
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരുന്നില്ല. ഇന്ന് ഉച്ചക്ക് 12.30-ഓടെ ചുരാചന്ദ്പുരിലെത്തുന്ന മോദി, ചുരാചന്ദ്പുരിലും ഇംഫാലിലും ഏതാനും ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് അദ്ദേഹം അസമിലേക്ക് പോകും.
മിസോറം തലസ്ഥാനമായ ഐസ്വാളിൽനിന്നാണ് മോദി മണിപ്പൂരിലേക്കെത്തുക. മിസോറമിൽ 51 കിലോമീറ്റർവരുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ് റെയിൽപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് മണിപ്പൂരിലെ കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലെത്തുന്ന മോദി 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തറക്കല്ലിടും. മെയ്ത്തി-കുക്കി മേഖലകൾക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും.
കുക്കി സോ കൗൺസിൽ കഴിഞ്ഞ ദിവസം മോദിയുടെ സന്ദർശനത്തെ സ്വാഗതംചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുക്കി ഗോത്രവിഭാഗങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, മെയ്ത്തികളിൽ വലിയൊരു വിഭാഗവും പ്രധാനമന്ത്രിയുടെ വരവിൽ തൃപ്തരല്ല. ആറ് നിരോധിത സംഘടനകളുൾപ്പെട്ട കോഡിനേഷൻ കമ്മിറ്റി (കോർകോം), പ്രധാനമന്ത്രിയെത്തുന്ന ശനിയാഴ്ച സമ്പൂർണ അടച്ചിടൽസമരം പ്രഖ്യാപിച്ചു.











