01:31am 16 July 2026
NEWS
മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
15/07/2026  06:32 PM IST
മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡാറ്റ ഡ്രിവണ്‍ ഗവേണന്‍സിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോജക്ട് പ്രോട്ടോകോള്‍ എന്നിവ ഉറപ്പാക്കി ഫയല്‍ നീക്കം വേഗത്തിലാക്കും. കോടിക്കണക്കിന് രൂപയാണ് പ്രോജക്ടുകള്‍ നടപ്പാക്കുന്നതിലെ കാലതാമസം കൊണ്ട് സര്‍ക്കാരിനുണ്ടാകുന്നത്. കൃത്യസമയത്ത് പദ്ധതികള്‍ തീര്‍ക്കാനുള്ള നടപടികള്‍ക്കാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്. 

2027-ലെ പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നാമനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. പൊലീസ് വാഹനമിടിച്ച് മരിച്ച സ്‌കൂള്‍ വിദ്യാര്‍ഥി 
ജുവിന്‍ രാജുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അത് പരിശോധിക്കാന്‍ ധനകാര്യം, റെയില്‍വേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരെയും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. പൂര്‍ണമായ റിപ്പോര്‍ട്ടല്ല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ചതെന്ന വിലയിരുത്തലിലാണ് സമിതി എത്തിച്ചേര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവശേഷി കാരണവും കൃത്യമായ സാധ്യതകളും യാത്രക്കാരുടെ എണ്ണവും തിട്ടപ്പെടുത്താത്തതിനാലും യാതൊരു വിധമായ സാമൂഹിക- പാരിസ്ഥിതിക പഠനം നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ല. എന്നാല്‍ ചില തുടര്‍ നടപടികള്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. 

ആദ്യഘട്ടത്തില്‍ സ്ഥല പരിശോധനകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിജ്ഞാപനങ്ങള്‍, അല്ലെങ്കില്‍ ഭൂതല നിര്‍മ്മാണവുമായി ബന്ധപ്പെട്ട യാതൊരു പ്രാരംഭ നടപടികളും ഇപ്പോള്‍ ആരംഭിക്കരുതെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. കെ- റെയിലില്‍ പറ്റിയ അപകടം ഇതില്‍ സംഭവിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്രമായി ചരക്ക് ഗതാഗത സാധ്യതകള്‍, ബദല്‍ മാര്‍ഗങ്ങളുടെ വിശകലനം, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിപ്പിക്കപ്പെടുന്നതുമായ മെട്രോ, തുറമുഖ, ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങളുമായുള്ള സംയോജനം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പഠനങ്ങള്‍ നടത്തണം. ഈ പഠനങ്ങള്‍ യഥാര്‍ത്ഥ ആവശ്യകതയും പദ്ധതിയുടെ വിശാലമായ ബഹുമുഖ സാമ്പത്തിക പ്രാധാന്യവും തെളിയിച്ചാല്‍ മാത്രമേ Detailed Project Report (DPR) തയ്യാറാക്കുന്ന അടുത്തഘട്ടത്തിലേക്ക് കടക്കാവൂ എന്നതാണ് സമിതിയുടെ നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമെ സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടക്കൂ. 

പാരിസ്ഥിതികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ. റെയിലിനെ എതിര്‍ത്തത്. കേരളത്തിന്റെ പാരിസ്ഥിതിക ഘടനയ്ക്ക് ഇണങ്ങുന്നതും സമ്പദ് വ്യവസ്ഥയെ കുറേക്കൂടി ഉത്തേജിപ്പിക്കുന്നതുമായ പദ്ധതി മാത്രമെ നടപ്പാക്കാനാകൂ. 

