
ലൂസേൺ (ക്യൂഎൻഎ): സ്വിറ്റ്സർലൻഡിൽ ആരംഭിച്ച ലേക്ക് ലൂസേൺ ഉച്ചകോടിയിലും ഉന്നതതല സമിതിയുടെ ആദ്യ യോഗത്തിലും ഖത്തർ പ്രതിനിധിസംഘത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി നയിച്ചു. യു.എസ്, ഇറാൻ എന്നീ ചർച്ചാ കക്ഷികളും മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, പാകിസ്താൻ എന്നിവരും പങ്കെടുത്ത ഉന്നതതല യോഗത്തിൽ ലോകനേതാക്കളുടെ വൻ നിരയാണ് അണിനിരന്നത്.
അമേരിക്കൻ പ്രതിനിധിസംഘത്തെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പാകിസ്താൻ സംഘത്തെ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും നയിച്ചപ്പോൾ, ഇറാന്റെ പ്രതിനിധിയായി ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലി സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പങ്കെടുത്തു. കൂടാതെ, സാങ്കേതിക ചർച്ചകളുടെ നിയന്ത്രണ ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിനുള്ള ഉന്നതതല യോഗത്തിലും ഖത്തർ പ്രധാനമന്ത്രി പങ്കാളിയായി.യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖത്തർ പ്രധാനമന്ത്രി സംസാരിച്ചു. ഈ ആഴ്ച യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം മാസങ്ങളായുള്ള മധ്യസ്ഥശ്രമങ്ങളുടെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംഘർഷങ്ങളിൽ നിന്നും ഏറ്റുമുട്ടലുകളിൽ നിന്നും മാറി സുസ്ഥിരതയിലേക്കും നിയന്ത്രണങ്ങളിലേക്കും നയിക്കുന്ന ഒരു സുപ്രധാന വഴിത്തിരിവാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നയതന്ത്ര പ്രക്രിയയിലുടനീളം ധീരമായ നേതൃത്വവും പ്രതിബദ്ധതയും പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയൻ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ നേട്ടത്തിനായി അശ്രാന്തമായി പരിശ്രമിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, യു.എസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നർ എന്നിവരുടെ പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.ഈ നയതന്ത്ര നീക്കങ്ങൾക്ക് തുടക്കമിടുകയും അതിന്റെ വിവിധ ഘട്ടങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്ത പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ്, സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരോടുള്ള ഖത്തറിന്റെ ആഴമേറിയ നന്ദി പ്രധാനമന്ത്രി രേഖപ്പെടുത്തി. സംഘർഷം ലഘൂകരിക്കാൻ പാകിസ്താനുമായി ചേർന്ന് ഒരു യഥാർത്ഥ പങ്കാളിയായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഖത്തറിന് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










