
മീററ്റ്: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ സൈനികന് സ്വന്തം ഗ്രാമത്തിൽ വെടിയേറ്റു. ഉത്തർപ്രദേശിലെ ഗോപാൽപുർ ഖദാന സ്വദേശിയായ സൗരഭ് തോമർ (28) ആണ് ആക്രമണത്തിനിരയായത്. അയൽവാസികളായ രണ്ടുപേരാണ് സൗരഭിനും ഇരട്ടസഹോദരൻ വിനീതിനും നേരെ ആക്രമണം നടത്തിയത്. പരുക്കേറ്റ സൗരഭ് അപകടനില തരണം ചെയ്തു.
വീടിന് പുറത്ത് നിൽക്കുകയായിരുന്ന സൗരഭും വിനീതും ധീരജ്, മോനു എന്നിവരുമായി വാക്കുതർക്കത്തിലേർപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബത്തോട് മുൻവൈരാഗ്യം പുലർത്തിയിരുന്ന പ്രതികൾ നാടൻ തോക്കും വടികളുമായി എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ഇതിനിടെ പ്രതികളിലൊരാൾ ഉതിർത്ത വെടിയുണ്ട സമീപത്തെ ചുവരിൽ തട്ടി സൗരഭിന്റെ തലയിൽ പതിക്കുകയായിരുന്നു. വടികൊണ്ടുള്ള മർദനത്തിൽ വിനീതിന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
2021ലാണ് സൗരഭ് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ കുതിരപ്പട വിഭാഗത്തിൽ അംഗമായത്. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










