
കോട്ടയം: ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ പണം നൽകി കൈമാറുന്ന സംഘത്തെക്കുറിച്ചുള്ള ഗുരുതര പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസം സ്വദേശിയായ 22-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്.
ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിയിൽ പറയുന്നു. ഗർഭഛിദ്രത്തിന് ഭർത്താവും കുടുംബവും സമ്മർദം ചെലുത്തിയതോടെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവന്നു. കുഞ്ഞിനെ ദത്തുനൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് പിന്നീട് തിരിച്ചുവരാമെന്ന് പറഞ്ഞ് വീട്ടുകാർ യുവതിയെ പുറത്താക്കിയെന്നാണ് ആരോപണം.
തുടർന്ന് ഒരു സന്നദ്ധസംഘടനയുടെ കേന്ദ്രത്തിൽ താമസിച്ചിരുന്ന യുവതി, ദത്തെടുക്കൽ സംബന്ധിച്ച എൻജിഒകളെ ഇൻസ്റ്റഗ്രാമിലൂടെ അന്വേഷിക്കുമ്പോഴാണ് 'അർഷിവ് കെയർ' എന്ന അക്കൗണ്ടിലൂടെ കാർത്തിക് എന്നയാൾ ബന്ധപ്പെടുന്നത്. മെഡിക്കൽ രേഖകളും സ്കാനിങ് റിപ്പോർട്ടുകളും പരിശോധിച്ച ശേഷം കോട്ടയത്തേക്ക് എത്താൻ 2,000 രൂപയും ട്രെയിൻ ടിക്കറ്റും നൽകിയെന്നും യുവതി പറയുന്നു.
പാലായ്ക്ക് സമീപം തീക്കോയിയിലെ റബർതോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം ഒരുക്കിയത്. അവിടെ ഒഡീഷ സ്വദേശികളായ രണ്ട് ഗർഭിണികൾ കൂടി ഉണ്ടായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. സ്കാനിങ് പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ഒരാളെ തിരിച്ചയച്ചതായും, മറ്റൊരാൾ പ്രസവിച്ച ശേഷം കുഞ്ഞിനെ കൈമാറി പണം വാങ്ങി മടങ്ങിയതായും യുവതി ആരോപിക്കുന്നു.
പ്രസവത്തിന് ശേഷം കുഞ്ഞിനെ കൈമാറുന്നതിന് മൂന്ന് ലക്ഷം രൂപ നൽകുമെന്നും പ്രസവച്ചെലവ് മുഴുവൻ സംഘം വഹിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തുന്നു. എന്നാൽ, കുഞ്ഞിനെ ലഭിച്ചാൽ തന്നെയും പിന്നീട് വിൽക്കുമെന്ന തരത്തിലുള്ള സംഭാഷണം കേട്ടതോടെ പ്രതിഷേധിച്ചതായും, തുടർന്ന് ഫോൺ ഉൾപ്പെടെയുള്ള രേഖകൾ തിരികെ വാങ്ങി നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ ക്രൂരമായി മർദിച്ച് പുറത്താക്കിയതായും പരാതിയിൽ പറയുന്നു.
അവിടെനിന്ന് രക്ഷപ്പെട്ട യുവതി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കാർത്തിക്, അനിത, അർജുൻ, ഹർഷിത എന്നിവരടക്കം തിരിച്ചറിയാവുന്ന എട്ട് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നൽകിയിട്ടുണ്ട്. മനുഷ്യക്കടത്തും അനധികൃത ശിശുവിൽപ്പനയും ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.








