08:14am 09 September 2026
NEWS
പള്ളിമുറ്റത്ത് കൃഷ്ണഭക്തിഗാനം ആലപിച്ച് വൈദികൻ; മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ച
09/09/2026  07:57 AM IST
nila
പള്ളിമുറ്റത്ത് കൃഷ്ണഭക്തിഗാനം ആലപിച്ച് വൈദികൻ; മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ച

കോട്ടയം: പള്ളിമുറ്റത്തെ വേദിയിൽ മുഴങ്ങിയത് കൃഷ്ണഭക്തിഗാനം. ആലാപിച്ചത് ഒരു വൈദികനും. മതസൗഹാർദത്തിന്റെ മനോഹരമായ സന്ദേശമായി മാറിയിരിക്കുകയാണ് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ ഈ വേറിട്ട കാഴ്ച.

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ഹൈന്ദവ വിശ്വാസികളുടെ അഭ്യർഥന മാനിച്ചാണ് ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് വേദിയിലെത്തി ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ചത്.

യേശുദാസ് ആലപിച്ച് ശ്രദ്ധേയമായ 'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ' എന്ന ഗാനമാണ് വൈദികൻ തിരഞ്ഞെടുത്തത്. ഭക്തിയും ആർദ്രതയും നിറഞ്ഞ ആലാപനം സദസ്സിന്റെ ഹൃദയം കീഴടക്കി. ഗാനം അവസാനിച്ചതോടെ നിരവധി വിശ്വാസികൾ വേദിയിലേക്ക് ഓടിയെത്തി ഫാ. ഫ്രാൻസിസിനെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ സ്‌നേഹപ്രകടനം തന്നെ ഏറെ വികാരഭരിതനാക്കിയെന്ന് ഫാ. ഫ്രാൻസിസ് പറയുന്നു. ഗാനം ആലപിക്കണമെന്ന ആവശ്യം നിരസിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ഗുരുവായൂരപ്പനോടുള്ള ഹൈന്ദവ സഹോദരങ്ങളുടെ ഭക്തി ഒരു പാട്ടിലൂടെ പങ്കുവെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരിൽ വേർതിരിവുകളും വിദ്വേഷ പ്രചാരണങ്ങളും ശക്തമാകുന്ന കാലത്താണ് ഇത്തിത്താനത്തെ ഈ സംഭവം ശ്രദ്ധ നേടുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ ഒരു ക്ഷേത്രത്തിൽ 'നന്ദഗോവിന്ദം ഭജൻസ്' ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതും സമാനമായ രീതിയിൽ മതസൗഹാർദത്തിന്റെ സന്ദേശമായിരുന്നു. എന്നാൽ ആ സംഭവത്തെ ചില തീവ്ര മതവാദികൾ വിമർശിക്കുകയും ക്ഷേത്രത്തിലെ ക്രിസ്ത്യൻ ഭക്തിഗാനാലാപനം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 'പള്ളിയിൽ ഹൈന്ദവ ഭക്തിഗാനം ആലപിക്കാൻ അനുവദിക്കുമോ?' എന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു.

ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികന്റെ ആലാപനം ആ ചോദ്യത്തിനുള്ള സ്‌നേഹനിർഭരമായ മറുപടിപോലെയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മതങ്ങൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലും പരസ്പര വിശ്വാസങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നതിന്റെ സന്ദേശമാണ് ഈ ഗാനമേള പകർന്നത്.

ഫാ. ഫ്രാൻസിസ് പുല്ലുകാട്ടിന്റെ ആലാപനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img