06:08am 21 January 2025
NEWS
കെ.സുരേന്ദ്രനെതിരെ പടയൊരുക്കം; അധ്യക്ഷസ്ഥാനത്ത് തുടരാൻ സുരേന്ദ്രൻ, പ്രതിരോധനീക്കവുമായി വിമതപക്ഷം
01/12/2024  04:14 PM IST
പ്രദീപ് ഉഷസ്സ്
കെ.സുരേന്ദ്രനെതിരെ പടയൊരുക്കം; അധ്യക്ഷസ്ഥാനത്ത് തുടരാൻ സുരേന്ദ്രൻ, പ്രതിരോധനീക്കവുമായി വിമതപക്ഷം

കെ. സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റാനുള്ള അണിയറ നീക്കങ്ങൾ ബി.ജെ.പിക്കുള്ളിൽ സജീവമാകുന്നു. കൊടകര കുഴൽപ്പണക്കേസ് വീണ്ടും ചർച്ചയാവുകയും, അതിൽ കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈവിധം നീക്കങ്ങൾ ശക്തമായത്.

കൊടകര കുഴൽപ്പണക്കേസിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലുകൾക്ക് പുറമെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടി, മുതിർന്ന നേതാവ് സന്ദീപ് വാര്യർ ഉയർത്തിയ പരാതികൾ, നേതൃത്വത്തെ പരോക്ഷമായി കടന്നാക്രമിച്ച് ശോഭാസുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾ തുടങ്ങിയവയൊക്കെ ആയുധമാക്കിയാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിനുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്നത്. വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് വേളയിൽ കെ. സുരേന്ദ്രന് പകരം പുതിയ അധ്യക്ഷനെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് കൃഷ്ണദാസ് പക്ഷം ഇപ്പോൾ  സജീവമാക്കിയിരിക്കുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലാണ് ബി.ജെ.പിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുക. പ്രാദേശിക, ജില്ലാതല നേതാക്കളെ പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിൽ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള നീക്കമാണ് സുരേന്ദ്രൻ നടത്തുന്നത്. ആവിധത്തിൽ തനിക്ക് അനുകൂലമായ അന്തരീക്ഷം പാർട്ടിയിൽ സൃഷ്ടിച്ചുകൊണ്ട് അധ്യക്ഷസ്ഥാനത്ത് വീണ്ടും തുടരാനാണ് സുരേന്ദ്രന്റെ നീക്കം. ഈവിധം നീക്കങ്ങൾ തിരിച്ചറിഞ്ഞാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ സുരേന്ദ്രനെതിരായ കരുനീക്കങ്ങൾ എതിർഗ്രൂപ്പുകൾ ശക്തമാക്കിയിരിക്കുന്നത്.

എം.ടി. രമേശ്,

ശോഭാസുരേന്ദ്രൻ; ഇപ്പോൾ

സന്ദീപ് വാര്യരും...

മുതിർന്ന നേതാക്കളായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ നേതാക്കളുടെ പേരാണ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി ഉയർന്നിട്ടുള്ളത്. എം.ടി. രമേശ് അധ്യക്ഷനായി എത്തുന്നതിനോടാണ് കൃഷ്ണദാസ് പക്ഷത്തിന് താൽപ്പര്യം. എന്നാൽ പല ജില്ലാഘടകങ്ങൾക്കും അണികൾക്കും ശോഭാസുരേന്ദ്രൻ പാർട്ടി അധ്യക്ഷയാകണമെന്ന വികാരമാണുള്ളത്. എന്നാൽ സമീപകാലത്ത് ശോഭാസുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ, അവർക്ക് സംഘടനാപരമായി തിരിച്ചടിയായിട്ടുമുണ്ട്. കൊടകര കുഴൽപ്പണക്കേസ് വീണ്ടും വിവാദമാക്കിയതിൽ ശോഭാസുരേന്ദ്രന് പങ്കുണ്ടെന്ന ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ പ്രതികരണവും, അതിനെത്തുടർന്നുണ്ടായ ആരോപണപ്രത്യാരോപണങ്ങളും ഇപ്പോഴും ശക്തമായി തുടരുകയാണല്ലോ. ഈ സാഹചര്യം ഉപയോഗപ്പെടുത്തി, ശോഭാസുരേന്ദ്രനെ ഒറ്റപ്പെടുത്താനും, സംഘടനാപരമായി ദുർബലപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ബി.ജെ.പിയിലെ ഔദ്യോഗിക ചേരി ശക്തമായി ആരംഭിച്ചിരിക്കുന്നത്.

