
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. ‘വന്ദേമാതരം’ ആലപിച്ചതിന് പിന്നാലെ രാവിലെ 7.30ഓടെയായിരുന്നു പതാക ഉയർത്തിയത്. തുടർന്ന് 21 ആചാരവെടികൾ മുഴക്കി. വ്യോമസേനയുടെ എം-17 ഹെലികോപ്റ്ററുകളിൽനിന്ന് ചെങ്കോട്ടയിലേക്ക് പുഷ്പവൃഷ്ടിയും നടത്തി.
ദേശീയപതാകയേന്തിയ ഹെലികോപ്റ്ററിനൊപ്പം ‘വന്ദേമാതരം’ എന്നെഴുതിയ ഹെലികോപ്റ്ററും പുഷ്പവൃഷ്ടിയിൽ പങ്കെടുത്തു. പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
പുത്തൻ പ്രതീക്ഷകളോടെ ഇന്ത്യ മുന്നേറുകയാണെന്നും വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യാത്രയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുമെന്നും അതിനായി രാജ്യത്തെ ജനങ്ങൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ സാമ്പത്തിക, സാങ്കേതിക മേഖലകളിൽ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചതായി മോദി ചൂണ്ടിക്കാട്ടി. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നും ഡിജിറ്റൽ മേഖലയിൽ നിർണായക നേട്ടങ്ങൾ കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യനിർമാർജനത്തിൽ പുരോഗതിയുണ്ടായതായും നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമായി മാറിയതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സാങ്കേതിക രംഗത്തെ മാറ്റങ്ങളും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ പലമടങ്ങ് വർധിച്ചു. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറിയെന്നും സെമികണ്ടക്ടർ മേഖലയിലും വലിയ പുരോഗതിയുണ്ടായെന്നും മോദി വ്യക്തമാക്കി.
ആണവോർജ മേഖലയിലും ഊർജസുരക്ഷയിലും ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി വർധിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.











