
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യക്കാരെയും ബാധിച്ചുതുടങ്ങി. രാജ്യത്ത് പാചകവാതക വിതരണത്തിൽ ഇതിനകം തന്നെ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവിലയും വർധിക്കുകയാണ്. രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വിലയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികളാണ് വിലവർധിപ്പിച്ചിരിക്കുന്നത്. 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, സാധാരണ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലെന്നതാണ് ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം.
വിലവർധനയുടെ കൃത്യമായ കാരണം കമ്പനികൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയാണ് പ്രധാന ഘടകമെന്നാണ് സൂചന. പ്രത്യേകിച്ച് ഇറാൻ - ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും ചരക്ക് ഗതാഗത ചെലവിലെ വർധനയും വില ഉയരാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ, ഹോർമുസ് കടലിടുക്കു വഴി എണ്ണക്കപ്പലുകളുടെ ഗതാഗതം ആശങ്കയിലായതും വിപണിയിലെ വിലചാഞ്ചാട്ടത്തിന് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ നിരക്കുകളിലും വർധന ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.