സുരേന്ദ്രന് ബദലായി എം.ടി. രമേശ് ഉയർന്നുവരാനുള്ള സാഹചര്യം ഔദ്യോഗിക പക്ഷം നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണ രമേശിന് കരുത്തായി മാറുമെന്നും അവർക്കറിയാം. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയുടെ മുഖ്യധാരാപ്രവർത്തനങ്ങളിൽ നിന്നെല്ലാം ഔദ്യോഗികപക്ഷം എം.ടി. രമേശിനെ, ബോധപൂർവ്വം മാറ്റിനിർത്തുന്നത്. കെ. സുരേന്ദ്രനെക്കാളും മുതിർന്ന നേതാവായിട്ടും, ഈ വിധത്തിൽ സംഘടനാപ്രവർത്തനരംഗങ്ങളിൽ നിന്നും, രമേശിനെ അവഗണിക്കുന്നതിൽ, അടിത്തട്ടിലെ ബി.ജെ.പി പ്രവർത്തകർക്കും കടുത്ത പ്രതിഷേധമാണുള്ളത്. സുരേന്ദ്രൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷത്തിന്റെ പ്രവർത്തനശൈലി ഈവിധത്തിലാണെന്ന ആരോപണം ഇതിന് മുൻപേ ഉയർന്നിട്ടുള്ളതുമാണല്ലോ.

സംഘടനാതലത്തിലും, ജനകീയ പിന്തുണയിലും കരുത്ത് തെളിയിക്കുന്ന നേതാക്കളെ ബോധപൂർവ്വം അവഗണിക്കുകയും, വെട്ടിയൊതുക്കുകയും ചെയ്യുന്ന ഔദ്യോഗികപക്ഷ നീക്കങ്ങൾക്ക് ഒട്ടനവധി ഉദാഹരണങ്ങൾ നിരത്താനുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും, മികച്ച പ്രകടനങ്ങൾ നടത്തുകയും, വോട്ട് ഷെയർ വൻതോതിൽ ഉയർത്തുകയും ചെയ്യുന്ന നേതാവാണ് ശോഭാസുരേന്ദ്രൻ എന്നത് എതിർ രാഷ്ട്രീയ ചേരികൾപോലും അംഗീകരിക്കുന്ന വസ്തുതകളാണ്. പാലക്കാട്, ആറ്റിങ്ങൽ, ആലപ്പുഴ തുടങ്ങിയയിടങ്ങളിൽ അവർ നടത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ അതിനുള്ള തെളിവുകളുമാണ്. ആവിധത്തിൽ ജനകീയാംഗീകാരമുള്ള നേതാവിന് ഓരോ തെരഞ്ഞെടുപ്പുകളിലും, ജയസാധ്യതയില്ലാത്ത മണ്ഡലങ്ങൾ നൽകുന്നതിലും, സംഘടനാപ്രവർത്തനങ്ങളിൽ നിന്നും അവഗണിക്കുന്നതിലും ഒരുതരം വാശിപോലെയാണ് ഔദ്യോഗികപക്ഷം ഇടപെടുന്നതെന്നാണ് ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

ഇത് എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ മാത്രം നേരിടുന്ന വിഷയമല്ല. ഔദ്യോഗിക പക്ഷത്തിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കാത്തവരും, സംഘടനാവീഴ്ചകൾ തുറന്നുകാണിക്കുന്നവരുമായ പല നേതാക്കളും ബി.ജെ.പിക്കുള്ളിൽ ഇന്ന് നേരിട്ടുക             ണ്ടിരിക്കുന്നത് ഈവിധം അനുഭവങ്ങൾ ആണെന്നും അവർ കൂട്ടിച്ചേർക്കുന്നു. അടുത്തിടെ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയ മുതിർന്ന നേതാവ് സന്ദീപ് വാര്യർ ചൂണ്ടിക്കാണിച്ചതും ഈവിധം വസ്തുതകൾ തന്നെയാണ്.

