
ന്യൂഡൽഹി: അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ നടക്കുന്ന യോഗത്തിൽ നിലവിലെ ദേശീയ-അന്തർദേശീയ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം. എല്ലാ കേന്ദ്ര മന്ത്രിമാരും ഡൽഹിയിൽ തന്നെ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അതിന്റെ ഇന്ത്യയിലെ സാമ്പത്തിക പ്രത്യാഘാതങ്ങളാകും യോഗത്തിലെ പ്രധാന ചർച്ചാവിഷയം. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർധന, ഇന്ധന വിതരണത്തിലെ അനിശ്ചിതത്വം, പണപ്പെരുപ്പ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്.
സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ അംഗങ്ങളായ പ്രത്യേക മന്ത്രിതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യമായ എണ്ണയും എൽപിജി ശേഖരവും നിലവിലുണ്ടെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യോഗത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. ജൂൺ 10-ന് മോദി സർക്കാരിന്റെ മൂന്നാം കാലാവധിയുടെ ഒന്നാം വാർഷികം പൂർത്തിയാകാനിരിക്കെ മന്ത്രിസഭാ പുനഃസംഘടനയും വിപുലീകരണവും സംബന്ധിച്ച ചർച്ചകൾ ശക്തമാണ്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തുന്നതും പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുക. ഇന്നത്തെ യോഗം ഇതുസംബന്ധിച്ച നിർണായക ചുവടുവയ്പ്പായേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.










