
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. കരാർ അനുസരിച്ച് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവയിൽ വൻ ഇളവ് ലഭിക്കും. ഇതോടെ സ്കോച്ച് വിസ്കി, ആഡംബര കാറുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
കരാറിന്റെ ഭാഗമായി ഓട്ടോമൊബൈൽ മേഖലയ്ക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. ക്വാട്ട അടിസ്ഥാനത്തിലുള്ള സംവിധാനത്തിൽ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നിലവിലുള്ള 100 ശതമാനം താരിഫ് വെറും 10 ശതമാനമായി കുറയ്ക്കും. ഇതോടെ ലാൻഡ് റോവർ, ജാഗ്വാർ, റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, ഡിഫൻഡർ തുടങ്ങിയ ആഡംബര വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കപ്പെടുന്നു.
ആദ്യ വർഷം കുറഞ്ഞ തീരുവയിൽ 20,000 വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ട്. 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകൾക്കും 2500 സിസിക്ക് മുകളിലുള്ള ഡീസൽ കാറുകൾക്കും കസ്റ്റംസ് തീരുവ 110 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയും. 1500 മുതൽ 3000 സിസി വരെയുള്ള 5,000 വാഹനങ്ങൾക്ക് നിലവിലെ 66 ശതമാനം തീരുവ 50 ശതമാനമാകും. പിന്നീട് ഘട്ടംഘട്ടമായി കുറച്ച് 15 വർഷത്തിനകം 10 ശതമാനത്തിലെത്തിക്കും.
സ്കോച്ച് വിസ്കി വിപണിക്കും ഈ കരാർ വലിയ ഉണർവാണ് നൽകുന്നത്. നിലവിൽ 150 ശതമാനം ഇറക്കുമതി തീരുവയാണ് സ്കോച്ച് വിസ്കിക്ക് ബാധകമായിരിക്കുന്നത്. എഫ്‌ടിഎ പ്രാബല്യത്തിൽ വരുന്നതോടെ ഈ തീരുവ ഘട്ടംഘട്ടമായി 40 ശതമാനമായി കുറയ്ക്കും. ഇതോടെ സ്കോച്ച് വിസ്കിയുടെ വിലയിൽ ശ്രദ്ധേയമായ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സൗന്ദര്യവർദ്ധക വസ്തുക്കൾ ഉൾപ്പെടെ നിരവധി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്കും പരമാവധി 22 ശതമാനം വരെയുള്ള താരിഫ് ഉടൻ അല്ലെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ പൂർണമായും ഒഴിവാക്കും.
അതേസമയം, ഇന്ത്യൻ കയറ്റുമതിക്കാർക്കും കരാർ വലിയ അവസരങ്ങളാണ് തുറക്കുന്നത്. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ തുടങ്ങി ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുകെ വിപണിയിൽ നികുതി രഹിതമോ കുറഞ്ഞ തീരുവയോടെയോ പ്രവേശിക്കും. നിലവിൽ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് 12 ശതമാനവും രാസവസ്തുക്കൾക്ക് 8 ശതമാനവും അടിസ്ഥാന ലോഹങ്ങൾക്ക് 10 ശതമാനവും തീരുവയുണ്ടെങ്കിലും, കരാർ നടപ്പിലാകുന്നതോടെ ഇന്ത്യൻ കയറ്റുമതിയിലെ 99 ശതമാനം ഉൽപ്പന്നങ്ങളും 'പൂജ്യം ശതമാനം' തീരുവ ആനുകൂല്യം നേടും.
ബ്രിട്ടീഷ് സർക്കാരിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുമായുള്ള ഈ സ്വതന്ത്ര വ്യാപാര കരാർ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ 4.8 ബില്യൺ പൗണ്ടിന്റെ അധിക വളർച്ചയും യഥാർത്ഥ വേതനത്തിൽ 2.2 ബില്യൺ പൗണ്ടിന്റെ വർധനയും സൃഷ്ടിക്കും. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചതിൽ ഏറ്റവും വലിയ സമഗ്ര വ്യാപാര കരാറെന്ന വിശേഷണവും ലണ്ടൻ ഈ എഫ്‌ടിഎയ്ക്ക് നൽകിയിട്ടുണ്ട്.











