11:30am 21 September 2026
NEWS
കൈക്കൂലിക്ക് പ്രഥമദൃഷ്ട്യാ തെളിവെന്ന് നിയമോപദേശം; മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കാം


21/09/2026  08:53 AM IST
nila
കൈക്കൂലിക്ക് പ്രഥമദൃഷ്ട്യാ തെളിവെന്ന് നിയമോപദേശം; മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കാം

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിയമോപദേശം. കൈക്കൂലി വാങ്ങിയതും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ അന്വേഷിക്കാമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശത്തിലെ നിർദേശം.

വീണാ വിജയൻ കൈപ്പറ്റിയ പണം പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലിയായി കണക്കാക്കാമെന്ന നിഗമനവും നിയമോപദേശത്തിലുണ്ട്. പൊതുപ്രവർത്തകൻ നേരിട്ട് പണം കൈപ്പറ്റണമെന്നില്ലെന്നും മൂന്നാം കക്ഷി മുഖേന പണം ലഭിച്ചാലും അത് കുറ്റകരമാകാമെന്നും നിയമോപദേശം വ്യക്തമാക്കുന്നു.

കൈക്കൂലി നൽകിയത്, വാങ്ങിയത്, പണം കൈമാറിയത് എന്നിവ സംബന്ധിച്ച് തെളിവുകളുണ്ടെന്നാണ് നിയമോപദേശത്തിലെ പരാമർശം. സി.എം.ആർ.എൽ. ഉടമ ശശിധരൻ കർത്തയുടെ മൊഴിയും ഇതിന് സ്ഥിരീകരണമായി ചൂണ്ടിക്കാട്ടുന്നു. ചെയ്യാത്ത സേവനത്തിനാണ് പണം നൽകിയതെന്നും ഇത് പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലിയായി ഉദ്യോഗസ്ഥന് അനുമാനിക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.

വീണാ വിജയൻ കൈപ്പറ്റിയ തുക നിയമാനുസൃതമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പരാമർശിക്കുന്നു. ഈ കണ്ടെത്തലുകൾ പിണറായി വിജയനോ വീണാ വിജയനോ കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും രേഖയിൽ പറയുന്നു.

ഇ.ഡിയുടെ രേഖകളിൽ പരാമർശിക്കുന്ന ‘പ്രമുഖ വ്യക്തി’ പിണറായി വിജയനാണെന്ന നിലപാടും നിയമോപദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലെ അഴിമതി നിരോധന നിയമ ഭേദഗതിക്ക് മുൻപും ശേഷവും ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ ഇടപാടുകളുടെ കാലയളവനുസരിച്ച് ഭേദഗതിക്ക് മുൻപുള്ളതും ശേഷമുള്ളതുമായ നിയമവകുപ്പുകൾ പ്രകാരം അന്വേഷണം നടത്താനാകുമെന്നും നിയമോപദേശം വ്യക്തമാക്കുന്നു.

വീണാ വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനും നിയമപരമായ തടസ്സമില്ലെന്നാണ് നിയമോപദേശത്തിലെ നിലപാട്. അഴിമതി നിരോധന നിയമത്തിനൊപ്പം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം സംബന്ധിച്ച വകുപ്പുകളും പരിഗണിക്കാമെന്നും വ്യക്തമാക്കുന്നു.

ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം. സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ പൂർണ്ണ ഉള്ളടക്കമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img