
ദോഹ: കുട്ടികളുടെ സമഗ്രമായ ആരോഗ്യവും പ്രതിരോധ ആരോഗ്യ പരിപാലനവും ലക്ഷ്യമിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) ആരോഗ്യ വിദ്യാഭ്യാസ വിഭാഗം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷന്റെ സഹകരണത്തോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 7 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ഇന്ററാക്ടീവ് സെഷനുകൾ നടത്തിയത്.
കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ പോഷകാഹാരം, ആവശ്യത്തിന് വെള്ളം കുടിക്കൽ, വ്യക്തിശുചിത്വം, വായയുടെയും പല്ലുകളുടെയും ആരോഗ്യം, കായിക വ്യായാമങ്ങൾ, നല്ല ഉറക്കം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വിശദമായ അവബോധം നൽകി.സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പ്രതിരോധ ആരോഗ്യം ഉറപ്പാക്കുന്നത് ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങളിലേക്ക് എത്തുവാൻ സഹായിക്കുമെന്ന് പി.എച്ച്.സി.സി കലിനിക്കൽ ഓപ്പറേഷൻസ് ഡയറക്ടർ ഡോ. മറിയം അൽ ഇമാദിയും ബോധവൽക്കരണ വിഭാഗം ആക്ടിംഗ് ഡയറക്ടർ ഡോ. സാറ റാഷിദ് മൂസയും വ്യക്തമാക്കി.