ബി.ജെ.പി നേതൃനിരയിലെ മികച്ച പ്രാസംഗികനും, സംഘാടകനുമായ സന്ദീപ് വാര്യരെ പാർട്ടിക്കുള്ളിൽ നിന്നും പടിപടിയായി വെട്ടിയൊതുക്കിയതിന് പ്രധാനകാരണം, സംഘടനാനേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നതിനാലാണ്. ടി.വി ചാനൽ ചർച്ചകളിലും, പ്രഭാഷണവേദികളിലും ബി.ജെ.പിയുടെ മുഖമായി നിറഞ്ഞുനിന്ന സന്ദീപ് വാര്യരെ, ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതുതന്നെ ചില നേതാക്കളുടെ പകവീട്ടൽ മനോഭാവം കൊണ്ടായിരുന്നുവെന്ന് വാര്യർതന്നെ പരസ്യമായി തുറന്നടിച്ചിരുന്നു. ഏറ്റവും ഒടുവിൽ, പാലക്കാട്ടെ തെരഞ്ഞെടുപ്പ് വേദിയിൽ ഇരിപ്പിടം നൽകാതെ ഒതുക്കിയതിലും, സുരേന്ദ്രൻ പക്ഷത്തെ പ്രമുഖ നേതാവ് പരസ്യമായി അധിക്ഷേപിച്ചതിലുമെല്ലാം ഈവിധത്തിലുള്ള വെട്ടിയൊതുക്കൽ മനോഭാവം തന്നെയായിരുന്നുവെന്നും, വാര്യർ വ്യക്തമാക്കിയിട്ടുണ്ട്.

വെട്ടിയൊതുക്കലും,

ഔദ്യോഗികപക്ഷവും

കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷമാണ് കേരളത്തിലെ ബി.ജെ.പിയിൽ വിഭാഗീയത ഇത്രത്തോളം ശക്തമായതെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം. സഹപ്രവർത്തകർ എന്ന പരിഗണനപോലും നൽകാതെ, വളർന്നുവരാൻ സാധ്യതയുള്ള നേതാക്കളെ ഒതുക്കിത്തീർക്കുന്ന സമീപനമാണ് സംസ്ഥാന നേതൃത്വത്തിനുള്ളതെന്നാണ് ഇവരുടെ മുഖ്യ ആക്ഷേപം. ഔദ്യോഗിക പക്ഷത്തിനെതിരെ, ജനാധിപത്യശൈലിയിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധിക്കുന്നവരെപ്പോലും ഏത് വിധത്തിലും പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കമാണ് ഔദ്യോഗികപക്ഷം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. ഇപ്പോൾ സന്ദീപ് വാര്യർ ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈവിധം വിവരങ്ങൾ എല്ലാം കൃഷ്ണദാസ് പക്ഷം, ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

എന്നാൽ, ഈവിധം വാദമുഖങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ്, ഔദ്യോഗികപക്ഷം ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ ഇതിന് മുമ്പ് വന്നിട്ടുള്ള ബി.ജെ.പി അധ്യക്ഷൻമാരെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ നേതാവാണ് കെ. സുരേന്ദ്രൻ എന്നാണ് അവരുടെ അവകാശവാദം. സുരേന്ദ്രൻ പാർട്ടി അധ്യക്ഷനായതിനുശേഷമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് ഈവിധത്തിൽ വളർച്ചയുണ്ടായതെന്നും, അതുകൊണ്ടുതന്നെ അടുത്ത തവണയും സുരേന്ദ്രൻ തന്നെ അധ്യക്ഷനായി തുടരണമെന്നുമാണ് ഇവരുടെ വാദം. ക്രൈസ്തവ ജനവിഭാഗങ്ങൾക്കും, മുസ്ലീം സാമുദായിക നേതൃത്വങ്ങൾക്കുമെല്ലാം ബി.ജെ.പിയുമായി അടുത്തബന്ധം വളർത്തിയെടുക്കാൻ കഴിഞ്ഞത്, സുരേന്ദ്രന്റെ നേതൃമഹിമയുടെ തെളിവുകൾ ആണെന്നാണ് അവർ സമർത്ഥിക്കുന്നത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപിയിലൂടെ സംസ്ഥാനത്ത് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞതും നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതുമെല്ലാം സുരേന്ദ്രന്റെ സംഘാടനവൈഭവത്തെയാണ് വിളിച്ചോതുന്നതെന്നാണ് ഔദ്യോഗികപക്ഷം ഉയർത്തുന്ന വാദഗതികൾ.

