
ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന നിലപാടുള്ളവരാണ്. നിർണായകമായ രണ്ടു തെരഞ്ഞെടുപ്പുകളുടെ വെറും മാസങ്ങളുടെ മാത്രം വ്യത്യാസത്തിൽ നേരിടേണ്ട പാർട്ടി ഇപ്പോൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാംഗത്വം രാജിവെക്കുന്ന കാര്യം ചിന്തയിൽ പോലുമില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയത്. അത്തരമൊരു നിലപാട് തുടർന്നാൽ പുറത്താക്കൽ അടക്കമുള്ള കടുത്ത അച്ചടക്കനടപടികളിലേക്ക് കടക്കണമെന്നും നേതാക്കളിൽ അഭിപ്രായമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഭാഗമായി തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു എന്നാണ് റിപ്പോർട്ട്.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും പ്രധാന നേതാക്കളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നേതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ഏകാഭിപ്രായമില്ല എന്നതാണ് വസ്തുത.
നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ അക്കാര്യം പരസ്യമാക്കി. ആരോപണങ്ങളുണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാൻ പാർട്ടിയും രാഹുലും ഉടനടി എടുത്ത തീരുമാനമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.











