂടി വ്യക്തമായാലേ ലേബറിന്റെ ഭാവി നിശ്ചയിക്കാനാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img