
മുംബൈ: കോൺഗ്രസ് കേരള ഘടകം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. തന്റെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. പ്രീതി സിന്റ ബിജെപിക്ക് തന്റെ സമൂഹമാധ്യമ അക്കൗണ്ട് നൽകിയെന്നും അതിന് പിന്നാലെ അവരുടെ 18 കോടി രൂപ എഴുതിത്തള്ളിയെന്നുമായിരുന്നു കോൺഗ്രസ് കേരള ഘടകത്തിന്റെ ആരോപണം. എന്നാൽ, തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം താൻ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
നടി തന്റെ സമൂഹമാധ്യമ അക്കൗണ്ട് ബിജെപിക്ക് വിറ്റെന്നും അതിനാൽ അവർ ന്യൂ ഇന്ത്യ കോർപറേറ്റീവ് ബാങ്കിൽ നിന്നെടുത്ത വായ്പ എഴുതിത്തള്ളിയെന്നുമാണ് കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിൽ ഉയർന്ന ആരോപണം. പ്രചരിക്കുന്നത് ‘വെറും ഗോസിപ്പുകൾ’ ആണെന്നായിരുന്നു താരം പ്രതികരിച്ചത്. വായ്പയെല്ലാം പത്തു വർഷം മുൻപ് തിരിച്ചടച്ചെന്നും അവർ പറഞ്ഞു.
‘എന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിങ്ങൾക്ക് നാണമില്ലേ. എന്റെ ഒരു വായ്പയും ആരും എഴുതിതള്ളിയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുയായികൾ ഇത്തരം വ്യാജ വാർത്തകർ പ്രചരിപ്പിക്കുന്നതും ഗോസിപ്പുകളിൽ ഏർപ്പെടുന്നതും എന്നെ ശരിക്കും ഞെട്ടിച്ചു. ഞാൻ എടുത്ത വായ്പ പത്തു വർഷം മുൻപ് തിരിച്ചടച്ചിരുന്നു. ഇനി ഇതിന്മേൽ ഭാവിയിലും ഒരു തെറ്റിധാരണ ഉണ്ടാകില്ല എന്ന് കരുതുന്നു’– പ്രീതി സിന്റ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രീതി സിന്റയുടെ പോസ്റ്റ് കോൺഗ്രസിന്റെ കേരള ഘടകവും പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയാറാണെന്നും കോൺഗ്രസ് കേരളഘടകം എക്സിൽ കുറിച്ചു.











