
ഫരീദാബാദ്: ജോലിക്ക് സ്ഥിരമായി പോകണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആറുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതായി പൊലീസ്. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിച്ചിരുന്ന നേഹാ കുമാരി (26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമിത് ഗുപ്ത ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് വാടകവീട്ടിലെ കുളിമുറിയിൽ നേഹാ കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഏപ്രിലിലായിരുന്നു നേഹയുടെയും അമിത് ഗുപ്തയുടെയും വിവാഹം. തുടർന്ന് ഇരുവരും ഫരീദാബാദിലെ വാടകവീട്ടിലേക്കു താമസം മാറുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അമിത് ഗുപ്ത പതിവായി ജോലിക്ക് ഹാജരാകാറില്ലായിരുന്നുവെന്നും ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ബുധനാഴ്ചയും ജോലിക്ക് പോകണമെന്ന് നേഹ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ അമിത് ആദ്യം ഭാര്യയെ മർദിക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പിന്നീട് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സംഭവശേഷം ഒരു ബന്ധുവിനെ ഫോണിൽ വിളിച്ച് നടന്ന കാര്യങ്ങൾ അമിത് അറിയിച്ചുവെന്നാണ് വിവരം. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ വീട്ടിൽ നിന്ന് കടന്നുകളഞ്ഞു.
നേഹയെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാടകവീട്ടിലെത്തി. പരിശോധനയിലാണ് യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.










