11:14pm 30 April 2026
NEWS
മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ; വിബി–ജി റാം ജി നിയമമായതോടെ ആശങ്കകൾ ഉയരുന്നു
21/12/2025  08:26 PM IST
nila
മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ; വിബി–ജി റാം ജി നിയമമായതോടെ ആശങ്കകൾ ഉയരുന്നു

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ. ഇതിനു പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവെച്ചു. കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾ അവഗണിച്ചാണ് ബിൽ ഇരുസഭകളിലും പാസാക്കിയത്. ഇതിനു പിന്നാലെ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമായി. 

 തൊഴിലുറപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിലുപരി ചുരുക്കുന്നതിലേക്കാണ് പുതിയ പദ്ധതി നീങ്ങുന്നതെന്ന വിമർശനമാണ് ശക്തമാകുന്നത്. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും, നിലവിലെ പദ്ധതിയിൽ പോലും 100 ദിവസം ലഭിക്കാത്ത സാഹചര്യമാകും സംജാതമാകുക എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുമെന്ന നിബന്ധനയാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം. ഇതോടെ, സ്വാഭാവികമായി പദ്ധതിയുടെ വ്യാപ്തി ചുരുങ്ങും. നിലവിൽ അംഗങ്ങളായ ഏകദേശം 22 ലക്ഷം പേരിൽ വലിയൊരു വിഭാഗം പദ്ധതിക്ക് പുറത്താകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് അനുവദിക്കരുതെന്ന വ്യവസ്ഥയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയ്ക്കും. ഫലത്തിൽ, തൊഴിലുറപ്പ് എന്ന ആശയം തന്നെ ‘തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലേക്കും കാലയളവുകളിലേക്കും’ ചുരുങ്ങുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

സംസ്ഥാനങ്ങൾക്ക് സാമ്പത്തിക കെണി

സംസ്ഥാനങ്ങളുടെ മേൽ ചുമത്തുന്ന സാമ്പത്തിക ബാധ്യതയാണ് ഏറ്റവും വലിയ ആശങ്ക. കേരളത്തിന് നിലവിൽ തൊഴിലുറപ്പ് പദ്ധതിക്കായി ലഭിച്ചിരുന്ന വാർഷിക കേന്ദ്രവിഹിതം ഏകദേശം 4000 കോടി രൂപയാണ്. പുതിയ നിയമപ്രകാരം പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാനം തന്നെ വഹിക്കണം. ഇതോടെ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം വർഷംതോറും 1600 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും.

അതോടൊപ്പം, കേന്ദ്രം ഉപാധികളോടെയാകും ഇനി ഫണ്ട് അനുവദിക്കുക. നിശ്ചിത പരിധിക്ക് മുകളിലുള്ള ചെലവുകൾ മുഴുവൻ സംസ്ഥാനം വഹിക്കേണ്ടി വരും. വേതനം വൈകിയാൽ നൽകേണ്ട നഷ്ടപരിഹാരവും, ജോലി ലഭിക്കാത്തപ്പോൾ നൽകേണ്ട അലവൻസും പൂർണമായും സംസ്ഥാനത്തിന്റെ ചുമതലയാകും. ഇതോടെ, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ധനകാര്യത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന ഘടകമാകുമെന്നാണ് വിലയിരുത്തൽ.

പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രവിഹിതം തടഞ്ഞ അനുഭവം നിലനിൽക്കുമ്പോൾ, സമാനമായ ‘ഉപാധി രാഷ്ട്രീയം’ തൊഴിലുറപ്പിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കേന്ദ്ര–സംസ്ഥാന വിഹിതങ്ങളിൽ കുടിശിക ഉണ്ടായാൽ, പദ്ധതി തന്നെ നിലച്ചുപോകുന്ന സാഹചര്യം രൂപപ്പെടാനും സാധ്യതയുണ്ട്.

രാഷ്ട്രീയവും സാമൂഹികവും ആയ പ്രത്യാഘാതങ്ങൾ

പ്രതിപക്ഷം ആവശ്യപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അല്ലെങ്കിൽ സെലക്ട് കമ്മിറ്റി പരിശോധന ഒഴിവാക്കിയതും നിയമനിർമാണത്തിന്റെ ജനാധിപത്യ സ്വഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ദരിദ്രർക്കുള്ള അവസാന സുരക്ഷാവലയമായി പ്രവർത്തിച്ചിരുന്ന സാഹചര്യത്തിൽ, അതിനെ പുനർനിർവചിക്കുന്ന ഈ നിയമം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാന സ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img