04:51pm 18 April 2026
NEWS
മതത്തിനും ഉപരിയായ മനുഷ്യസ്നേഹം; ശ്രീക്കുട്ടിയുടെ വിവാഹത്തിൽ ഹൈന്ദവാചാരപ്രകാരം പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചുകൊടുത്തത് ക്രിസ്ത്യൻ പുരോഹിതൻ
14/04/2026  09:46 AM IST
nila
മതത്തിനും ഉപരിയായ മനുഷ്യസ്നേഹം; ശ്രീക്കുട്ടിയുടെ വിവാഹത്തിൽ ഹൈന്ദവാചാരപ്രകാരം പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചുകൊടുത്തത് ക്രിസ്ത്യൻ പുരോഹിതൻ

മുണ്ടക്കയം: ഹിന്ദുമതാചാര പ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് നിന്ന് കർമ്മകൾ ചെയ്തത് ക്രിസ്ത്യൻ പുരോഹിതൻ. മുണ്ടക്കയത്ത് നിന്നാണ് കേരളത്തിന്റെ മതമൈത്രിയുടെ മറ്റൊരു നേർചിത്രം ഇപ്പോൾ പുറത്തുവരുന്നത്. വണ്ടൻപതാൽ ബെത്‍ലഹേം ആശ്രമത്തിലെ അന്തേവാസിയായ ശ്രീക്കുട്ടി (പാർവതി)യുടെ വിവാഹചടങ്ങാണ് മതത്തിനും ഉപരിയാണ് മനുഷ്യസ്നേഹം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചത്. ശ്രീക്കുട്ടിയുടെ കൈപിടിച്ച് വരന് നൽകിയത് ക്രിസ്ത്യൻ വൈദികനായ ഫാ. റോയ് മാത്യുവാണ്. 

ഒരു വയസ്സുള്ളപ്പോഴാണ് പാർവതി ആശ്രമത്തിലെത്തിയത്. അന്നുമുതൽ പാർവതിയെ സംരക്ഷിച്ച് വളർത്തിയ ഫാ. റോയ് മാത്യു തന്നെയാണ് ഈ വിവാഹത്തിൽ പിതാവിന്റെ സ്ഥാനത്ത് നിന്നത്.ചെറുപ്പംമുതൽ പാർവതിയെ “ശ്രീക്കുട്ടി” എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം, വിവാഹപ്രായം എത്തിയപ്പോൾ വിവാഹത്തിനുള്ള എല്ലാ ക്രമീകരണങ്ങളും മുൻകൈയെടുത്ത് നടത്തി. വണ്ടൻപതാൽ സെന്റ് പോൾസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിക്ക് താലിചാർത്തി.

ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങിൽ ശാന്തിയും കാർമികനായി പങ്കെടുത്തു. വധുവിന്റെ കൈപിടിച്ച് വരനെ ഏൽപ്പിക്കേണ്ട പിതാവിന്റെ ചുമതല ഫാ. റോയ് മാത്യു നിർവഹിച്ചത് ചടങ്ങ് മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷങ്ങളിലൊന്നാണിത് എന്ന് ഫാ. റോയ് മാത്യു പറഞ്ഞു. ഇടുക്കി പെരുവന്താനം സ്വദേശിയായ അദ്ദേഹം ഓർഫനേജ് കൺട്രോൾ ബോർഡംഗവുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img