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തില്‍ രണ്ടു പേരുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പരാതിപ്പെട്ടെന്നാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ റെക്കമെന്‍ഡേഷനില്‍ ഈ രണ്ടു പേരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ തന്ന ലിസ്റ്റിലുള്ള എല്ലാവരെയും നിയമിച്ചിട്ടില്ല. അവര്‍ ശിപാര്‍ശ ചെയ്ത പേരുകളില്‍ പരിശോധന നടത്തിയ ശേഷമാണ് നിയമിച്ചത്. രണ്ടു പേരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിലെ അംഗങ്ങളാണ്. എ.ജിയോട് കൂടി ആലോചിച്ചിട്ടാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചത്. അല്ലാതെ കോണ്‍ഗ്രസിന്റെ ഒരു പോഷക സംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനാകില്ല. കോടതിയില്‍ നല്ല അഭിഭാഷകര്‍ വരണം. അവര്‍ നിര്‍ദ്ദേശിക്കുന്നവരെ നിയമിക്കും. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന വിവാദം ഞാനും ആസ്വദിക്കുകയായിരുന്നു. സി.പി.എമ്മില്‍ നിന്നും വന്ന അഞ്ചു പേര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും എനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പരാതി കിട്ടിയതെങ്കില്‍ മാധ്യമങ്ങള്‍ തന്നെ അത് അന്വേഷിക്കട്ടെ. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച് ഇത് വാര്‍ത്തയാക്കുകയാണ്. ഈ വിവാദം ഇതോടെ തീര്‍ന്നല്ലോ. നാളെ മുതല്‍ ഇതില്ലല്ലോ. 

പി. രാജീവ് എന്റെ ബോഡി ലാംഗ്വേജിനെ കുറിച്ച് ആക്ഷേപം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഒരു ബുദ്ധിജീവിയാണ്, വലിയ പ്രഭാഷകനാണ്. ചിന്തകനാണ്. എഴുത്തുകാരനാണ്. ഞാന്‍ അതൊന്നുമല്ല. ഞാന്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്. താമശ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യുന്ന സാധാരണക്കാരനാണ്. എന്റെ ബോഡി ലാംഗ്വേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുകാണില്ല. കാരണം അദ്ദേഹത്തിന്റെ ശൈലിയല്ല എന്റെ ശൈലി. സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ എണ്ണം കൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. 17-07-2017ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്‌പെഷല്‍ ജി.പിമാരെയും അഞ്ച് ജി.പിമാരെയും കൂടുതലായി നിയമിച്ചു. അന്ന് എ.കെ ബാലനായിരുന്നു മന്ത്രി. ഇപ്പോള്‍ ആക്ഷേപം ഉന്നയിച്ചയാള്‍ നിയമ മന്ത്രിയായി ഇരിക്കുമ്പോള്‍ ആറു പേരെ അധികമായി നിയമിച്ചു. അങ്ങനെ 16 പേരെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇരുന്ന കാലത്ത് നിയമിച്ചത്. ആരോപണം ഉന്നയിച്ച ഇതേ നിയമമന്ത്രി നിലവിലുള്ള ജി.പിമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഒരു കൊല്ലം കഴിയുന്നതിന് മുന്‍പ് പുതിയ സര്‍ക്കാര്‍ ജി.പിമാരുടെ എണ്ണം വര്‍ധിപ്പിച്ചതിനെ കുറിച്ച് പരിഹസിക്കുന്നവരെ കുറിച്ച് എന്ത് പറയാനാണ്. ഒരു നടപടിക്രമവും ഇല്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ജി.പിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്. പക്ഷെ ഈ സര്‍ക്കാര്‍ എ.ജിയുടെയും ഡി.ജി.പിയുടെയും ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണം വര്‍ധിപ്പിച്ചത്. കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് 23 പേരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന പ്രപ്പോസല്‍ വന്നത്. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 12 ആയി ചുരുക്കി. ഇതെല്ലാം നേരത്തെ ചെയ്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ഇവരുടെയൊക്കെ വിമര്‍ശനത്തിന്റെ അടിത്തറ എന്താണ്? 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. പണ്ട് ഒരു സര്‍ക്കാരില്‍ ഒരു മന്ത്രി സിഗരറ്റ് കൂടില്‍ എഴുതിക്കൊടുത്തത് പോലെയൊന്നും ഞാന്‍ ചെയ്യില്ല. 

