08:46am 19 April 2026
NEWS
വിലക്കയറ്റം തിരിച്ചടിയായി; താരിഫ് നയത്തിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്
15/11/2025  12:12 PM IST
nila
വിലക്കയറ്റം തിരിച്ചടിയായി; താരിഫ് നയത്തിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

താരിഫ് നയത്തിൽ ഇളവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് വർധനവിന് പിന്നാലെ രാജ്യത്ത് വിലക്കയറ്റം കൂടുകയും, ന്യൂയോർക്കിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് താരിഫിൽ ഇളവ് വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്. ഇതോടെ, കാപ്പി, വാഴപ്പഴം, ബീഫ് എന്നിവ ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളിലെ ഇറക്കുമതി താരിഫുകൾ ഒഴിവാക്കി.

മുമ്പ് വിലക്കയറ്റത്തെ കുറിച്ചുള്ള പ്രശ്നങ്ങളെ ട്രംപ് അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ അടുത്തിടെയുള്ള തിരഞ്ഞെടുപ്പ് ഫലം ഭരണകൂടത്തെ താരിഫ് വർധന സംബന്ധിച്ച പുനർവിചിന്തനത്തിന്  പ്രേരിപ്പിച്ചു. അവോക്കാഡോ, തക്കാളി, തേങ്ങ, മാമ്പഴം പോലുള്ള അമേരിക്കയിൽ മതിയായ അളവിൽ ഉത്പാദിപ്പിക്കാൻ കഴിയാത്ത വസ്തുക്കൾക്കാണ് താരിഫ് ഇളവ് നൽകിയിരിക്കുന്നത്. ആഭ്യന്തര ഉത്പാദനം പോരെന്നതിനാലാണ് ഈ ഇളവുകൾ നൽകിയതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

ഇളവ് ലഭിച്ച പ്രധാന ഉത്പന്നങ്ങൾ

വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പട്ടികയിൽ ഇനി മുതൽ തീരുവകൾ ബാധകമല്ലാത്ത 100-ലധികം ഉത്പന്നങ്ങൾ ഉൾപ്പെടുന്നു. അതിൽ ചിലത് ഇവയാണ്:

കാപ്പി, കൊക്കോ, ബ്ലാക് ടീ, ഗ്രീൻ ടീ, വാനില ബീൻസ്, ബീഫ് ഉൽപ്പന്നങ്ങൾ, അക്കായി, അവോക്കാഡോ, വാഴപ്പഴം, തേങ്ങ, പേരയ്ക്ക, ചെറുനാരങ്ങ, ഓറഞ്ച്, മാമ്പഴം, നേന്ത്രപ്പഴം, പൈനാപ്പിൾ, വിവിധയിനം മുളകുകൾ, തക്കാളി, സർവ്വസുഗന്ധി, കറുവയില, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, കറി പൗഡർ, പെരുംജീരകം, ഇഞ്ചി, ജാതിപത്രി, ജാതിക്ക, ഒറിഗാനോ, പപ്രിക, കുങ്കുമപ്പൂവ്, മഞ്ഞൾ എന്നിവ ഉൾപ്പെടെ

അണ്ടിപ്പരിപ്പുകൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, ബാർളി, ബ്രസീൽ നട്ട്, കേപ്പർ, കശുവണ്ടി, ചെസ്റ്റ്നട്ട്, മക്കാഡാമിയ നട്ട്, മിസോ, പനയുടെ കൂമ്പ്, പൈൻ നട്ട്, കസ്‌കസ്, മരച്ചീനി, ചേമ്പ്.

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന തീരുവയും, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങൾക്കും അധിക തീരുവകളും ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ഇത് യുഎസ് ഉപഭോക്താക്കൾക്ക് വില വർദ്ധനവിന് കാരണമാകില്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img