06:37pm 26 July 2026
NEWS
എട്ടുമാസം ഗർഭിണിയെ കൊലപ്പെടുത്തി; ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി
26/07/2026  04:26 PM IST
nila
എട്ടുമാസം ഗർഭിണിയെ കൊലപ്പെടുത്തി; ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

ബൊഗോട്ട: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. കൊളംബിയയിലാണ് സംഭവം. 21-കാരി മരിയ കമീല പൊട്ടോസിയാണ് കൊല്ലപ്പെട്ടത്. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ മരിയയുടെ മൃതദേഹം വീട്ടിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജൂലൈ 16-ന് ഒരു ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് മരിയയെ അവസാനമായി കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി പുതപ്പുകളിൽ പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് കാലി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

നാലിലധികം പേർ ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 62,000 യുഎസ് ഡോളർ (ഏകദേശം 89 ലക്ഷം രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

'അലാഹിയ'യെ കണ്ടെത്തുക പ്രധാന ദൗത്യം

ജനിക്കാനിരുന്ന കുഞ്ഞിന് 'അലാഹിയ' എന്ന് പേരിടാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. കുഞ്ഞിനെ ജീവനോടെ കണ്ടെത്തുക തന്നെയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കാലി മേയർ അലഹാൻഡ്രോ എഡർ അറിയിച്ചു. മരിയയുടെ അമ്മ ആൽബ ഗോമസും കൊച്ചുമകളെ സുരക്ഷിതമായി തിരികെ ലഭിക്കണമെന്ന് വികാരഭരിതമായി അഭ്യർഥിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മരിയയെ കൂട്ടിക്കൊണ്ടുപോയതായി കരുതുന്ന മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

സംഭവദിവസം കാമുകന്റെ വീട്ടിലായിരുന്ന മരിയയെ ഒരു സ്ത്രീ വിളിച്ച് കുഞ്ഞിനുള്ള സമ്മാനങ്ങൾ വാങ്ങാൻ പോകാമെന്ന് പറഞ്ഞാണ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് കുടുംബം വെളിപ്പെടുത്തി. ഗർഭിണികൾക്കായുള്ള ഒരു കമ്മ്യൂണിറ്റി സെന്ററിലൂടെയാണ് മരിയ ആ സ്ത്രീയെ പരിചയപ്പെട്ടിരുന്നത്. അതേദിവസം തന്നെ ഗർഭകാല പരിശോധനയ്ക്കായി ഡോക്ടറെ കാണാൻ സമയവും നിശ്ചയിച്ചിരുന്നതായി സഹോദരി ജൂലിയാന മെനെസസ് പറഞ്ഞു. മരിയയെ കൂട്ടിക്കൊണ്ടുപോകാൻ കാമുകൻ എത്തിയപ്പോഴാണ് യുവതിയെ കാണാതായ വിവരം മനസ്സിലായത്. ആദ്യം മറ്റെവിടെയെങ്കിലും പോയിരിക്കാമെന്ന് കരുതിയെങ്കിലും, പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ കുടുംബം ദുരന്തവാർത്ത അറിഞ്ഞു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, കുഞ്ഞിനെ കണ്ടെത്തുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമായി വ്യാപക അന്വേഷണം പുരോഗമിക്കുകയാണെന്നും കാലി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img