ശോഭാസുരേന്ദ്രനെപ്പോലെയുമുള്ള എം.ടി. രമേശിനെപ്പോലെയുമുള്ള നേതാക്കളെ ഉയർത്തിക്കാട്ടി, പുതിയ നേതൃത്വം വരണമെന്ന വികാരം എതിർഗ്രൂപ്പുകൾ ശക്തമായി ഉയർത്തുമ്പോഴും അധികാരം തങ്ങൾക്കൊപ്പം ഉറപ്പിച്ചുനിർത്താൻ തന്നെയാണ് ഓദ്യോഗികപക്ഷനീക്കം. ഒന്നുകിൽ സുരേന്ദ്രൻതന്നെ അധികാരത്തിൽ തുടരുക, അതല്ലെങ്കിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെപ്പോലെയുള്ള ഏതെങ്കിലും നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കുക എന്ന വിധത്തിലുള്ള ചരടുവലികൾ ആണ് ഇവർ ആരംഭിച്ചിരിക്കുന്നത്. അതിനെ തടയിടാനുള്ള സംഘടനാശേഷി എതിർഗ്രൂപ്പുകൾക്ക് നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.

കുഴൽപ്പണക്കേസ് ഇപ്പോൾ വീണ്ടും സജീവമാക്കിയതിൽ ശോഭാസുരേന്ദ്രന് പങ്കുണ്ടെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിനെ ആയുധമാക്കി ശോഭാസുരേന്ദ്രനെ           ഒതുക്കാനുള്ള നീക്കങ്ങൾ ബി.ജെ.പിക്കുള്ളിൽ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തിരൂർ സതീശിനേയും മുഖ്യമന്ത്രിയേയും ഒക്കെ ശോഭാസുരേന്ദ്രൻ പരസ്യമായി വിമർശിക്കുന്നുവെങ്കിലും, ലക്ഷ്യമിടുന്നത് കെ. സുരേന്ദ്രനെ തന്നെയാണെന്ന് വ്യക്തം.

'താൻ നൂലിൽക്കെട്ടി ഇറങ്ങിവന്നതല്ല, തനിക്ക് ഗോഡ്ഫാദറില്ല, മർദ്ദനമേറ്റും പോരാടിയുമാണ് ഇവിടംവരെ എത്തിയത്, സംസ്ഥാന അധ്യക്ഷയാകാൻ എന്താണ് തനിക്ക് അയോഗ്യത' എന്ന മട്ടിൽ മാധ്യമങ്ങളോട് ശോഭാസുരേന്ദ്രൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ കെ. സുരേന്ദ്രനെ ലക്ഷ്യം വച്ചുതന്നെയാണെന്ന് ഏവർക്കുമറിയുകയും ചെയ്യാം. കുഴൽപ്പണമടക്കം ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ദേശീയ നേതൃത്വം തിരിച്ചറിയുകയും, ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും ശോഭാസുരേന്ദ്രൻ തുറന്നടിക്കുന്നതും ഔദ്യോഗിക നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്നതും വ്യക്തം.

കുഴൽപ്പണത്തിന്റെ അടിയൊഴുക്കുകൾ

കൊടകര കുഴൽപ്പണവിവാദങ്ങൾ സംബന്ധിച്ച് തിരൂർ സതീശിന്റെ വെളിപ്പെടുത്തലും, പോലീസിന്റെ അന്വേഷണ റിപ്പോർട്ടുമെല്ലാം, ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ ആണ് ബി.ജെ.പി നേതൃത്വം നടത്തുന്നതെന്ന പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന വിധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഓരോ തെരഞ്ഞെടുപ്പുവേളയിലും, ഔദ്യോഗികസംവിധാനങ്ങളെ വെല്ലുവിളിച്ച് കണക്കില്ലാത്തത്ര പണം നിയമവിരുദ്ധമാർഗ്ഗങ്ങളിലൂടെ ബി.ജെ.പി നേതൃത്വം കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നതും ഇതോടെ വ്യക്തമായിട്ടുമുണ്ട്.

