09:40am 26 August 2026
NEWS
ക്രിക്കറ്റ് സത്യം അർഹിക്കുന്നു, എനിക്ക് എന്റെ രാജ്യമാണ് വലുത്; എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിധിമ പഥക്ക്
08/01/2026  08:31 AM IST
nila
ക്രിക്കറ്റ് സത്യം അർഹിക്കുന്നു, എനിക്ക് എന്റെ രാജ്യമാണ് വലുത്; എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂഡൽഹി ∙ ഇന്ത്യ–ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം കൂടുതൽ വഷളാകുന്നതിനിടെ ബംഗ്ലാദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ഹോസ്റ്റിങ് പാനലിൽ നിന്നു ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ പുറത്താക്കിയെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ തള്ളി റിധിമ പഥക്ക് രംഗത്തെത്തി. താൻ ബിപിഎലിൽ നിന്ന് പുറത്താക്കപ്പെട്ടതല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സ്വയം പിന്മാറിയതാണ് എന്ന് റിധിമ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. തന്റെ രാഷ്ട്രത്തിനാണ് വലിയ പ്രാധാന്യമെന്നും യുവതി വ്യക്തമാക്കി. 

രാജ്യത്തെ പ്രമുഖ സ്പോർട്സ് അവതാരകമാരിൽ ഒരാളായ 35 വയസ്സുകാരിയായ റിധിമ, ഐപിഎൽ, ട്വന്റി20 ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ പ്രമുഖ സ്പോർട്സ് ഇവന്റുകളിൽ അവതാരകയായി രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലാണ് റിധിമ താമസം. എൻജിനീയറായ റിധിമ, തുടക്കത്തിൽ റേഡിയോ ജോക്കിയായാണ് മാധ്യമ മേഖലയിലേക്ക് കടന്നത്.

റിധിമ പഥക്ക് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ: 

‘‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, എന്നെ ബിപിഎലിൽ നിന്ന് ‘പുറത്താക്കി’ എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകളുണ്ട്. അത് ശരിയല്ല. പിന്മാറാൻ ഞാൻ സ്വയം തീരുമാനിച്ചതാണ്. എനിക്ക്, എന്റെ രാഷ്ട്രമാണ് എപ്പോഴും ഒന്നാമത്. ഏതെങ്കിലും ഒരു ദൗത്യത്തിനപ്പുറം ഞാൻ ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടെയും ബഹുമാനത്തോടെയും അഭിനിവേശത്തോടെയും വർഷങ്ങളായി കായികരംഗത്തെ സേവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത് മാറില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലപ്പുറം വിലയേറിയതാണ്. ക്രിക്കറ്റ് സത്യം അർഹിക്കുന്നു. എന്റെ ഭാഗത്തുനിന്ന് ഇനി കൂടുതൽ വിശദീകരണങ്ങളില്ല.’’

ഇന്ത്യ - ബം​ഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകളുണ്ട്. ഈ തർക്കം ഇപ്പോൾ ക്രിക്കറ്റിലേക്കും വ്യാപിച്ചിരിക്കുകയാണ്.  കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിന്നു ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനെ തുടർന്നാണ് സംഘർഷം ക്രിക്കറ്റ് രംഗത്തേക്ക് വ്യാപിച്ചത്. ഇതിന് മറുപടിയായി, ബംഗ്ലാദേശ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകുന്നതിൽ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഐപിഎൽ സംപ്രേക്ഷണം ബംഗ്ലാദേശിൽ സർക്കാർ വിലക്കുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img