എം.ആര്‍ അജിത് കുമാറിന് എതിരായ എസ്.ഐ.ടി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ല. ഡി.ജി.പിയുടെ മുന്നിലുള്ള റിപ്പോര്‍ട്ടില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എങ്ങനെയാണ് തീരുമാനം എടുക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ പലര്‍ക്കും ധൃതിയുണ്ടാകും. ഡി.ജി.പി അറിയിക്കുമ്പോള്‍ അതിനനുസരിച്ച് സര്‍ക്കാര്‍ നടപടി എടുക്കും. ഇതെല്ലാം വാര്‍ത്തകളാണ്. ഓരോ ദിവസവും ഉണ്ടാക്കുന്ന വാര്‍ത്തയാണ്. ഈ വര്‍ത്തയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്? സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. മാധ്യമങ്ങളിലെ വാര്‍ത്ത കണ്ടിട്ട് ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാകില്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അയാള്‍ കോടതിയില്‍ പോകും. കോടതിയില്‍ പോകുമ്പോള്‍ ഇതേ മാധ്യമങ്ങള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കും. സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. അത് പൂര്‍ത്തിയാക്കാതെ നടപടി എടുക്കാനാകില്ല. അജിത് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. വാര്‍ത്ത കൊടുത്ത നിങ്ങള്‍ വഴിയിലായി. നടപടിക്രമങ്ങളെ കുറിച്ച് അഭ്യന്തരമന്ത്രി ഭംഗിയായി വിശദീകരിച്ചു. മാധ്യമങ്ങളല്ല, സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. നടപടി സ്വീകരിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. 

വിദേശ നിക്ഷേപവുമായി എം.എസ്.സി വന്നു, എല്‍.ഡി.എഫ് പിണറായി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം എന്നാണ് ദേശാഭിമാനി എഴുതിയത്. എന്നിട്ടാണ് അതേ പിണറായി വിജയന്‍ വന്ന് ഞാനുമായി ഗൂഡാലോചന നടത്തിയെന്ന് പറഞ്ഞത്. 

യു.ഡി.എഫ് യോഗം എപ്പോള്‍ യോഗം ചേരണമെന്ന് യു.ഡി.എഫ് തീരുമാനിക്കും. എല്‍.ഡി.എഫ് ഇതുവരെ യോഗം ചേരാത്തതില്‍ കൈരളിക്ക് ഒരു പരിഭവവുമില്ലേ? 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബി.ജെ.പി നേതാക്കള്‍ കയറി ഇറങ്ങുകയാണെന്നാണ് ഒരു മുന്‍ മന്ത്രി പറഞ്ഞത്. ഹിന്ദു ഐക്യവേദി നേതാക്കള്‍ കാണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് സമയം നല്‍കി. അവര്‍ എന്നെ വന്നു കണ്ടു. അതില്‍ രണ്ടു പേര്‍ എനിക്കെതിരെ വ്യാപക പ്രചരണം നടത്തിയിരുന്നവരാണ്. അവരെ കാണാന്‍ പറ്റില്ലെന്ന് പറയാനാകുമോ? അവര്‍ എന്നെ കണ്ടത് നിവേദനം നല്‍കാനാണ്. സര്‍ക്കാരിനെതിരെ സമരം നടത്തുന്ന എന്‍.ജി.ഒ യൂണിയനും ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും കെ.എസ്.ടി.എ നേതാക്കളും ഇന്നലെ കാണാന്‍ വന്നിരുന്നു. അതേ കസേരയില്‍ തന്നെയാണ് അവരെയും ഇരുത്തിയത്. ഞാന്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നെ കാണാന്‍ വരുന്നവരെ കാണാതിരിക്കുന്നതാണ് തെറ്റ്. ബി.ജെ.പി നേതാക്കള്‍ കയറിയിറങ്ങുകയാണെന്നാണ് മുന്‍ മന്ത്രി റിയാസ് പറഞ്ഞത്. പിണറായി വിജയന്‍ ചെയ്തത് പോലെ മറ്റൊരു കാറില്‍ മസ്‌കറ്റ് ഹോട്ടലില്‍ പോയി ആര്‍.എസ്.എസ് നേതാക്കളെ ഒളിച്ചല്ല കണ്ടത്. ഇതാണ് റിയാസിനുള്ള മറുപടി. 

