
വഖഫ് ഭേദഗതി ബിൽ നിയമമായി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബില്ലിൽ രാഷ്ട്രപതിയും ഒപ്പുവെച്ചു. ഇനി ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുകയും പിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കുകയും ചെയ്യുന്നതോടെ പുതിയ വഖഫ് നിയമം പ്രാബല്യത്തിൽ വരും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും പുതിയ വഖഫ് നിയമം അറിയപ്പെടുക.
ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായതോടെയാണ് കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ സമർപ്പിച്ചത്. ഇരുസഭകളും പാസാക്കിയ ബില്ലിൽ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യർത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.
അടുത്ത ആഴ്ച്ചയോടെ ബില്ലിൽ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതി ബില്ലിന് വളരെ പെട്ടെന്ന് തന്നെ അംഗീകാരം നൽകുകയായിരുന്നു.