കണക്കറ്റ പണം, ജനവിധികളെ അട്ടിമറിക്കുന്നതിനായി കേരളത്തിൽ ഒഴുക്കിയിട്ടുണ്ടെന്നും, ഇതിൽ വലിയ പങ്കും ചില നേതാക്കൾ ആസൂത്രിതമായി തട്ടിയെടുത്തിട്ടുണ്ടെന്നുമുള്ള ആരോപണം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴും അതിനെ പ്രതിരോധിക്കാൻ ഔദ്യോഗിക നേതൃത്വത്തിന് കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. 'കണക്കില്ലാത്തത്ര പണം, ചാക്കുകെട്ടുകളിലാക്കി കൊണ്ടുവന്നു. വിവിധ കേന്ദ്രങ്ങളിലെ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും വിതരണം ചെയ്യാനായി കൊണ്ടുപോയ ആ പണം, ചില നേതാക്കൾ ആസൂത്രിതമായി തട്ടിയെടുത്തു. വിതരണത്തിനായി പണം കൊണ്ടുപോയ വഴിയടക്കം ഒറ്റിക്കൊടുത്ത് ചില നേതാക്കൾ കൊള്ളയടിക്ക് കൂട്ടുനിൽക്കുകയും ആവിധത്തിൽ വിഹിതം കൈപ്പറ്റുകയും ചെയ്തു.' കൊടകര കുഴൽപ്പണത്തട്ടിപ്പിന്റെ അടിയൊഴുക്ക് ഈ വിധത്തിലാണ്. അതുകൊണ്ടുതന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ കൈകൾ ശുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാൻ നേതാക്കൾക്ക് നന്നായി കഷ്ടപ്പെടേണ്ടിവരും. ഇപ്പോൾ ബി.ജെ.പി നേതാക്കൾ ആവർത്തിച്ചുയർത്തുന്ന ന്യായീകരണവാദങ്ങൾ ഒന്നും പൊതുസമൂഹം മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

പോലീസ് കണ്ടെത്തിയ വസ്തുതകളെ പ്രതിരോധിക്കാൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതും ഇതിനോടൊപ്പം ചേർത്ത് കാണണം. കേരളത്തിലേക്ക് കുഴൽപ്പണമെത്തിച്ച ധർമ്മരാജന്റെ ഡ്രൈവർ ഷംജീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 2021 ഏപ്രിൽ 4 ന് പോലീസ് കേസ് എടുത്തത്. ദേശീയപാതയിൽ തൃശൂരിലെ കൊടകരയിൽ വെച്ചാണ്, കാറിലെത്തിയ അക്രമിസംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയും 25 ലക്ഷം രൂപ കവരുകയും ചെയ്തുവെന്നാണ് ഷംജീർ നൽകിയ മൊഴി. എന്നാൽ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങൾ പുറത്തുവന്നത്. ധർമ്മരാജന്റെ കാറിൽ രഹസ്യ അറകൾ ഉണ്ടെന്നും, മൂന്നരകോടി രൂപ അതിലുണ്ടായിരുന്നുവെന്നും, ഉന്നത ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തുകയും ചെയ്തു.

ഡി.ഐ.ജി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കിയ പോലീസ് സംഘം, കുഴൽപ്പണതട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ഇ.ഡിയുടെ കൊച്ചി സോണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഇ.ഡിയാകട്ടെ കാര്യമായ തുടർ അന്വേഷണങ്ങൾ നടത്തിയതുമില്ല. ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനായി ഉന്നതതല സമ്മർദ്ദങ്ങൾ മൂലമാണ് ഇ.ഡി. അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്തതെന്ന വിധത്തിൽ ഒട്ടേറെ ആരോപണങ്ങൾ അന്നുയർന്നിരുന്നു. ആദ്യഘട്ടത്തിൽ സജീവ അന്വേഷണം നടത്തിയ സംസ്ഥാന പോലീസ് സംഘവും പിന്നീട് ഈ വിഷയത്തിൽ നിന്ന് പിന്നോട്ട് പോകുന്ന കാഴ്ചകളാണുണ്ടായത്.

ഇപ്പോൾ ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ കുഴൽപ്പണക്കേസിന് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ബി.ജെ.പിക്കെതിരായ ആയുധമാക്കി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിലെ ചൂടേറിയ രാഷ്ട്രീയ ആയുധമായി 'കൊടകര' ഇതിനോടകം മാറിക്കഴിഞ്ഞിട്ടുമുണ്ട്. അതിലുമേറെ പ്രധാനം ബി.ജെ.പിയുടെ വിഭാഗീയ പോരാട്ടത്തിനുള്ള ഇന്ധനമായി കുഴൽപ്പണത്തട്ടിപ്പ് ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ്. സംഘടനാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ, ഔദ്യോഗിക നേതൃത്വത്തിനെതിരെ ഉയർന്ന ഈ വിധം ആരോപണങ്ങളെ ഏത് വിധത്തിൽ പ്രതിരോധിക്കുമെന്നത് തന്നെയാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റേയും കൂട്ടരുടേയും മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികളും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img