
കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച വൈകിട്ട് 7.30ന് മരണം. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വീട്ടിലായിരുന്നു ലൈല റഷീദിന്റെ താമസം.
പ്രേംനസീറിന്റെ ജീവിതത്തിലെ ഓർമകൾ പുസ്തകത്തിലൂടെ പങ്കുവച്ച വ്യക്തിയായിരുന്നു ലൈല. പിതാവിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന ഓർമപുസ്തകവും അവർ രചിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ പ്രേംനസീറിന്റെ പ്രശസ്തമായ വീടായ ‘ലൈല കോട്ടേജ്’ എന്ന പേരും മൂത്ത മകളായ ലൈലയുടെ പേരിൽ നിന്നാണ്. 1956ലാണ് പ്രേംനസീർ ഈ വീട് നിർമിച്ചത്.
1950 ഓഗസ്റ്റ് 24ന് ചിറയിൻകീഴിലായിരുന്നു ലൈലയുടെ ജനനം. കൊടിക്കകം ഗവൺമെന്റ് എൽപി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പിഡബ്ല്യുഡി) ആണ് ഭർത്താവ്. സജിത് ഖാൻ (ആർക്കിടെക്ട്, ഓസ്ട്രേലിയ), സോജ (കോയമ്പത്തൂർ) എന്നിവർ മക്കളാണ്. വി. നൗഷാദ് (മാനേജിങ് ഡയറക്ടർ, വാക്കറൂ), നസ്രീൻ (ഓസ്ട്രേലിയ) എന്നിവരാണ് മരുമക്കൾ.
കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിലാണ് കബറടക്കം.
റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ ഷാനവാസ് എന്നിവരാണ് സഹോദരങ്ങൾ.










