
ദോഹ: സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രവാസികളും സ്വദേശികളുമായ എല്ലാവരിലും ഹൃദയാരോഗ്യ അവബോധം ശക്തമാക്കാൻ ആഹ്വാനവുമായി ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങൾ. ഹൃദ്രോഗ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാനും കൃത്യമായ സമയത്ത് പ്രതിരോധിക്കാനും ലക്ഷ്യമിട്ട് "ഡോണ്ട് മിസ് എ ബീറ്റ്" (Don't Miss a Beat) എന്ന ആഗോള സന്ദേശത്തോടെയാണ് ഈ വർഷത്തെ ബോധവൽക്കരണം നടക്കുന്നത്.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രാഥമിക ഘട്ട ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC), സിദ്ര മെഡിസിൻ തുടങ്ങിയ മുൻനിര ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
കുഞ്ഞുങ്ങളിലെയും മുതിർന്നവരിലെയും സങ്കീർണ്ണമായ ഹൃദ്രോഗങ്ങൾ തിരിച്ചറിയുന്നതിനും ശസ്ത്രക്രിയ അടക്കമുള്ള മികച്ച ചികിത്സാ പരിചരണം വേഗത്തിൽ ലഭ്യമാക്കുന്നതിനും രാജ്യത്തെ മെഡിക്കൽ രംഗം വലിയ പുരോഗതി നേടിയിട്ടുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി.