ബജറ്റിന്റെ തയാറെടുപ്പിനിടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ ഞാന്‍ തിരിച്ചു വിളിച്ചു. വളരെ സൗഹാര്‍ദ്ദത്തോടെയാണ് സംസാരിച്ചത്. കാണണമെന്ന് ആവശ്യപ്പെട്ടു. കാണാമെന്ന് പറയുകയും ചെയ്തു. അതിനു പിന്നാലെയാണ് സമയം നല്‍കിയില്ലെന്ന തരത്തില്‍ വാര്‍ത്ത കണ്ടത്. അദ്ദേഹം പറഞ്ഞതാണോയെന്ന് അറിയില്ല. തുഷാര്‍ വെള്ളപ്പള്ളി വന്നു കണ്ടതും വിവാദമാക്കി. രാജീവ് ചന്ദ്രശേഖറും എന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ചില കാര്യങ്ങള്‍ സംസാരിച്ചു. എല്ലാവരെയും കണണ്ടേ? എത്രയോ സാമുദായിക നേതാക്കള്‍ കാണാന്‍ വരുന്നുണ്ട്. അവര്‍ക്ക് അവരുടേതായ എത്രയോ പ്രശ്‌നങ്ങള്‍ പറയാനുണ്ടാകും. 

വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി എട്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനത്തനം ഏകോപിപ്പിച്ച മന്ത്രിമാരായ എ.പി അനില്‍ കുമാറിനെയും ടി. സിദ്ധിഖിനെയും മന്ത്രിസഭ യോഗത്തില്‍ അഭിനന്ദിച്ചു. മരിച്ചവരുടെ ബന്ധുക്കളെ പ്രത്യേകമായി താമസിപ്പിച്ചു. ഞാനും അവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. മൃതദേഹങ്ങള്‍ കൊണ്ടു പോകാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. പുനരധിവാസം ഭംഗിയായി ചെയ്തു. അപകട മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയതു കൂടാതെ കമ്പനിയെക്കൊണ്ട് കൂടി നഷ്ടപരിഹാരം നല്‍കിക്കാന്‍ സംവിധാനമുണ്ടാക്കി. ഇന്‍ഷൂറന്‍സ് തുക നല്‍കാനും സംവിധാനമുണ്ടാക്കി. മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. ജില്ലാ ഭരണകൂടവും രണ്ട് മന്ത്രിമാരും ചേര്‍ന്നാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്. 

ആറന്മുള വിമാനത്താവളത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ല. 

മൂകാബിക ക്ഷേത്രത്തില്‍ ഞാന്‍ പോകുന്നത് എന്റെ അവകാശമാണ്. 39 വര്‍ഷമായി ഞാന്‍ അവിടെ പോകുന്നുണ്ട്. അത് മൃദുഹിന്ദുത്വമാണെന്ന് പറയാന്‍ എം.എ ബേബിക്ക് എന്ത് അവകാശമാണുള്ളത്. മുഖ്യമന്ത്രിയായതു കൊണ്ട് പോകാതിരിക്കാനാകുമോ? ഇവരൊക്കെ ഏത് ലോകത്തേക്കാണ് പോകുന്നത്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷേത്രത്തില്‍ പോകുന്നവരെയൊക്കെ അപമാനിക്കലല്ലേ? ഞാന്‍ മുഖ്യമന്ത്രിയായതു കൊണ്ട് ഒരിടത്തും പോകില്ലെന്ന് പറയാനാകുമോ? ഇവര്‍ക്കൊന്നും ഒന്നും പറയാനില്ല. സ്വന്തം പാര്‍ട്ടിയിലെ സ്ഥിതി അവര്‍ക്കറിയാം. 

