
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല യാത്രയിൽ വൻ സുരക്ഷാ വീഴ്ച്ചയെന്ന ആരോപണം ശക്തമാകുന്നു. പത്തംനിട്ട പ്രമാടത്ത് രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിൻറെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിലാണ് സുരക്ഷാ വീഴ്ച്ചയെന്ന ആരോപണം ഉയരുന്നത്. ഉറയ്ക്കാത്ത കോൺക്രീറ്റിൽ ഹെലികോപ്റ്ററിന്റെ ചക്രം താഴുകയായിരുന്നു. പിന്നീട് മുപ്പതോളം പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വൻ സുരക്ഷാവീഴ്ചയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.
അതേസമയം, ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാൻഡ് ചെയ്യാൻ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തതെന്നും ഇവിടെ കോൺക്രീറ്റ് സെറ്റായിരുന്നില്ലെന്നുമാണ് റവാഡ ചന്ദ്രശേഖർ വിശദീകരിക്കുന്നത്. ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാൻഡിങ്ങിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് മേധാവി പറയുന്നു.
അതേസമയം, എയർഫോഴ്സ് ജീവനക്കാർ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം. രാത്രി ഏറെ വൈകിയാണ് ഇവിടം കോൺക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടത്. എയർഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തിൽ തന്നെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു.
രാഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലികോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. കോൺക്രീറ്റ് ഇട്ട് 12 മണിക്കൂർ തികയും മുൻപായിരുന്നു ഹെലികോപ്റ്ററിന്റെ ലാൻഡിങ്. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്.











