05:45pm 27 August 2026
NEWS
താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗർഭിണി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം
21/02/2026  05:05 PM IST
nila
താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗർഭിണി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

പാലക്കാട്: പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29)യാണ് വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്നു നൗഷിജ.

ഫെബ്രുവരി 16ന് പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയ നൗഷിജയ്ക്ക്, 20ന് രാവിലെ 10.30ഓടെ അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ കഴിയുന്നതിനിടെ ആവശ്യമായ പരിചരണവും സമയബന്ധിതമായ ചികിത്സയും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അഡ്മിറ്റാക്കിയ ശേഷം ദിവസങ്ങളോളം പ്രസവ നടപടികൾ സ്വീകരിച്ചെങ്കിലും ഗർഭപാത്രം വികസിച്ചില്ലെന്നും, വ്യാഴാഴ്ചയോടെ ശക്തമായ വേദനയും രക്തസ്രാവവും ഉണ്ടായിട്ടും ‘നോക്കാം’ എന്ന മറുപടിയായിരുന്നു ഡോക്ടർമാരിൽ നിന്നുണ്ടായതെന്നും അവർ പറയുന്നു.

20ന് പുലർച്ചെ അമിത ക്ഷീണവും വേദനയും ഉണ്ടായപ്പോൾ രാവിലെ ഡോക്ടർ എത്തുന്നതുവരെ കാത്തിരിക്കണമെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് യുവതി കുഴഞ്ഞുവീണതെന്നും ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും ബന്ധുക്കൾ പറയുന്നു.

ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുമ്പേ മരണം സംഭവിച്ചതായി സ്വകാര്യ ആശുപത്രി റിപ്പോർട്ട് നൽകിയിട്ടുണ്ട്. മരണശേഷം ചികിത്സാ രേഖകൾ പോലീസിന് കൈമാറുന്നതിൽ മനഃപൂർവമായ താമസം ഉണ്ടായെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.

സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തതപ്പെടുത്തുന്നതിനായി തൃശ്ശൂർ മെഡിക്കൽ കോളേജ്യിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണമെന്നതിലും ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതിലും വ്യക്തത വരുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img