05:07pm 28 September 2026
NEWS
വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
20/05/2025  06:46 PM IST
nila
വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷമാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗിന്റെ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമത്വവും നീതിയും മാനവികതയും ഉൾക്കൊള്ളുന്ന നവകേരളമെന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കുന്ന നയസമീപനമാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഓരോ പദ്ധതികളും എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. 

വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപനറാലിയിൽ ഈ വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള നയമാണ് സർക്കാർ നടപ്പാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നൂറു ശതമാനം നിർമാണ പ്രവർത്തികളും നടപ്പായത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ദേശീയ പാതാവികസനം എൽഡിഎഫിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയത്തിന് ഭൂമി ഏറ്റെടുത്തു നൽകാത്തതിനാൽ ദേശീയ പാത അതോറിട്ടി ഓഫിസ് അടച്ചുപൂട്ടുന്ന സാഹചര്യമായിരുന്നു എങ്കിലും എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം 25 ശതമാനം പിന്തുണയോടെ ദേശീയപാത വികസനം നടപ്പാക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അർഹമായ പലതും തടഞ്ഞുവച്ച് കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തെ അതിജീവിച്ച ഇച്ഛാശക്തിയാണ് സർക്കാരിനുള്ളത്. അതിനാൽ എല്ലാം സർക്കാർ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ, കൊച്ചി മെട്രോ തുടങ്ങി പല രംഗങ്ങളിലും മികച്ച മുന്നേറ്റമാണ് ഇടതുസർക്കാർ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഒരു ഘട്ടത്തിലുണ്ടായിരുന്നു. അതു തീർത്തും അപ്രത്യക്ഷമായി. അസാധ്യമെന്നു വെല്ലുവിളിച്ചവരൊക്കെ നിശബ്ദരായി. മാറ്റങ്ങൾ പ്രകടമാണ്. ഇവ ജനം സ്വജീവിതത്തിൽ അനുഭവിക്കുന്നു. വാർഷികപരിപാടികളിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടാകുന്നത്. മികച്ച പങ്കാളിത്തം മാത്രമല്ല പുതിയ കേരളം ഏങ്ങനെയാകണമെന്നതു സംബന്ധിച്ച് ക്രിയാത്മക ചർച്ചകളും അഭിപ്രായസ്വരൂപീകരണവും ഈ വാർഷിക പരിപാടികളിൽ ഉണ്ടാകുന്നു. ആരോഗ്യരംഗത്തും മികച്ച പുരോഗതിയാണ് സംസ്ഥാനത്തുണ്ടായത്. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബ് ആരംഭിച്ചു. കോവിഡിനെതിരെ ശക്തവും ശാസ്ത്രീയവുമായ പ്രതിരോധമാണ് നടപ്പാക്കിയത്. കോവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയത് കേരളമായിരുന്നുവെന്നതും പുറത്തുവന്നു കഴിഞ്ഞു. നാലുവർഷത്തിടെ ഏഴായിരം കോടി രൂപയുടെ സൗജന്യചികിത്സയാണ് കേരളത്തിൽ നൽകിയത്. വാർഡ് തലത്തിൽ‍ 5409 ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ആരംഭിച്ചത്. രണ്ടു മെഡിക്കൽ കോളജുകൾ ഈ കാലയളവിൽ ആരംഭിച്ചു. മെഡിക്കൽ നഴ്സിങ് സീറ്റുകൾ ഗണ്യമായി വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രസരണരംഗത്തും കാർഷിക-വ്യാവസായിക രംഗത്തും വൻകുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമൺ കൊച്ചി പവർഹൈവേ സർക്കാർ പൂർത്തിയാക്കി. കേരളത്തിന്റെ മുഖഛായമാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. വിദ്യാഭ്യാസരംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത പ്രവ‍ർത്തനം കാഴ്ചവച്ചു. 50,000 ൽ അധികം ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റി. അധ്യാപകർക്കും വിദ്യാർഥികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. രാജ്യത്തെ മികച്ച പൊതുസർവകലാശാലകളിൽ കേരളത്തിലെ സർവകലാശാലകൾ ഇടം നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

2016 മുതൽ ഇതുവരെ 2,80,934 ഉദ്യോഗാർഥികൾക്ക് പിഎസ്‌സി വഴിനിയമനം നൽകി. ലൈഫ് മിഷൻ പദ്ധതിയിലൂടെ 4,51,631 വീടുകൾ പൂർത്തീകരിച്ചു കൈമാറി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷം 4,00,956 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ 2,23,945 പട്ടയങ്ങൾ 2021ന് ശേഷം വിതരണം ചെയ്തതാണ്. എല്ലാ മേഖലകളെയും സാംശീകരിച്ചുകൊണ്ടുള്ള കുതിപ്പാണ് കേരളം ലക്ഷ്യമിടുന്നത്. കേരളത്തിലെ ഐടി മേഖലയുടെ വരുമാനം 34,123 കോടി എന്നത് 90,000 കോടിയായി വർധിച്ചു. 6,400 സ്റ്റാർട്ടപ്പുകൾ ഇന്ന് കേരളത്തിലുണ്ട്. 5,800 കോടിയായി സ്റ്റാർട്ടപ്പുകളുടെ വരുമാനം വർധിച്ചു.

വ്യവസായ സൗഹൃദഅന്തരീക്ഷത്തിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. ഏകജാലകസംവിധാനങ്ങളിലൂടെ വ്യവസായ സൗഹൃദനടപടികൾ സ്വീകരിച്ചു. പച്ചക്കറി ഉത്പാദനം 17 ലക്ഷം മെട്രിക് ടണ്ണിലേറെയായി. പച്ചക്കറികൾക്കും പഴങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. യുഡിഎഫ് സർക്കാർ ചെലവിട്ടതിനേക്കാൾ ഇരട്ടിയോളം തുക പൊതുവിതരണ രംഗത്ത് ചെലവിട്ടു. 10,697 കോടി രൂപയാണ് പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്താൻ സർക്കാർ ചെലവിട്ടത്.

വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മാതൃകാപരമായ ഇടപെടലാണ് സർക്കാർ നടപ്പാക്കിയത്. വീടുനഷ്ടപ്പെട്ടവർക്ക് ഒന്നിച്ച് താമസിക്കാൻ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നു. രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളം. ഭദ്രമായ ക്രമസമാധാന നില സംസ്ഥാനത്ത് ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസിതരാജ്യങ്ങൾക്ക് തുല്യമായി കേരളത്തെ ഉയർത്തുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും അതിൽ ഓരോ ഘട്ടത്തിലും ജനം സർക്കാരിന്റെ കൂടെയുണ്ടെന്നും ആ കരുത്താണ് സർക്കാരിന് ഊർജവും കരുത്തും പകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img