വിഴിഞ്ഞം- എംപവേര്‍ഡ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യം ഹനിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല. ധൃതി പിടിക്കേണ്ട ഒരു കാര്യവുമില്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അവര്‍ തീരുമാനം എടുത്തു കഴിഞ്ഞാല്‍ സംസ്ഥാനത്തിന് തീരുമാനിക്കാം. കണ്‍സെഷന്‍ എഗ്രിമെന്റ് അനുസരിച്ച് 2019 ലായിരുന്നു പദ്ധതി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. പണി തീരാത്തതു കൊണ്ട് അഞ്ച് വര്‍ഷം കൂടി പിണറായി സര്‍ക്കാര്‍ നീട്ടിക്കൊടുത്തു. 40 വര്‍ഷത്തെ കരാര്‍ 45 വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയാണ് ചെയ്തത്. കണ്‍സെഷന്‍ എഗ്രിമെന്റ് അനുസരിച്ച് വൈകിയാല്‍ ഒരു ദിവസം 12 ലക്ഷം നഷ്ടപരിഹാരം സര്‍ക്കാരിന് നല്‍കണമെന്ന ക്ലോസ് ഉണ്ടായിരുന്നു. അത്തരത്തില്‍ 219 കോടിയാണ് സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. അത് എന്ത് ഡീല്‍ ആയിരുന്നു? പ്രളയവും കോവിഡും പരിഗണിച്ചാലും അഞ്ച് വര്‍ഷത്തെ ഇളവാണ് നല്‍കിയത്. 43 കോടി നല്‍കണമെന്നതും വൈബിലിറ്റി ഫണ്ടില്‍ അഡ്ജസ്റ്റ് ചെയ്തു. ഈ ഡീലൊക്കെ നടത്തിയ പരിചയം കൊണ്ടാണോ ബാക്കിയുള്ളവരെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത്? ഈ സര്‍ക്കാര്‍ ഒന്നും ചെയ്യാതെയാണ് എല്ലാവരും ആഘോഷിച്ചത്. എംപവേര്‍ഡ് കമ്മിറ്റിയുടെ തീരുമാനം വരുമ്പോള്‍ സംസ്ഥാന താല്‍പര്യം പരിഗണിച്ചുള്ള തീരുമാനം എടുക്കും. കണ്‍സെഷന്‍ എഗ്രിമെന്റ് വായിക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. കുത്തക വരുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുത്തക വരാതിരിക്കാനുള്ള പ്രൊവിഷന്‍ കണ്‍സെഷന്‍ എഗ്രിമെന്റിലെ 5.8 ലുണ്ട്. കൃത്യമായി പരിശോധിച്ച് മാത്രമെ തീരുമാനിക്കൂ. ഊഹത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ അത് തെറ്റാണെങ്കില്‍ പറഞ്ഞോളൂ. തീരുമാനം എടുക്കാനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്ക് തരണം. 

വിഴിഞ്ഞത്തെ എം.ഡിയെ മാറ്റിയത് എന്തിന് എന്നതിനുള്ള കൃത്യമായ മറുപടി അവരുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ കിട്ടുന്നുണ്ട്. മാറ്റിയതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് സീനിയറായ സി.പി.എം നേതാക്കള്‍ പറഞ്ഞു. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. ഓഹരി കൈമാറുന്നതു കൊണ്ട് കുഴപ്പമില്ലെന്നാണ് ഇപ്പോള്‍ മുന്‍ നിയമമന്ത്രി പറഞ്ഞത്. പിന്നെ എന്താണ് കുഴപ്പം? അവര്‍ ഇപ്പോള്‍ നിലപാട് മാറ്റി. പക്ഷെ അതിനൊന്നും നിങ്ങള്‍ യു ടേണ്‍ എന്ന് പറഞ്ഞില്ല. 

ബി.ജെ.പിയിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പരാതിയൊന്നും കിട്ടിയിട്ടില്ല. വാര്‍ത്തകള്‍ വായിക്കുന്നുണ്ട്. പൊലീസിന് മുന്നില്‍ പരാതി വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കും. 

ബ്രേക്ക് ദ ചെയിന്‍ സംബന്ധിച്ചുള്ള ആരോപണത്തില്‍ മുന്‍ ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കാനാകില്ല. പരാതി വന്നാല്‍ പൊലീസ് പരിശോധിച്ച് അഴിമതി നടന്നിട്ടുണ്ടോ ആരെല്ലാമാണ് പ്രതികളെന്ന് അന്വേഷിക്കും. അന്വേഷണം നടക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം പ്രഖ്യാപിക്കാനാകില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img