
"പൗരോഹിത്യം ദൈവത്തിനും മനുഷ്യർക്കുമായി ഒരു വ്യക്തിക്ക് നടത്താവുന്ന സമർപ്പണത്തിന്റെ സൗന്ദര്യം സമ്പൂർണ്ണമായി വ്യക്തമാക്കുന്ന വിളിയാണ്. അതുകൊണ്ടുതന്നെ ഏതു കാലഘട്ടത്തിലും പുരോഹിതന്റെ നിസ്വാർത്ഥ സമർപ്പണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് അനിവാര്യമാണ്" സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. 2025 നവംബർ 24 നു സീറോ മലബാർസഭയുടെ ക്ലർജി കമീഷന്റെ ആഭിമുഖ്യത്തിൽ, സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ- രജത ജൂബിലി വർഷത്തിലുള്ളവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മേജർ ആർച്ചുബിഷപ് ഇത് പറഞ്ഞത്. സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നുമായി നാല്പതോളം വൈദികരാണ് ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ സെക്രട്ടറി റെവ. ഫാ ടോം ഓലിക്കരോട്ട് എന്നിവരും ജൂബിലേറിയന്സിന് ആശംസകൾ നേർന്നു സംസാരിച്ചു.








