
ദോഹ: ഖത്തർ ഫൗണ്ടേഷൻ (ക്യു.എഫ്) സംഘടിപ്പിക്കുന്ന രണ്ടാമത് 'ബിൽ അറബി' (BilAraby) വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 'നമ്മുടെ ആശയങ്ങളിലൂടെ നമ്മൾ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 19, 20 തീയതികളിലാണ് ഉച്ചകോടി നടക്കുക. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
അറബ് സമൂഹത്തിന് വിജ്ഞാനം ഉത്പാദിപ്പിക്കാനും ആശയങ്ങൾ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ നിക്ഷേപമായാണ് ബിൽ അറബിയെ ഖത്തർ ഫൗണ്ടേഷൻ കാണുന്നതെന്ന് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആൻഡ് പ്രോഗ്രാംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം നൂറീൻ ഖത്തർ വാർത്താ ഏജൻസിയോട് (QNA) പറഞ്ഞു.
12-ലധികം എക്സ്പ്ലോറേറ്ററി സെഷനുകൾ, 19 ഇന്ററാക്ടീവ് എക്സിബിഷനുകൾ, ഇൻസ്പിരേഷണൽ ടോക്കുകൾ, ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉച്ചകോടിയുടെ ഭാഗമായി നടക്കും. ലോകമെമ്പാടുമുള്ള അറബിക് സംസാരിക്കുന്ന പ്രതിഭകളെയും നവീനാശയങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാധ്യമരംഗം, ശാസ്ത്ര സാങ്കേതിക വിദ്യ, പ്രിസിഷൻ മെഡിസിൻ, ആർക്കിടെക്ചർ, സംരംഭകത്വം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ നിന്നുള്ള 15 പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിക്കും. അൽ ജസീറ ഗാസ ബ്യൂറോ ചീഫും ഫലസ്തീൻ മാധ്യമപ്രവർത്തകനുമായ വായേൽ അൽ ദഹ്ദൂഹ്, 'അപ്സ്ക്രോൾഡ്' ഫൗണ്ടർ ഇസാം ഹിജാസി, സാങ്കേതിക വിദഗ്ധൻ ഡോ. ബഷീർ ഹലീമി, 'സ്നൂനു' ഫൗണ്ടറും സി.ഇ.ഒയുമായ ഹമദ് മുബാറക് അൽ ഹജ്രി എന്നിവർ പ്രധാന വക്താക്കളിൽ ഉൾപ്പെടുന്നു.
സെപ്റ്റംബറിലെ പ്രധാന ഉച്ചകോടിക്ക് മുന്നോടിയായി ഓഗസ്റ്റ് 4 മുതൽ 9 വരെ ദമാസ്കസ്, അമ്മാൻ, ജെർബ എന്നീ നഗരങ്ങളിൽ പ്രാദേശിക റോഡ് ഷോകളും സംഘടിപ്പിച്ചിരുന്നു. നിലവിലെ ലോകക്രമത്തിൽ ആശയങ്ങൾ പങ്കുവെക്കാനും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള ഭാഷയായി അറബിക്കിനെ ഉയർത്തിക്കാട്ടാൻ ബിൽ അറബി ഉച്ചകോടിക്ക് സാധിക്കുമെന്ന് ഹിഷാം നൂറീൻ കൂട്ടിച്ചേർത്തു.










